Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Romans 16 >> 

1നമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ

2നിങ്ങൾ വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ട്, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു. അവൾ പലർക്കും വിശേഷാൽ എനിക്കും സഹായം ആയിത്തീർന്നിട്ടുണ്ട്.

3ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‌വിൻ.

4അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ സ്വന്ത ജീവൻ വെച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.

5അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‌വിൻ; ആസ്യയിൽ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിൻ.

6നിങ്ങൾക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്തവളായ മറിയെക്കു വന്ദനം ചൊല്ലുവിൻ.

7എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പ്രധാനപ്പെട്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.

8കർത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിനു വന്ദനം ചൊല്ലുവിൻ.

9ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിന്നും എനിക്കു പ്രിയനായ സ്താക്കുവിന്നും വന്ദനം ചൊല്ലുവിൻ.

10ക്രിസ്തുവിൽ അംഗീകരിക്കപ്പെട്ടവനായ അപ്പെലേസിനു വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ.

11എന്റെ ചാർച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിലുള്ളവർക്കു വന്ദനം ചൊല്ലുവിൻ.

12കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസിന്നു വന്ദനം ചൊല്ലുവിൻ.

13കർത്താവിൽ തിരഞ്ഞെടുക്കപ്പെട്ട രൂഫൊസിനെയും, എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്യുവിൻ.

14അസുംക്രിതൊസിന്നും പ്ലെഗോന്നും ഹെർമ്മോസിന്നും പത്രൊബാസിന്നും ഹെർമ്മാസിന്നും അവരുടെ കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.

15ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.

16വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‌വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.

17സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നുമപ്പുറമായി വിഭാഗീയതകളും ഇടർച്ചകളും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരിൽനിന്ന് അകന്നു മാറുവിൻ.

18അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല, തങ്ങളുടെ തന്നെ വയറിനെയത്രേ സേവിക്കുന്നത്. ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു അവർ നിഷ്കളങ്കരുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളയുന്നു.

19നിങ്ങളുടെ മാതൃകയുള്ള അനുസരണം എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ട് ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മെക്കു ജ്ഞാനികളും തിന്മെക്കു നിഷ്കളങ്കരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു.

20സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

21എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാർച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.

22ഈ ലേഖനം എഴുതിയെടുത്ത തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.

23എനിക്കും സർവ്വസഭെക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസുംകൂടെ നിങ്ങളെ വന്ദനം ചെയ്യുന്നു.

24വളരെ കാലങ്ങളായി രഹസ്യമായി സൂക്ഷിച്ചതും, നിത്യദൈവത്തിന്റെ കല്പനപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിനായി പ്രവാചകന്മാരുടെ എഴുത്തുകളാൽ

25വെളിപ്പെടുത്തിയിരിക്കുന്നതുമായ മർമ്മത്തിന്റെ വെളിപ്പാടിന്നു അനുസരിച്ചുള്ള എന്റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന

26ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.


  Share Facebook  |  Share Twitter

 <<  Romans 16 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran