Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  1 Corinthians 1 >> 

1ദൈവഹിതപ്രകാരം യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും, കൊരിന്തിലുള്ള ദൈവസഭയ്ക്കു,

2ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും, എല്ലായിടത്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംകൂടെ വിളിക്കപ്പെട്ട, വിശുദ്ധന്മാരുമായവർക്ക് തന്നേ, എഴുതുന്നത്;

3നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

4ക്രിസ്തുയേശു നിങ്ങൾക്ക് നൽകിയ ദൈവകൃപനിമിത്തം ഞാൻ നിങ്ങൾക്ക് വേണ്ടി എന്റെ ദൈവത്തിന് എപ്പോഴും സ്തോത്രം ചെയ്യുന്നു.

5ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ

6സകല വചനത്തിലും, സകല പരിജ്ഞാനത്തിലും നിങ്ങൾ സമ്പന്നരായിത്തീർന്നു.

7ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി കാത്തിരിക്കുന്നു.

8നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.

9തന്റെ പുത്രനും നമ്മുടെ കർത്താവും ആയ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്ക് നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.

10സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്ന് തന്നേ സംസാരിക്കയും, നിങ്ങളുടെ ഇടയിൽ ഭിന്നതയില്ലാതെ, ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്ന് ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.

11സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ പിണക്കം ഉണ്ടെന്ന് ക്ലോവയുടെ ആളുകൾ എനിക്ക് അറിവ് നൽകിയിരിക്കുന്നു.

12നിങ്ങളിൽ ഓരോരുത്തരും: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നു എന്ന് ഞാൻ അറിഞ്ഞു.

13ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൗലൊസ് നിങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൗലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?

14എന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്ന് ആരും പറയാതിരിക്കാനായി

15ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിച്ചില്ല. അതിന് ഞാൻ ദൈവത്തിന് സ്തോത്രം ചെയ്യുന്നു.

16സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റ് ആരെയെങ്കിലും സ്നാനം കഴിപ്പിച്ചുവോ എന്ന് ഞാൻ ഓർക്കുന്നില്ല.

17സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചത്; എന്നാൽ ക്രിസ്തുവിന്റെ ക്രൂശിന്റെ മാഹാത്മ്യത്തിന് കുറവ് വരാതിരിക്കേണ്ടതിന് വാക്ചാതുര്യത്തോടെ അല്ലതാനും.

18ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.

19“ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി പരാജയപ്പെടുത്തുകയും ചെയ്യും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.

20ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ പണ്ഡിതൻ എവിടെ? ഈ ലോകത്തിന്റെ ജ്ഞാനം ഭോഷത്തം ആണെന്ന് ദൈവം വ്യക്തമാക്കി.

21ലോകം അതിന്റെ ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ട്, ഞങ്ങളുടെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ വിശ്വസിക്കുന്നവരെ രക്ഷിപ്പാൻ ദൈവത്തിന് പ്രസാദം തോന്നി.

22യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;

23ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്ക് ഇടർച്ചയും,

24മറ്റു ജനതകൾക്ക് ഭോഷത്വവുമെങ്കിലും, യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ ഞങ്ങൾ പ്രസംഗിക്കുന്നു.

25ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.

26സഹോദരീസഹോദരന്മാരേ, നിങ്ങളുടെ മേലുള്ള ദൈവത്തിന്റെ വിളിയെ നോക്കുവിൻ: മാനുഷികാഭിപ്രായപ്രകാരം നിങ്ങളിൽ ജ്ഞാനികൾ ഏറെയില്ല; നിങ്ങളിൽ ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.

27എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായത് തിരഞ്ഞെടുത്തു.

28ദൈവം ലോകത്തിൽ വിലയുള്ളതിനെ ഒന്നുമല്ലാതാക്കുവാൻ നികൃഷ്ടവും നിസ്സാരവുമായതിനെ തിരഞ്ഞെടുത്തു;

29അതെ, എല്ലാമായതിനെ ഒന്നുമില്ലാതാക്കുവാൻ തന്നെ. അവന്റെ സന്നിധിയിൽ ആരും പ്രശംസിക്കരുത്.

30ദൈവത്തിന്റെ ഈ പ്രവൃത്തിമൂലം നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്ക് ദൈവത്തിങ്കൽ നിന്ന് ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.

31“പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ” എന്ന് തിരുവചനത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നേ.


  Share Facebook  |  Share Twitter

 <<  1 Corinthians 1 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran