Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Matthew 8 >> 

1യേശു മലയിൽനിന്നു ഇറങ്ങിവന്നപ്പോൾ വളരെ പുരുഷാരം അവനെ പിന്തുടർന്നു.

2അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു, കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു.

3യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധനായി.

4യേശു അവനോടു: നോക്കു, ഇത് നീ ആരോടും പറയരുതു; എന്നാൽ പുരോഹിതന്മാർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ അവർക്കു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു.

5യേശു കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു:

6കർത്താവേ, എന്റെ വേലക്കാരൻ തളർവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.

7യേശു അവനോടു: ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.

8അതിനു ശതാധിപൻ: കർത്താവേ, നീ എന്റെ വീട്ടിനകത്ത് വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ വേലക്കാരന്നു സൌഖ്യം വരും.

9ഞാനും അധികാരത്തിൻകീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഞാൻ ഒരുവനോടു: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.

10അതു കേട്ടിട്ടു യേശു അതിശയിച്ചു, തന്നെ അനുഗമിക്കുന്നവരോടു പറഞ്ഞതു: യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസമുള്ള ഒരുവനെ കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

11കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിയിലിരിക്കും.

12രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

13പിന്നെ യേശു ശതാധിപനോടു: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ സമയം തന്നേ അവന്റെ വേലക്കാരന്നു സൌഖ്യം വന്നു.

14യേശു പത്രോസിന്റെ വീട്ടിൽ വന്നപ്പോൾ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.

15അവൻ അവളുടെ കൈയ്യിൽ തൊട്ടു പനി അവളെ വിട്ടുമാറി; അവൾ എഴുന്നേറ്റു അവർക്കു ശുശ്രൂഷ ചെയ്തു.

16വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൌഖ്യം വരുത്തി.

17അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു ഇപ്രകാരം നിവൃത്തിയാകുവാൻ ഇടയായി.

18എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടപ്പോൾ ഗലീലാകടലിന്റെ അക്കരയ്ക്കു പോകുവാൻ കല്പിച്ചു.

19അപ്പോൾ ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കും എന്നു പറഞ്ഞു.

20യേശു അവനോടു: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രനോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.

21ശിഷ്യന്മാരിൽ മറ്റൊരുവൻ അവനോടു: കർത്താവേ, ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം എന്നുപറഞ്ഞു.

22യേശു അവനോടു: “നീ എന്നെ അനുഗമിക്ക, മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യുവാനായി അവരെ വിട്ടയക്ക” എന്നു പറഞ്ഞു.

23പിന്നെ യേശു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ അവനോടു കൂടെ ചെന്നു.

24അപ്പോൾ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മുങ്ങുമാറായി; യേശുവോ ഉറങ്ങുകയായിരുന്നു.

25അവർ അടുത്തുചെന്നു: കർത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ ഇപ്പോൾ തന്നെ മരിച്ചുപോകും എന്നു പറഞ്ഞു അവനെ ഉണർത്തി.

26യേശു അവരോടു: അല്പവിശ്വാസികളേ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചു വലിയ ശാന്തതയുണ്ടായി.

27അപ്പോൾ ആ മനുഷ്യർ ആശ്ചര്യപ്പെട്ടിട്ട്: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

28അവൻ അക്കരെ ഗദരേന്യരുടെ ദേശത്തു എത്തിയപ്പോൾ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവർ അക്രമാസക്തർ ആയിരുന്നതുകൊണ്ടു ആർക്കും ആ വഴി നടക്കുവാൻ കഴിഞ്ഞിരുന്നില്ല.

29അവർ അവനോട് നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്ക് നിനക്കുമായിട്ട് എന്തു കാര്യം? നിശ്ചയിച്ച സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു നിലവിളിച്ച് പറഞ്ഞു.

30അവിടെ അല്പം ദൂരത്തായി ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

31ഭൂതങ്ങൾ അവനോടു: നീ ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്കു അയയ്ക്കേണം എന്നു അപേക്ഷിച്ചു.

32പൊയ്ക്കൊൾവിൻ എന്നു അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കുത്തനെയുള്ള മലയിറങ്ങി കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു.

33മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു ഭൂതഗ്രസ്തർക്ക് സംഭവിച്ചത് ഒക്കെയും അറിയിച്ചു.

34ഉടനെ പട്ടണത്തിലുള്ളവരെല്ലം പുറപ്പെട്ടു യേശുവിനെ കാണുവാൻ ചെന്നു; അവനെ കണ്ടപ്പോൾ തങ്ങളുടെ പ്രദേശം വിട്ടു പോകേണമെന്നു അപേക്ഷിച്ചു.


  Share Facebook  |  Share Twitter

 <<  Matthew 8 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran