Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Matthew 7 >> 

1നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.

2നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.

3എന്നാൽ സ്വന്തകണ്ണിൽ തടികഷണം ഇരിക്കുന്നതു നോക്കാതെ സഹോദരന്റെ കണ്ണിലെ ചെറിയ വൈക്കൊൽ കരടു നോക്കുന്നതു എന്തു?

4അല്ല, സ്വന്ത കണ്ണിൽ തടികഷണം ഇരിക്കെ നീ സഹോദരനോടു: നിന്റെ കണ്ണിൽ നിന്നു വൈക്കോൽ കരടു എടുത്തുകളയട്ടെ എന്നു പറയുന്നതു എങ്ങനെ?

5കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിൽനിന്നു തടികഷണം എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വ്യക്തമായി കാണും.

6വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരും.

7യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കായി തുറക്കും.

8യാചിക്കുന്ന ഏവർക്കും ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടും.

9മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ?

10മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ?

11അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!

12മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.

13ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.

14ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.

15കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം ധരിച്ചു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.

16അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും ആരെങ്കിലുംപറിക്കാറുണ്ടോ?

17അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു.

18നല്ല വൃക്ഷത്തിന്നു ചീത്ത ഫലവും ചീത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പാൻ കഴിയില്ല.

19നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.

20ആകയാൽ അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും.

21എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, പ്രത്യുതാ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്.

22കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.

23അന്നു ഞാൻ പരസ്യമായി അവരോടു പ്രഖ്യാപിക്കും: “ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിരുന്നില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ.”

24ആകയാൽ എന്റെ ഈ വചനങ്ങളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.

25വന്മഴ ചൊരിഞ്ഞു, നദികൾ പൊങ്ങി, കാറ്റു അടിച്ചു, ആ വീട്ടിന്മേൽ അടിച്ചു; എന്നാൽ അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.

26എന്റെ ഈ വചനങ്ങളെ കേൾക്കുകയും എന്നാൽ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവരൊക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.

27വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അടിച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.

28ഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;

29അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.


  Share Facebook  |  Share Twitter

 <<  Matthew 7 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran