Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Matthew 24 >> 

1യേശു ദൈവാലയം വിട്ടു പുറത്തു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണികൾ കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു.

2അവൻ അവരോടു മറുപടി പറഞ്ഞത്: ഇതെല്ലാം നിങ്ങൾ കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

3അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: ഇവയെല്ലാം എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.

4അതിനു യേശു ഉത്തരം പറഞ്ഞതു: ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

5ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.

6നിങ്ങൾ യുദ്ധങ്ങളെയും യുദ്ധവിവരങ്ങളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല;

7ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.

8എങ്കിലും ഇതു ഒക്കെയും പ്രസവ വേദനയുടെ ആരംഭമത്രേ.

9അന്ന് അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെയ്ക്കും.

10പലരും ഇടറുകയും അന്യോന്യം തള്ളിപ്പറകയും അന്യോന്യം വെറുക്കുകയും ചെയ്യും

11കള്ളപ്രവാചകന്മാർ പലരും എഴുന്നേറ്റ് അനേകരെ തെറ്റിക്കും.

12അതിക്രമം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.

13എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ, ആരോ അവൻ രക്ഷിക്കപ്പെടും.

14രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.

15അതുകൊണ്ട് ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ചത വിശുദ്ധസ്ഥലത്ത് നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ -

16അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.

17വീടിന്മുകളിൽ ഇരിക്കുന്നവൻ വീടിനുള്ളിലുള്ളത് ഒന്നും തന്നെ എടുക്കേണ്ടതിന്നു ഇറങ്ങരുതു;

18വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു.

19ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!

20എന്നാൽ നിങ്ങളുടെ ഓടിപ്പോക്ക് ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ.

21ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ പീഡനം അന്ന് ഉണ്ടാകും.

22ആ നാളുകളുടെ എണ്ണം കുറയാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; തിരഞ്ഞെടുക്കപ്പെട്ടവർ നിമിത്തമോ ആ നാളുകളുടെ എണ്ണം കുറയും.

23അന്ന് ആരെങ്കിലും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്.

24കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും വന്ന് കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.

25ജാഗ്രതയായിരിപ്പീൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.

26ആകയാൽ നിങ്ങളോടു: അതാ, ക്രിസ്തു മരുഭൂമിയിൽ എന്നു പറഞ്ഞാൽ മരുഭൂമിയിലേയ്ക്ക് പുറപ്പെടരുത്; ഇതാ, അവൻ അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.

27മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം തിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരവ് ആകും.

28എവിടെയൊക്കെ മൃഗങ്ങളുടെ ശവങ്ങൾ ഉണ്ടോ അവിടെ കഴുകന്മാർ കൂടും.

29ആ കാലത്തിലെ വലിയ പീഡനം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ അതിന്റെ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകും.

30അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു പ്രകടമാകും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും മാറത്തടിച്ചും കൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ ശക്തിയോടും മഹാതേജസ്സോടും കൂടെ വരുന്നതു കാണും.

31അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയയ്ക്കും; അവർ അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ആകാശത്തിന്റെ ഒരു അറ്റം മുതൽ മറ്റെ അറ്റംവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.

32അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

33അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ പ്രവേശന കവാടത്തിൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.

34ഇവയൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

35ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒരുനാളും ഒഴിഞ്ഞുപോകയില്ല.

36ആ ദിവസമോ സമയമോ സംബന്ധിച്ച് എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.

37നോഹയുടെ കാലംപോലെ തന്നേ ആയിരിക്കും മനുഷ്യപുത്രന്റെ വരവിലും.

38ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;

39ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ ഒന്നും അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെതന്നെ ആകും.

40അന്നു രണ്ടുപേർ വയലിൽ ആയിരിക്കും; ഒരുവനെ കൈകൊള്ളും, മറ്റവനെ തള്ളികളയും.

41രണ്ടുസ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുവളെ കൈക്കൊള്ളും, മറ്റവളെ തള്ളിക്കളയും.

42അതുകൊണ്ട് നിങ്ങളെ തന്നെ സൂക്ഷിപ്പീൻ, കാരണം നിങ്ങളുടെ കർത്താവു ഏതു ദിവസം വരും എന്നു നിങ്ങൾ അറിയുന്നില്ലല്ലോ

43കള്ളൻ വരുന്നസമയം എപ്പോൾ എന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു മുറിച്ചു കടക്കാതിരിപ്പാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.

44അങ്ങനെ നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.

45എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?

46യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.

47അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

48എന്നാൽ അവൻ ഒരു ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,

49കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ

50ആ ദാസൻ പ്രതീക്ഷിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു

51അവനെ ദണ്ഡിപ്പിച്ച് അവന്റെ അവസാനം കപടഭക്തിക്കാരുടേതുപോലെ ആക്കും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.


  Share Facebook  |  Share Twitter

 <<  Matthew 24 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran