Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Matthew 25 >> 

1സ്വർഗ്ഗരാജ്യം വിളക്കു എടുത്തുകൊണ്ടു മണവാളനെ എതിരേല്പാൻ പുറപ്പെട്ട പത്തു കന്യകമാരോടു തുല്യം ആയിരിക്കും.

2അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു.

3ബുദ്ധിയില്ലാത്ത കന്യകമാർ വിളക്ക് എടുത്തപ്പോൾ എണ്ണയും എടുത്തില്ല.

4ബുദ്ധിയുള്ള കന്യകമാരോ വിളക്കിനോടൊപ്പം എണ്ണയുള്ള പാത്രങ്ങളും എടുത്തു.

5അപ്പോൾ മണവാളൻ വരുവാൻ താമസിക്കുന്നതുകൊണ്ട് എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.

6അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.

7അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു.

8എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരേണം എന്നു പറഞ്ഞു.

9ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും തികയാതെ വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.

10ബുദ്ധിയില്ലാത്ത കന്യകമാർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യയ്ക്ക് ചെന്നു; വാതിൽ അടയ്ക്കുകയും ചെയ്തു.

11അതിന്റെ ശേഷം ബുദ്ധിയില്ലാത്ത കന്യകമാരും വന്നു: യജമാനനെ, യജമാനനെ ഞങ്ങൾക്കു വേണ്ടി വാതിൽ തുറക്കേണമേ എന്നു പറഞ്ഞു.

12അതിന് അവൻ മറുപടിയായ്: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

13ആകയാൽ നാളും സമയവും നിങ്ങൾ അറിയായ്കകൊണ്ടു ജാഗ്രത ഉള്ളവരായിരിപ്പീൻ.

14ഒരു മനുഷ്യൻ വിദേശത്തു പോകുമ്പോൾ തന്റെ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഭരമേല്പിച്ചു.

15അവരിൽ ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തനു അവനവന്റെ പ്രാപ്തിപോലെ കൊടുത്തതിനു ശേഷം യാത്രപുറപ്പെട്ടു.

16അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു കൂടെ സമ്പാദിച്ചു.

17അങ്ങനെതന്നെ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു കൂടെ നേടി.

18ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ പണം മറെച്ചുവെച്ചു.

19വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു.

20അഞ്ചു താലന്തു ലഭിച്ചവൻ അടുക്കൽ വന്നു വേറെ അഞ്ചു താലന്തു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.

21അവന്റെ യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ പോലും വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അനേക കാര്യങ്ങൾക്കു വിചാരകനാക്കും; നിന്റെ യജമാനന്റെ ആനന്ദത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.

22രണ്ടു താലന്തു ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.

23അതിനു യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽവിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധിക കാര്യങ്ങൾക്കു വിചാരകനാക്കും; നിന്റെ യജമാനന്റെ ആനന്ദത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.

24പിന്നീട് ഒരു താലന്തു ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, നീ വിതെക്കാറത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കർശനക്കരനായ മനുഷ്യൻ എന്നു ഞാൻ അറിഞ്ഞു

25ഞാൻ ഭയപ്പെട്ട് നീ എനിക്കു തന്ന താലന്തു നിലത്തു മറെച്ചുവെച്ചു; ഇതാ, നിനക്ക് അവകാശപ്പെട്ടത് എടുത്തുകൊൾക എന്നു പറഞ്ഞു.

26അതിനു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.

27നീ എന്റെ പണം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റെ പണം പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.

28ആകയാൽ ആ താലന്തു അവന്റെ പക്കൽനിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിൻ.

29അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.

30എന്നാൽ ഈ പ്രയോജനമില്ലാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു എറിഞ്ഞുകളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

31മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല ദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.

32സകല ജാതികളേയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഓരോരുത്തരായി ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിക്കും,

33ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.

34രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.

35എനിക്കു വിശന്നു, നിങ്ങൾ ഭക്ഷണം തന്നു; എനിക്കു ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അപരിചിതനായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;

36ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ സംരക്ഷിച്ചു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.

37അതിനു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷണം തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?

38ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു?

39നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.

40രാജാവു അവരോട്: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.

41പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.

42എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.

43അപരിചിതനായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ധരിപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.

44അതിന് അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അപരിചിതനോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:

45ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറയും.

46ഇവർ നിത്യശിക്ഷാവിധിയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പോകും.


  Share Facebook  |  Share Twitter

 <<  Matthew 25 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran