Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  2 Corinthians 1 >> 

1ദൈവഹിതത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പൗലൊസും, നമ്മുടെ സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭയ്ക്കും അഖായയിൽ എല്ലായിടങ്ങളിലുമുള്ളതായ സകലവിശുദ്ധന്മാർക്കും എഴുതുന്നത്:

2നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

3കരുണകളുടെ പിതാവും ആശ്വാസത്തിന്റെ ദൈവവുമായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

4നമ്മുടെ കർത്താവായ ദൈവം നമ്മെ ആശ്വസിപ്പിച്ചിരിക്കുന്ന ആശ്വാസത്താൽ ഏതെങ്കിലും കഷ്ടങ്ങളിലായിരിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിന് കഴിവുള്ളവരായിത്തീരത്തക്കവണ്ണം നമ്മുടെ കഷ്ടങ്ങളിൽ ഒക്കെയും അവൻ നമ്മെ ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.

5ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നെ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.

6ഞങ്ങൾ കഷ്ടം അനുഭവിക്കുന്നു എങ്കിൽ അത് നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും ആകുന്നു; ഞങ്ങൾക്ക് ആശ്വാസം വരുന്നു എങ്കിൽ അത് ഞങ്ങൾ സഹിക്കുന്ന കഷ്ടങ്ങൾതന്നെ നിങ്ങളും സഹിക്കുന്നതിൽ നിങ്ങളുടെ ആശ്വാസത്തിനായി ഫലിക്കുന്നു.

7നിങ്ങൾ കഷ്ടങ്ങൾക്ക് കൂട്ടാളികൾ ആകുന്നതുപോലെ ആശ്വാസത്തിനും കൂട്ടാളികൾ എന്നറികയാൽ നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ പ്രത്യാശ നിശ്ചയമുള്ളത് തന്നെ.

8സഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്ക് ഉണ്ടായ കഷ്ടങ്ങളെക്കുറിച്ച് നിങ്ങൾ അറിവില്ലാത്തവരായിരിപ്പാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; സഹിക്കാവുന്നതിനപ്പുറം ഞങ്ങൾ തകർന്നവരായി, ജീവനോടിരിക്കുമോ എന്ന് തോന്നുമാറ് ഞങ്ങൾ നിരാശരായി തീർന്നു.

9വാസ്തവമായും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെന്ന് ഞങ്ങൾക്ക് തോന്നിയതുകൊണ്ട്, ഞങ്ങളിൽ തന്നെ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നെ ആശ്രയിപ്പാൻ കാരണം ആയി.

10ഇത്ര ഭയങ്കര മരണകരമായ വിപത്തിൽ നിന്ന് ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്ന് ഞങ്ങൾ അവനിൽ ഉറച്ചുമിരിക്കുന്നു.

11അതിന് നിങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനയാൽ തുണയാകുന്നുണ്ടല്ലോ; അങ്ങനെ പലരുടെ പ്രാർത്ഥന മുഖാന്തരം ഞങ്ങൾക്ക് കിട്ടിയ കൃപയ്ക്ക് വേണ്ടി പലരാലും ഞങ്ങൾനിമിത്തം ദൈവത്തിന് നന്ദി കരേറ്റുവാൻ ഇടവരും.

12ലോകത്തിൽ ഞങ്ങളുടെ പെരുമാറ്റം, വിശേഷാൽ നിങ്ങളോട്, ലൗകികജ്ഞാനത്തിൽ അല്ല, ദൈവകൃപയിൽ തന്നെ, നിർമ്മലതയിലും ദൈവീക പരമാർത്ഥതയിലും ആയിരുന്നു എന്ന ഞങ്ങളുടെ മനസ്സിലെ സാക്ഷ്യം തന്നെ ഞങ്ങൾക്ക് സന്തോഷം നൽകുന്നു.

13നിങ്ങൾക്ക് വായിക്കുവാനും ഗ്രഹിക്കുവാനും കഴിയാത്തതൊന്നും ഞങ്ങൾ എഴുതുന്നില്ല;

14നിങ്ങൾ ഞങ്ങളെ ഭാഗികമായി മനസ്സിലാക്കിയിരിക്കുന്നുവല്ലോ, നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്ക് എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്ന് പൂർണ്ണമായി ഗ്രഹിക്കും എന്ന് ഞാൻ ഉറച്ചിരിക്കുന്നു.

15അതുകൊണ്ട് ഈ ഉറപ്പുനിമിത്തം മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും അത് നിമിത്തം രണ്ട് സന്ദർശനത്തിന്റെ നേട്ടം നിങ്ങൾക്ക് ഉണ്ടാകേണം എന്ന് കരുതി

16അങ്ങനെ ആ വഴിയായി മക്കെദോന്യയ്ക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്ക് യാത്ര അയയ്ക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.

17ഇങ്ങനെ വിചാരിച്ചതിൽ ഞാൻ അഭിപ്രായവ്യത്യാസം കാണിച്ചുവോ? അല്ലെങ്കിൽ എന്റെ വാക്ക് ഉവ്വ്, ഉവ്വ് എന്നും; ഇല്ല, ഇല്ല എന്നും ആകുവാൻ തക്കവണ്ണം എന്റെ നിരൂപണം മാനുഷീക നിലവാരത്തിനൊത്തവണ്ണമോ?

18നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി.

19ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വ് എന്ന് മാത്രമേയുള്ളു.

20ദൈവത്തിന്റെ എല്ലാ വാഗ്ദത്തങ്ങളും ക്രിസ്തുവിൽ ഉവ്വ് എന്നത്രേ; അതുകൊണ്ട് ഞങ്ങൾ നിമിത്തം ദൈവത്തിന് മഹത്വം ഉണ്ടാകുമാറ് ക്രിസ്തുവിൽ ആമേൻ എന്നും തന്നേ.

21ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ നിയോഗിച്ചതും ദൈവമല്ലോ.

22അവൻ നമ്മെ മുദ്രയിട്ടും ഭാവിയിൽ നമുക്ക് ലഭിക്കേണ്ടതിന്റെ അച്ചാരം ആയി ആത്മാവിനേയും നമ്മുടെ ഹൃദയങ്ങളിൽ തന്നിരിക്കുന്നു.

23പക്ഷെ നിങ്ങളെ ആദരിച്ചിട്ടത്രേ ഞാൻ ഇതുവരെ കൊരിന്തിൽ വരാഞ്ഞത് എന്നതിന് ദൈവം സാക്ഷി.

24നിങ്ങളുടെ വിശ്വാസം എങ്ങനെ ആയിരിക്കേണം എന്ന് നിയന്ത്രിക്കുന്നവരാലല്ല, വിശ്വാസത്തിൽ ഉറച്ച് നില്ക്കുന്നവരായ നിങ്ങളുടെ സന്തോഷത്തിന് ഞങ്ങൾ സഹായികൾ ആകുന്നുവല്ലോ.



 <<  2 Corinthians 1 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran