1അല്ലയോ ധനവാന്മാരേ, നിങ്ങൾക്ക് വരുവാൻ പോകുന്ന പ്രയാസങ്ങൾ ഓർത്ത് കരയുവിൻ.
2നിങ്ങളുടെ ധനം നശിച്ചും, ഉടുപ്പു പുഴുവരിച്ചും പോയി.
3നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ശരീരത്തെ തിന്നുകളയും. അന്ത്യകാലത്ത് നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.
4നിങ്ങളുടെ നിലങ്ങൾ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ കൊടുക്കാതിരിക്കുന്നുവല്ലോ; അത് നിങ്ങളുടെ അടുക്കൽനിന്ന് നിലവിളിക്കുന്നു. കൊയ്തവരുടെ കരച്ചിൽ സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു.
5നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ച് കൊലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.
6നിങ്ങൾ നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവൻ നിങ്ങളോട് എതിർക്കുന്നതുമില്ല.
7എന്നാൽ സഹോദരന്മാരേ, കർത്താവ് പ്രത്യക്ഷപ്പെടുന്നത് വരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന് കാത്തുകൊണ്ട് മുന്മഴയും പിന്മഴയും അതിന് കിട്ടുവോളം ക്ഷമയോടെ കാത്തിരിക്കുന്നുവല്ലോ.
8നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.
9സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ പരാതിപ്പെടരുത്; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു.
10സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ, കഷ്ടാനുഭവത്തിനും ദീർഘക്ഷമെക്കും മാതൃകയാക്കികൊൾവിൻ.
11സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്ന് പുകഴ്ത്തുന്നു. ഈയ്യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു. കർത്താവ് മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ.
12സഹോദരങ്ങളേ, സ്വർഗ്ഗത്തേയോ ഭൂമിയേയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുത്; ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ നിങ്ങൾ ഉവ്വ് എന്ന് പറഞ്ഞാൽ ഉവ്വ് എന്നും ഇല്ല എന്ന് പറഞ്ഞാൽ ഇല്ല എന്നും ഇരിക്കട്ടെ.
13നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.
14നിങ്ങളിൽ സുഖമില്ലാതെ കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന് വേണ്ടി പ്രാർത്ഥിക്കട്ടെ.
15എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർഥന അസുഖക്കാരനെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോട് ക്ഷമിക്കും.
16എന്നാൽ നിങ്ങൾക്ക് രോഗശാന്തി വരേണ്ടതിന് തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവന്നു വേണ്ടി ഒരുവൻ പ്രാർഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലപ്രദം ആകുന്നു.
17ഏലീയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവൻ പ്രാർഥനയിൽ അപേക്ഷിച്ചു; മൂന്ന് വർഷവും ആറ് മാസവും ദേശത്ത് മഴ പെയ്തില്ല.
18അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്ന് മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു.
19സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ട് തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ
20പാപിയെ നേർവ്വഴിക്ക് ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിക്കയും, അവന്റെ പാപങ്ങൾ മറക്കുകയും ചെയ്യും എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ.