Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Revelation 19 >> 

1ഈ സംഭവങ്ങൾക്കു ശേഷം സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം ഞാൻ കേട്ടു: “ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ബഹുമാനവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.

2തന്റെ വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യയെ അവൻ ന്യായംവിധിച്ചതുകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ. അവൾ ചൊരിഞ്ഞ അവന്റെ ദാസന്മാരുടെ രക്തത്തിനു അവൻ പ്രതികാരം ചെയ്തു. “

3അവർ രണ്ടാംപ്രാവശ്യം, ഹല്ലെലൂയ്യാ! എന്ന് പാടി. അവളിൽ നിന്നും പുക എന്നെന്നേക്കും പൊങ്ങിക്കൊണ്ടിരുന്നു.

4ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും, ‘ആമേൻ, ഹല്ലെലൂയ്യാ!’ എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.

5അവന്റെ ദൈവത്തിന്റെ സകലദാസന്മാരും അവനെ ഭയപ്പെടുന്നവരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.

6അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരച്ചൽ പോലെയും തകർത്ത ഇടിമുഴക്കംപോലെയും പറയുന്നതു ഞാൻ കേട്ടു; ഹല്ലെലൂയ്യാ! പരിപൂർണാധികാരി ആയ ദൈവമായ കർത്താവു വാഴുന്നു.

7നമുക്ക് സന്തോഷിക്കാം, ആനന്ദിക്കാം അവനു ബഹുമാനം കൊടുക്കാം. കുഞ്ഞാടിന്റെ കല്യാണം വനന്നിരിക്കുന്നു. അവന്റെ മണവാട്ടിയും തന്നെത്താൻ ഒരുങ്ങിയിരിക്കുന്നു.

8അവളെ ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം കൊണ്ട് അലങ്കരിപ്പാൻ അനുവാദം ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ.

9അവൻ എന്നോടു പറഞ്ഞതു: ഇതു എഴുതുക, കുഞ്ഞാടിന്റെ കല്യാണസദ്യക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ; “ഇതു ദൈവത്തിന്റെ സത്യവചനങ്ങൾ ആകുന്നു.”എന്നും അവൻ എന്നോട് പറഞ്ഞു.

10ഞാൻ അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാല്ക്കൽ വീണു; എന്നാൽ അവൻ എന്നോടു പറഞ്ഞതു: “നീ അത് ചെയ്യരുത്; ഞാൻ നിനക്കും യേശുവിനെകുറിച്ചു സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും കൂട്ടുദാസനത്രെ; ദൈവത്തെ ആരാധിക്ക; പ്രവചനത്തിന്റെ ആത്മാവു എന്നത് യേശുവിനെകുറിച്ചുള്ള സാക്ഷ്യം തന്നേ.”

11പിന്നെ സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഞാൻ നോക്കിയപ്പോൾ ഒരു വെള്ളക്കുതിര; അതിന്മേൽ ഇരിക്കുന്നവനു വിശ്വസ്തനും സത്യവാനും എന്നു പേർ, അവൻ നീതിയോടെ ന്യായം വിധിക്കയും പോരാടുകയും ചെയ്യുന്നു.

12അവന്റെ കണ്ണു അഗ്നിജ്വാലപോലെ; അവന്റെ തലയിൽ അനേകം കിരീടങ്ങൾ; അവനല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാതെ എഴുതപ്പെട്ടിട്ടുള്ള ഒരു നാമവും അവനുണ്ട്.

13രക്തത്തിൽ മുക്കിയിരിക്കുന്ന ഒരു അങ്കിയും അവൻ ധരിച്ചിരിക്കുന്നു; ദൈവവചനം എന്നു അവനു പേർ പറയുന്നു.

14സ്വർഗ്ഗത്തിലെ സൈന്യം ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ച് വെള്ളക്കുതിരകളുടെ പുറത്തു അവനെ അനുഗമിച്ചു.

15ജാതികളെ വെട്ടേണ്ടതിനു അവന്റെ വായിൽ നിന്നു മൂർച്ചയുള്ള ഒരു പുറപ്പെടുന്നു. ഇരിമ്പുകോൽ കൊണ്ടു അവൻ അവരെ ഭരിക്കും; സർവശക്തനായ ദൈവത്തിന്റെ ക്രോധവും കോപാഗ്നിയുമായ മുന്തിരിചക്ക് അവൻ മെതിക്കുന്നു.

16രാജാധിരാജാവും കർത്താധികർത്താവും എന്നൊരു നാമം അവന്റെ അങ്കിമേലും തുടമേലും എഴുതിയിരിക്കുന്നു.

17ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശത്തുകൂടി പറക്കുന്ന സകല പക്ഷികളോടും: “ദൈവത്തിന്റെ വലിയ അത്താഴത്തിനു വന്നുകൂടുവിൻ,

18രാജാക്കന്മാരുടെ മാംസവും സേനാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും അതിന്റെ പുറത്തു ഇരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും അടിമകളും ചെറിയവരും വലിയവരുമായ സകലമനുഷ്യരുടെയും മാംസവും ഭക്ഷിപ്പിൻ” എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

19കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‌വാൻ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു കൂടിയത് ഞാൻ കണ്ടു.

20മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ ആരാധിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി. അവർ ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു.

21ശേഷിച്ചവർ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെട്ട വാളിനാൽ കൊല്ലപ്പെട്ടു, അവരുടെ മാംസം സകല പക്ഷികളും തിന്ന് തൃപ്തരായി.


  Share Facebook  |  Share Twitter

 <<  Revelation 19 >> 


Bible2india.com
© 2010-2025
Help
Dual Panel

Laporan Masalah/Saran