1യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: പാപത്തിന്റെ പ്രലോഭനങ്ങൾ നിശ്ചയമായും വരും; എന്നാൽ അവ വരുത്തുന്നവർക്കു അയ്യോ കഷ്ടം.
2അവൻ ഈ ചെറിയവരിൽ ഒരാളെ പ്രലോഭിപ്പിക്കുന്നതിനെക്കാൾ നല്ലതു ഒരു വലിയ കല്ലു അവന്റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നതു ആകുന്നു.
3അതുകൊണ്ടു നിങ്ങൾ സൂക്ഷിച്ചുകൊൾവിൻ; നിന്റെ സഹോദരൻ പാപം ചെയ്താൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോടു ക്ഷമിക്ക.
4ഒരു ദിവസത്തിൽ ഏഴുപ്രാവശ്യം നിന്നോടു പാപം ചെയ്യുകയും ഏഴുപ്രാവശ്യവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോടു ക്ഷമിക്ക.
5അപ്പൊസ്തോലന്മാർ കർത്താവിനോടു: ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.
6അതിന്നു കർത്താവു പറഞ്ഞതു: നിങ്ങൾക്കു ഒരു ചെറിയ കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോടു: വേരോടെ പറിഞ്ഞു കടലിൽ പോയി വളരുക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.
7നിങ്ങളിൽ ആർക്കെങ്കിലും നിലം ഉഴുകയോ ആടിനെ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽ നിന്നു ജോലി കഴിഞ്ഞു വരുമ്പോൾ: നീ പെട്ടെന്നു തന്നെ വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുകയില്ല:
8ആദ്യം എനിക്കു അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുന്നതു വരെ അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊൾക എന്ന് പറയുകയില്ലേ?
9തന്നോടു കല്പിച്ചതു ദാസൻ ചെയ്തതുകൊണ്ടു നീ അവനോടു ഒരിയ്ക്കലും നന്ദി പറയുകയില്ല.
10അതുപോലെ നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.
11ഒരിയ്ക്കൽ യേശു യെരൂശലേമിലേക്കുള്ള യാത്രയ്ക്കിടയിൽ ശമര്യക്കും ഗലീലെക്കും നടുവിൽകൂടി കടന്നുപോകുകയായിരുന്നു.
12അവിടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ പത്തു കുഷ്ഠരോഗികൾ അവന്നു എതിരെ വന്നു.
13അവർ ദൂരത്തു നിന്നുകൊണ്ടു: യേശുവെ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.
14യേശു അവരെ കണ്ടിട്ടു: നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെ തന്നേ കാണിച്ചു കൊടുക്കുക എന്നു പറഞ്ഞു; അങ്ങനെ അവർ പോകുന്ന സമയത്തു തന്നെ അവർ ശുദ്ധരായ്തീർന്നു.
15അവരിൽ ഒരാൾ തനിക്കു സൌഖ്യംവന്നതു കണ്ടു ഉറക്കെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു തിരിച്ചുവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു;
16അവൻ ഒരു ശമര്യക്കാരൻ ആയിരുന്നു
17അപ്പോൾ യേശു അവനോടു ഉത്തരം പറഞ്ഞതു: കുഷ്ഠരോഗത്തിൽ നിന്നു പത്തുപേർ ശുദ്ധരായിത്തീർന്നു, എന്നാൽ ബാക്കി ഒമ്പതുപേർ എവിടെ?
18ഈ അന്യജാതിക്കാരൻ മാത്രമാണു ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നതു;
19എഴുന്നേറ്റ് പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.
20ഒരിയ്ക്കൽ പരീശന്മാർ ദൈവരാജ്യം എപ്പോൾ വരും എന്നു ചോദിച്ചതിന്നു: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;
21ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയില്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ എന്നു അവൻ ഉത്തരം പറഞ്ഞു.
22പിന്നെ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും;
23എന്നാൽ കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുതു, പിൻ ചെല്ലുകയുമരുതു.
24മിന്നൽ ആകാശത്തിന്റെ കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും.
25എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.
26നോഹയുടെ സമയത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.
27നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.
28ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.
29എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.
30മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിലും അതുപോലെതന്നെ സംഭവിക്കും.
31അന്നു വീടിനു മുകളിൽ ഇരിക്കുന്നവൻ വീട്ടിന്നകത്തുള്ള സാധനം എടുക്കുവാൻ ഇറങ്ങിപ്പോകരുതു; അതുപോലെ വയലിൽ ഇരിക്കുന്നവനും വീട്ടിലേക്കു പോകരുത്.
32ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവീൻ.
33തന്റെ ജീവനെ രക്ഷിക്കുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; എന്നാൽ എനിക്കു വേണ്ടി തന്റെ ജീവനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.
34ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കമേൽ ആയിരിക്കും; ഒരളെ സ്വീകരിക്കും; മറ്റവനെ ഉപേക്ഷിക്കും.
35രണ്ടുപേർ ഒന്നിച്ചു ധാന്യം പൊടിച്ചു കൊണ്ടിരിക്കും; ഒരുവളെ കൈക്കൊള്ളും;
36മറ്റവളെ ഉപേക്ഷിക്കും [രണ്ടുപേർ വയലിൽ ഇരിക്കും; ഒരുവനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാൻ നിങ്ങളോടു പറയുന്നു.
37അവർ അവനോടു: കർത്താവേ, എവിടെയാണു ഇതു സംഭവിക്കുന്നത് എന്നു ചോദിച്ചതിന്നു: മൃതശരീരം ഉള്ളിടത്തു ആണല്ലൊ കഴുകന്മാർ കൂടുന്നതു എന്നു അവൻ പറഞ്ഞു.