Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Luke 15 >> 

1ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു.

2ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയുംചെയ്യുന്നു എന്നു പരീശരും ശാസ്ത്രികളും പിറുപിറുത്തു.

3അവരോടു അവൻ ഈ ഉപമ പറഞ്ഞു:

4നിങ്ങളിൽ ഒരു ആൾക്കു നൂറു ആടു ഉണ്ടു എന്നു വിചാരിക്കുക. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയ ആടിനെ കണ്ടെത്തുന്നതു വരെ നോക്കി നടക്കാതിരിക്കുമോ?

5കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:

6കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.

7അങ്ങനെതന്നെ മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെ കുറിച്ചു സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

8അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നു വിചാരിക്കുക; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീടു തൂത്തുവാരി അതു കണ്ടുകിട്ടുന്നതുവരെ സൂക്ഷ്മത്തോടെ അന്വേഷിക്കും?

9കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും.

10അങ്ങനെതന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

11പിന്നെയും അവൻ പറഞ്ഞതു: ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.

12അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കുള്ള പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു വസ്തു പകുത്തുകൊടുത്തു.

13അധികനാൾ കഴിയുന്നതിനു മുമ്പെ ഇളയമകൻ സകലവും ശേഖരിച്ചു ദൂരദേശത്തേക്കു യാത്രയായി. അവിടെ തനിക്കു ഉള്ള പണം മുഴുവൻ ആവശ്യമില്ലാതെ ചെലവഴിച്ചു ജീവിച്ചു.

14എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്തു കഠിനക്ഷാമം ഉണ്ടായി. അവന്നു പണത്തിനു ആവശ്യംവന്നു തുടങ്ങി.

15അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരാൾക്കു വേണ്ടി ജോലി ചെയ്യാൻ പോയി. അവൻ അവനെ തന്റെ വയലിൽ പന്നികൾക്കു തീറ്റ കൊടുക്കുന്ന ജോലി കൊടുത്തു.

16പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല.

17അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചുകഴിഞ്ഞിട്ടും അധികം വരുന്നു; എന്നാൽ ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.

18ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.

19ഇനി നിന്റെ “മകൻ” എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ ജോലിക്കാരിൽ ഒരാളെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.

20അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.

21മകൻ അവനോടു: അപ്പാ, ഞാൻ ദൈവത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.

22അപ്പൻ തന്റെ ദാസന്മാരോടു: നിങ്ങൾ വേഗം പോയി മേന്മയുള്ള വസ്ത്രങ്ങൾ കൊണ്ടുവന്നു ഇവനെ ധരിപ്പിക്കുക; ഇവന്റെ കൈയിൽ മോതിരവും കാലിൽ ചെരിപ്പും ഇടുവിക്കുക.

23ഒരു തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുത്തു അതിനെ പാകം ചെയ്യുക; നമുക്കു തിന്നു ആനന്ദിക്കാം.

24ഈ എന്റെ മകൻ മരിച്ചതുപോലെയായിരുന്നു; എന്നാൽ വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.

25അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോടു അടുത്തപ്പോൾ നൃത്തത്തിന്റെയും സംഗീത ഉപകരണങ്ങളുടെയും ശബ്ദം കേട്ടു,

26ബാല്യക്കാരിൽ ഒരാളെ വിളിച്ചു: ഇവിടെ എന്താണു സംഭവിക്കുന്നതു? എന്നു ചോദിച്ചു.

27അവൻ അവനോടു: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.

28അപ്പോൾ അവൻ കോപിച്ചു, അകത്തു കടക്കുവാൻ താത്പര്യം ഇല്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു.

29അവൻ അവനോടു: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.

30വേശ്യമാരോടുകൂടി നിന്റെ മുതൽ നശിപ്പിച്ച ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.

31അതിന് അവൻ അവനോടു: മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റേതു ആകുന്നു.

32നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. അതുകൊണ്ടു ആനന്ദിച്ചു സന്തോഷിക്കേണ്ടതു ആവശ്യമായിരുന്നു എന്നു പറഞ്ഞു.


  Share Facebook  |  Share Twitter

 <<  Luke 15 >> 


Bible2india.com
© 2010-2025
Help
Dual Panel

Laporan Masalah/Saran