Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Galatians 1 >> 

1(മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല; എന്നാൽ യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചവനായ പിതാവായ ദൈവത്താലുമത്രേ) അപ്പൊസ്തലനായ പൗലൊസും

2എന്നോട് കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്ക് എഴുതുന്നത്:

3നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

4നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്കാലത്തിൽനിന്ന് നമ്മെ വിടുവിക്കേണ്ടതിനു നമ്മുടെ പാപങ്ങൾക്കായി അവൻ തന്നെത്താൻ ഏല്പിച്ചുകൊടുത്തു.

5അവനു എന്നെന്നേക്കും മഹത്വം. ആമേൻ.

6ക്രിസ്തുവിന്റെ കൃപയിലേക്ക് നിങ്ങളെ വിളിച്ചവനിൽ നിന്ന് മാറിപ്പോയി ഇത്രവേഗത്തിൽ മറ്റൊരു സുവിശേഷത്തിലേക്ക് നിങ്ങൾ തിരിഞ്ഞതുകൊണ്ട് ഞാൻ ആശ്ചര്യപ്പെടുന്നു.

7മറ്റൊരു സുവിശേഷം എന്നൊന്നില്ല, എന്നിരുന്നാലും ക്രിസ്തുവിന്റെ സുവിശേഷം വളച്ചൊടിക്കുന്നവരും നിങ്ങളെ കലക്കുന്നവരുമായ ചില മനുഷ്യർ ഉണ്ട്.

8എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.

9ഞങ്ങൾ മുൻപറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിനു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.

10ഇപ്പോൾ എനിക്ക് മനുഷ്യന്റെയോ അതോ ദൈവത്തിന്റെയോ അംഗീകാരം വേണ്ടത്? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ഞാൻ ക്രിസ്തുവിന്റെ ദാസനല്ല.

11സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം കേവലം മാനുഷികമല്ല എന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

12അത് ഞാൻ മനുഷ്യരിൽ നിന്ന് സ്വീകരിച്ചിട്ടില്ല, ഞാൻ പഠിച്ചിട്ടുമില്ല, പ്രത്യുത എന്നോടുള്ള യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ ഞാൻ പ്രാപിച്ചത്.

13യെഹൂദമതത്തിലെ എന്റെ മുമ്പത്തെ ജീവിതത്തെകുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിക്കുകയും അതിനെ മുടിക്കയും

14എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ച് എനിക്ക് അത്യന്തം എരിവേറി, ഞാൻ എന്റെ സമപ്രായക്കാരായ യെഹൂദന്മാരിൽ പലരെക്കാളും യെഹൂദമതത്തിൽ അധികം മുന്നേറുകയും ചെയ്തുപോന്നു.

15എങ്കിലും എന്റെ അമ്മയുടെ ഉദരത്തിൽവച്ചു തന്നെ എന്നെ വേർതിരിച്ച് തന്റെ കൃപയാൽ എന്നെ വിളിച്ചിരിക്കുന്ന ദൈവം

16ഞാൻ ജാതികളുടെ ഇടയിൽ അവനെ പ്രസംഗിക്കേണ്ടതിന് പുത്രനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ മാംസരക്തങ്ങളോടു ആലോചിക്കയോ

17എനിക്ക് മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്ക് പോകയോ ചെയ്യാതെ അറേബ്യയിലേക്ക് പോകുകയും പിന്നെ ദമസ്കൊസിലേക്ക് മടങ്ങിപ്പോരുകയും ചെയ്തു.

18പിന്നെ മൂന്ന് വർഷം കഴിഞ്ഞിട്ട് കേഫാവുമായി മുഖപരിചയമാകേണ്ടതിന് ഞാൻ യെരൂശലേമിലേക്ക് പോയി പതിനഞ്ചുദിവസം ഞാൻ അവനോടുകൂടെ പാർത്തു.

19എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുവനെയും ഞാൻ കണ്ടില്ല.

20ദൈവമുമ്പിൽ ഞാൻ നിങ്ങൾക്ക് എഴുതുന്നത് ഭോഷ്കല്ല.

21പിന്നെ ഞാൻ സുറിയ, കിലിക്യ ഭൂപ്രദേശങ്ങളിലേക്കു പോയി.

22യെഹൂദ്യയിലെ ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു;

23മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ തകർത്ത വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്ന് മാത്രം

24അവർ കേട്ട് എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി.


  Share Facebook  |  Share Twitter

 <<  Galatians 1 >> 


Bible2india.com
© 2010-2025
Help
Dual Panel

Laporan Masalah/Saran