Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Philemon 1 >> 

1ക്രിസ്തുയേശുവിനുവേണ്ടി തടവിലാക്കപ്പെട്ട പൗലൊസും, സഹോദരനായ തിമൊഥെയൊസും, ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോൻ എന്ന നിനക്കും

2സഹോദരിയായ അപ്പിയയ്ക്കും ഞങ്ങളുടെ സഹഭടനായ അർക്കിപ്പൊസിനും നിന്റെ വീട്ടിലെ സഭക്കും എഴുതുന്നത്:

3നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

4കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാൻ കേട്ടിട്ട്,

5നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിനായി സഫലമാകേണ്ടതിന്

6എന്റെ പ്രാർത്ഥനയിൽ നിന്നെ ഓർത്തു എപ്പോഴും എന്റെ ദൈവത്തിന് സ്തോത്രം ചെയ്യുന്നു.

7സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയങ്ങൾക്ക് നീ ഉന്മേഷം പകർന്നത് കൊണ്ട് നിന്റെ സ്നേഹത്തിൽ എനിക്കു വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി.

8ആകയാൽ യുക്തമായത് നിന്നോട് കല്പിപ്പാൻ ക്രിസ്തുവിൽ എനിക്ക് വളരെ ധൈര്യം ഉണ്ടെങ്കിലും

9പൌലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന് വേണ്ടി തടവുകാരനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു.

10തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന് വേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്.

11അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നെ.

12എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു.

13സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നിനക്ക് പകരം എന്റെ അടുക്കൽ തന്നെ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

14എങ്കിലും നീ ചെയ്യുന്നത് നിർബ്ബന്ധത്താൽ അല്ല, മനസ്സോടെ ആകേണ്ടതിന് നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‌വാൻ എനിക്ക് മനസ്സില്ലായിരുന്നു.

15അവൻ അല്പകാലം വേർപിരിഞ്ഞിരുന്നത് അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന് ആയിരിക്കും;

16അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയ സഹോദരൻ തന്നെ; അവൻ വിശേഷാൽ എനിക്ക് പ്രിയൻ എങ്കിൽ നിനക്ക് ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം?

17ആകയാൽ നീ എന്നെ കൂട്ടാളി എന്ന് കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ സ്വീകരിക്കുക.

18അവൻ നിന്നോട് വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അത് എന്റെ പേരിൽ കണക്കിട്ടുകൊൾക.

19പൌലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്ന് തീർക്കാം. നീ നിന്നെത്തന്നെ എനിക്ക് തരുവാൻ കടംപെട്ടിരിക്കുന്നു എന്ന് ഞാൻ പറയേണം എന്നില്ലല്ലോ.

20അതേ സഹോദരാ, നിന്നെക്കൊണ്ട് എനിക്ക് കർത്താവിൽ ഒരു സന്തോഷമുള്ള അനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയത്തിന് ഉന്മേഷം പകരുക.

21നിന്റെ അനുസരണത്തെപ്പറ്റി എനിക്ക് വിശ്വാസം ഉണ്ടു; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നത്.

22ഇതല്ലാതെ നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങളുടെ അടുക്കൽ വരുമെന്ന് പ്രത്യാശ ഉള്ളതുകൊണ്ട് എനിക്ക് താമസസൗകര്യം ഒരുക്കിക്കൊൾക.

23ക്രിസ്തുയേശുവിനു വേണ്ടി എന്നോടു കൂടെ തടവിലാക്കപ്പെട്ട എപ്പഫ്രാസും

24എന്റെ കൂട്ടുവേലക്കാരനായ മർക്കൊസും അരിസ്തർക്കൊസും ദേമാസും ലൂക്കൊസും നിനക്ക് വന്ദനം ചൊല്ലുന്നു.

25നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.


  Share Facebook  |  Share Twitter

 <<  Philemon 1 >> 


Bible2india.com
© 2010-2025
Help
Dual Panel

Laporan Masalah/Saran