1നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല,
2സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും, ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വനിതയ്ക്കും അവളുടെ മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നത്:
3പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക് സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും ഉണ്ടാകുമാറാകട്ടെ.
4നമുക്ക് പിതാവിങ്കൽനിന്ന് കല്പന ലഭിച്ചതുപോലെ നിന്റെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നത് ഞാൻ കണ്ട് അത്യന്തം സന്തോഷിച്ചു.
5ഇപ്പോഴോ തിരഞ്ഞെടുക്കപ്പെട്ട വനിതയേ, ഞാൻ അപേക്ഷിക്കുന്നത്, നമ്മൾ അന്യോന്യം സ്നേഹിക്കേണം എന്ന് പുതിയ കല്പനയായിട്ടല്ല, എന്നാൽ ആദിമുതൽ നമുക്ക് ഉള്ളതായിട്ടുത്തന്നെ ഞാൻ അവിടത്തേക്ക് എഴുതുന്നു.
6നമ്മൾ അവന്റെ കല്പനകളെ അനുസരിച്ചു നടക്കുന്നതുതന്നെ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ സനേഹത്തിൽ നടപ്പാനുള്ള കല്പന ഇതത്രെ.
7യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്ന് സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
8ഞങ്ങൾ എല്ലാവരുടെയും പ്രയത്നഫലം കളയാതെ നിങ്ങൾ പൂർണ്ണപ്രതിഫലം സ്വീകരിക്കേണ്ടതിന് നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ.
9ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ ലംഘനം ചെയ്യുന്നവന് ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ട്.
10ഈ ഉപദേശവും കൊണ്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ നിങ്ങളുടെ വീട്ടിൽ സ്വീകരിക്കരുത്; അവനെ വന്ദനം ചെയ്യരുത്.
11അവനെ വന്ദനം ചെയ്യുന്നവൻ അവന്റെ ദുഷ്പ്രവൃത്തികളിൽ പങ്കാളിയല്ലോ.
12നിങ്ങൾക്ക് എഴുതുവാൻ പലതും ഉണ്ട്; എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്ക് മനസ്സില്ല. എന്നാൽ നമ്മുടെ സന്തോഷം പൂർണ്ണമാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വന്ന് മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു.
13നിന്റെ തിരഞ്ഞെടുക്കപ്പെട്ട സഹോദരിയുടെ മക്കൾ നിനക്ക് വന്ദനം ചൊല്ലുന്നു.