Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  2 Corinthians 9 >> 

1വിശുദ്ധന്മാർക്കുവേണ്ടി നടത്തുന്ന ശുശ്രൂഷയെക്കുറിച്ച് ഞാൻ നിങ്ങൾക്ക് എഴുതുന്നത് അനാവശ്യമാകുമല്ലൊ?

2അഖായയിലുള്ളവർ ഒരു വർഷം മുമ്പേ ഒരുങ്ങിയിരിക്കുന്നു എന്ന് മക്കെദോന്യരോട് നിങ്ങളെക്കുറിച്ച് ഞാൻ പ്രശംസിച്ചുവരുന്ന നിങ്ങളുടെ അത്യുത്സാഹം ഞാൻ അറിയുന്നു; നിങ്ങളുടെ ഔത്സുക്യം വളരെ പേർക്ക് പ്രചോദനവുമായിരിക്കുന്നു.

3നിങ്ങളെക്കുറിച്ച് ഞങ്ങൾ പറയുന്ന പ്രശംസ ഈ കാര്യത്തിൽ വ്യർത്ഥമാകാതെ ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കേണ്ടതിനത്രെ ഞാൻ സഹോദരന്മാരെ അയച്ചത്.

4അല്ലെങ്കിൽ പക്ഷെ മക്കെദോന്യർ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താൽ നിങ്ങൾ എന്നല്ല ഞങ്ങൾ നിങ്ങളെക്കുറിച്ച് പറഞ്ഞ അമിതമായ പൊങ്ങച്ചം നിമിത്തം ലജ്ജിച്ചുപോകേണ്ടിവരുമല്ലൊ.

5ആകയാൽ സഹോദരന്മാർ ഞങ്ങൾക്ക് മുമ്പായി അങ്ങോട്ട് വരികയും നിർബന്ധത്താലല്ല ഉദാരമായിട്ട് തന്നെ നിങ്ങൾ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം കരുതിയിരിപ്പാൻ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന് സഹോദരന്മാരോട് അപേക്ഷിപ്പാൻ ആവശ്യം എന്ന് ഞങ്ങൾക്ക് തോന്നി.

6എന്നാൽ പരിമിതമായി വിതയ്ക്കുന്നവൻ പരിമിതമായി കൊയ്യും; ധാരാളമായി വിതയ്ക്കുന്നവൻ ധാരാളമായി കൊയ്യും എന്ന് ഓർത്തുകൊൾവിൻ.

7അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.

8നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറ് നിങ്ങളിൽ സകലകൃപയും വർധിപ്പിക്കുവാൻ ദൈവം ശക്തൻ ആകുന്നു.

9“അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.

10എന്നാൽ വിതയ്ക്കുന്നവന് വിത്തും, ഭക്ഷിപ്പാൻ അപ്പവും നല്കുന്നവൻ നിങ്ങളുടെ വിളവ് പലമടങ്ങാക്കുകയും നിങ്ങളുടെ നീതിയുടെ വിളവ് വർദ്ധിപ്പിക്കയും ചെയ്യും.

11ഇങ്ങനെ ദൈവത്തിന് ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഉള്ളവരായിരിക്കേണ്ടതിന് നിങ്ങൾ സകലത്തിനാലും പോഷിപ്പിക്കപ്പെട്ടവർ ആകും.

12ഈ നടത്തുന്ന ശുശ്രൂഷാസേവനം വിശുദ്ധന്മാരുടെ ബദ്ധിമുട്ട് തീർക്കുന്നത് മാത്രമല്ലാതെ ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു.

13ഈ സഹായത്താൽ തെളിയുന്ന അംഗീകാരം ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണം നിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും.

14നിങ്ങൾക്ക് ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണ്മാൻ വാഞ്ഛിച്ച് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു.

15പറഞ്ഞറിയിക്കുവാൻപറ്റാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം.


  Share Facebook  |  Share Twitter

 <<  2 Corinthians 9 >> 


Bible2india.com
© 2010-2025
Help
Dual Panel

Laporan Masalah/Saran