Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  2 Corinthians 2 >> 

1എന്നാൽ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നതു വേദനയേറിയ സാഹചര്യത്തിൽ ആകരുത് എന്ന് ഞാൻ സ്വയമായി തീരുമാനിച്ചു.

2ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നെ സന്തോഷിപ്പിക്കുന്നത് ഞാൻ മൂലം ദുഃഖിതനായവൻ അല്ലാതെ ആരുള്ളു?

3ഞാൻ ഇത് എഴുതിയതിന് കാരണം ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുത് എന്നും എന്റെ സന്തോഷം നിങ്ങൾക്ക് എല്ലാവർക്കും സന്തോഷം ആയിരിക്കും എന്ന് നിങ്ങളെ എല്ലാവരെയും കുറിച്ച് വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.

4ഞാൻ നിങ്ങൾക്ക് എഴുതിയത് നിങ്ങൾ ദുഃഖിക്കേണ്ടതിനല്ല, വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടും വളരെ കണ്ണുനീരോടുകൂടെ എനിക്ക് നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിനത്രേ.

5ഒരുവൻ എന്റെ ദുഖത്തിന് കാരണമായി എങ്കിൽ അവൻ എന്നെയല്ല ഒരളവിൽ (ഞാൻ പരുഷമായി ഏറെ പറയരുതല്ലോ )നിങ്ങളെ എല്ലാവരേയും ദുഃഖിപ്പിച്ചിരിക്കുന്നു.

6ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ അവന് മതി.

7എന്നാൽ ഇപ്പോൾ ശിക്ഷിക്കുന്നതിന് പകരം അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന് നിങ്ങൾ അവനോട് ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും അത്രേ വേണ്ടത്.

8അതുകൊണ്ട് നിങ്ങളുടെ സ്നേഹം അവന് ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു.

9നിങ്ങൾ സകലത്തിലും അനുസരണമുള്ളവരോ എന്ന് പരീക്ഷിച്ചറിയേണ്ടതിനായിരുന്നു ഞാൻ എഴുതിയത്.

10നിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു; എന്നാൽ ഞാൻ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിൽ ക്ഷമിച്ചിരിക്കുന്നു.

11എന്തുകൊണ്ടെന്നാൽ സാത്താൻ നമ്മെ ചതിക്കരുത്; അവന്റെ തന്ത്രങ്ങളെ പറ്റി നാം അറിവില്ലാത്തവരല്ലല്ലൊ.

12എന്നാൽ ഞാൻ ക്രിസ്തുവിന്റെ സുവിശേഷം അറിയിപ്പാൻ ത്രോവാസിൽ വന്നപ്പോൾ

13എന്റെ സഹോദരനായ തീതൊസിനെ കാണാഞ്ഞിട്ട് മനസ്സിൽ സമാധാനമില്ലായ്കയാൽ ഞാൻ അവരോട് യാത്രപറഞ്ഞ് മക്കദോന്യെയിലേക്ക് മടങ്ങി.

14എന്നാൽ ക്രിസ്തുവിൽ ഞങ്ങളെ എല്ലായ്പപോഴും ജയോത്സവമായി നടത്തുകയും എല്ലാ ഇടങ്ങളിലും ഞങ്ങളിലൂടെ തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന് സ്തോത്രം.

15രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന് ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു;

16ഇവർക്ക് മരണത്തിൽനിന്ന് മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്ന് ജീവനിലേക്കുള്ള വാസന തന്നെ. എന്നാൽ ഇതിന് ആർ യോഗ്യൻ?

17ഞങ്ങൾ ആദായത്തിനായി ദൈവവചനം വിൽക്കുന്ന അനേകരെപ്പോലെ അല്ല, പകരം ഉദ്ദേശനിർമ്മലതയോടും ദൈവത്താൽ അയയ്ക്കപ്പെട്ടവരെപോലെയും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.


  Share Facebook  |  Share Twitter

 <<  2 Corinthians 2 >> 


Bible2india.com
© 2010-2025
Help
Dual Panel

Laporan Masalah/Saran