1ഇത് മൂന്നാം പ്രാവശ്യം ആണ് ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നത് “രണ്ട് മൂന്ന് സാക്ഷികളുടെ തെളിവിനാൽ ഏത് ആരോപണവും ഉറപ്പിക്കാം”
2ഞാൻ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കയില്ല എന്ന് പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ട് ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും വീണ്ടും പറയുന്നു.
3ക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിന് നിങ്ങൾ തെളിവ് അന്വേഷിക്കുന്നുവല്ലോ. നിങ്ങളൊടുള്ള ബന്ധത്തിൽ ക്രിസ്തു ബലഹീനനല്ല, ശക്തൻ തന്നെ.
4ബലഹീനതയിൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടു കൂടെ ദൈവശക്തിയാൽ നിങ്ങൾക്കായി ജീവിക്കുന്നു.
5നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരിശോധിപ്പീൻ; നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവീൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നുവരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്ന് നിങ്ങൾത്തന്നെ തിരിച്ചറിയുന്നില്ലയോ?
6ഞങ്ങൾ അംഗീകരിക്കപ്പെടാത്തവർ അല്ല എന്ന് നിങ്ങൾ അറിയും എന്ന് ഞാൻ വിശ്വസിക്കുന്നു.
7നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു; ഞങ്ങൾ കൊള്ളാകുന്നവരായി തോന്നേണ്ടതിനല്ല, ഞങ്ങൾ കൊള്ളരുതാത്തവർ എന്നപോലെ ഇരുന്നാലും നിങ്ങൾ നന്മ ചെയ്യേണ്ടതിനത്രെ.
8സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിന് പ്രതികൂലമായി ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻകഴിവില്ലല്ലോ.
9ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങൾ തികഞ്ഞവരാകേണ്ടതിന് തന്നെ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
10അതുനിമിത്തം ഞാൻ വന്നെത്തിയാൽ ഇടിച്ചുകളവാനല്ല പണിവാനത്രെ കർത്താവ് തന്ന അധികാരത്തിന് ഒത്തവണ്ണം പരുഷമായി പെരുമാറാതിരിക്കേണ്ടതിന് ദൂരത്തുനിന്ന് ഇത് എഴുതുന്നു.
11ഒടുവിൽ സഹോദരീ സഹോദരന്മാരെ, സന്തോഷിപ്പിൻ; യഥാസ്ഥാനത്തിനായി പ്രവർത്തിപ്പീൻ; പ്രോത്സാഹിപ്പിച്ചുകൊൾവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിപ്പിൻ; എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
12വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‌വിൻ.
13വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്ക് വന്ദനം ചൊല്ലുന്നു.
14കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.