1ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്ന് ആത്മാവു തെളിവായി പറയുന്നു.
2അവർ സ്വന്തമനസ്സാക്ഷിയിൽ ഉറപ്പുള്ളവരായി
3വിവാഹം വിലക്കുന്നവരും സത്യം തിരിച്ചറിഞ്ഞിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ പങ്കുവെപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.
4എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല;
5ദൈവവചനത്താലും പ്രാർത്ഥനയാലും അവ വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.
6ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷിപ്പിക്കപ്പെട്ടവനായി ക്രിസ്തുയേശുവിന്റെ നല്ല ശുശ്രൂഷകൻ ആകും.
7വൃദ്ധ സ്ത്രീകൾ ഇഷ്ടപ്പെടുന്ന ഭക്തിവിരുദ്ധമായ അശുദ്ധകഥകൾ ഒഴിവാക്കി ദൈവഭക്തിക്കു തക്കവണ്ണം പരിശീലനം ചെയ്ക.
8കായികവ്യായാമം അല്പം മാത്രം പ്രയോജനമുള്ളതത്രേ; എന്നാൽ ദൈവഭക്തിയോ വാഗ്ദത്തപ്രകാരം ഇപ്പോഴത്തെ ജീവിതത്തിനും വരുവാനുള്ളതിനും പ്രയോജനകരമാകുന്നു.
9ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം.
10അതിനായിട്ടുതന്നെ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.
11ഇതു നീ ആജ്ഞാപിക്കയും ഉപദേശിക്കയും ചെയ്ക.
12ആരും നിന്റെ യൗവ്വനപ്രായം കണ്ടു നിന്നെ അവഗണിക്കാൻ ഇടയാകരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.
13ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.
14മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താൽ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം
15ഉപേക്ഷയായി വിചാരിക്കാതെ നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നേ ഇരുന്നുകൊൾക.
16നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനില്ക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.