Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  1 Corinthians 6 >> 

1നിങ്ങളിൽ ഒരാൾക്ക് മറ്റൊരാളോട് ഏതെങ്കിലും ഒരു കാര്യത്തിൽ തർക്കം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ പരിഹാരത്തിന് പോകേണം. അഭക്തന്മാരുടെ മുൻപിൽ പോകരുത്?

2വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെയും വിധിപ്പാൻ നിങ്ങൾക്ക് സാധിക്കും.

3നാം ദൂതന്മാരെ വിധിക്കും എന്ന് നിങ്ങൾ അറിയുന്നില്ലയോ? അതുകൊണ്ട് ലൗകീകമായവയെ എത്ര അധികം?

4എന്നാ‍ൽ നിങ്ങൾക്ക് ഈ ലോകത്തിലെ പ്രശ്നങ്ങളെ വിധിപ്പാനുണ്ടെങ്കിൽ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ?

5നിങ്ങളുടെ ലജ്ജക്കായി ഞാൻ ഇത് പറയുന്നു. സഹോദരന്മാർക്ക് മദ്ധ്യേ പ്രശ്നങ്ങൾ തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ?

6ഒരു വിശ്വാസി മറ്റൊരു വിശ്വാസിയോട് തർക്കിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നേ.

7നിങ്ങളുടെ ഇടയിൽ കലഹം ഉണ്ടാകുന്നത് തന്നെ കേവലം പോരായ്മയാകുന്നു; അതിന് പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തത് എന്ത്? നഷ്ടം ഏറ്റുകൊള്ളാത്തത് എന്ത്?

8പക്ഷേ, നിങ്ങൾ സഹോദരന്മാർക്കുതന്നെ അന്യായം ചെയ്കയും, നഷ്ടം വരുത്തുകയും ചെയ്യുന്നു;

9അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,

10കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.

11നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കഴുകപ്പെട്ടിരിക്കുന്നു, നിങ്ങൾ ശുദ്ധീകരിക്ക പ്പെട്ടിരിക്കുന്നു; കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങൾ നീതീകരണവും പ്രാപിച്ചിരിക്കുന്നു.

12എല്ലാം എനിക്ക് നിയമാനുസൃതമാണ് എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിനും ഞാൻ യജമാനനാണ് എങ്കിലും ഞാൻ യാതൊന്നിനും അടിമപ്പെടുകയില്ല.

13ആഹാരം വയറ്റിനും വയറ് ആഹാരങ്ങൾക്കും ഉള്ളത്; എന്നാൽ ദൈവം ഇതിനെയും അതിനെയും ഇല്ലാതെയാക്കും. ശരീരമോ ദുർന്നടപ്പിനല്ല കർത്താവിനത്രേ; കർത്താവ് ശരീരത്തിനും.

14എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.

15നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്ന് അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്ത് വേശ്യയുടെ അവയവങ്ങൾ ആക്കാൻ സാധിക്കുമോ? ഒരുനാളും അരുത്.

16വേശ്യയോട് പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.

17കർത്താവിനോട് പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവ് ആകുന്നു.

18വ്യഭിചാരം വിട്ട് ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏത് പാപവും ശരീരത്തിന് പുറത്താകുന്നു. വ്യഭിചാരകനോ സ്വന്തശരീരത്തിന് വിരോധമായി പാപം ചെയ്യുന്നു.

19ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ ഇനി നിങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?

20ആകയാൽ നിങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിൻ.


  Share Facebook  |  Share Twitter

 <<  1 Corinthians 6 >> 


Bible2india.com
© 2010-2025
Help
Dual Panel

Laporan Masalah/Saran