Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  1 Corinthians 4 >> 

1ഞങ്ങളെ, ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവികമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും ആയി നിങ്ങൾ പരിഗണിക്കണം.

2ഗൃഹവിചാരകന്മാരിൽ നിന്നും പ്രതീഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ.

3നിങ്ങളോ, മനുഷ്യനിർമ്മിതമായ കോടതികളോ, എന്നെ വിധിക്കുന്നത് എനിക്ക് വളരെ ചെറിയ കാര്യമാണ്; എന്തെന്നാൽ ഞാൻ എന്നെത്തന്നേ വിധിക്കുന്നതുമില്ല.

4എനിക്കെതിരെ യാതൊരു കുറ്റവും ആരോപിക്കപ്പെട്ടില്ലെങ്കിലും ഞാൻ നീതിമാൻ എന്ന് വരികയില്ല; എന്നെ വിധിക്കുന്നത് കർത്താവ് ആകുന്നു.

5ആകയാൽ കർത്താവ് വരുവോളം സമയത്തിന് മുമ്പെ ഒന്നും വിധിക്കരുത്; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്ന് ഓരോരുത്തർക്കും ദൈവത്തിൽനിന്ന് പുകഴ്ച ലഭിക്കും.

6സഹോദരി സഹോദരന്മാരേ, ഇത് ഞാൻ നിങ്ങൾനിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ച് പറഞ്ഞതാകുന്നു: “എഴുതിയിരിക്കുന്നതിന് അപ്പുറം ഭാവിക്കരുത് “എന്ന ചൊല്ല് ഓർത്തുകൊൾവിൻ. ഞങ്ങളുടെ ദൃഷ്ടാന്തം കണ്ട് പഠിക്കേണ്ടതിനും ആരും ഒരാൾക്ക് അനുകൂലമായും മറ്റൊരാൾക്ക് പ്രതികൂലമായും പ്രശംസിക്കാതിരിക്കേണ്ടതിനും തന്നെ.

7സ്വയം ശ്രേഷ്ഠർ എന്ന് കരുതുന്നവരേ, നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്നും എന്ത് റ്വിശേഷതയുണ്ട്? ലഭിച്ചതല്ലാതെ നിങ്ങൾക്ക് മറ്റ് എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നത് എന്ത്? ഇപ്പോൾ നിങ്ങൾ തൃപ്തരാണ്,

8ഇപ്പോൾ സമ്പന്നരുമാണ് ഞങ്ങളെ കൂടാതെ രാജാക്കന്മാരെപ്പോലെ വാഴുന്നവരായി. തീർച്ചയായും, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന് നിങ്ങൾ വാണു എങ്കിൽ കൊള്ളായിരുന്നു.

9ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഘോഷയാത്രയിൽ അവസാനം നിൽക്കുന്നവരായി, മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ, നിറുത്തി എന്ന് എനിക്ക് തോന്നുന്നു. ഞങ്ങൾ ലോകത്തിന്, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കാഴ്ചവസ്തുവായി തീർന്നിരിക്കുന്നു.

10ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ ബഹുമാനിതർ, ഞങ്ങൾ മാനഹീനർ അത്രേ.

11ഈ സമയം വരെ ഞങ്ങൾ വിശന്നും, ദാഹിച്ചും, വേണ്ടും വണ്ണം വസ്ത്രം ധരിപ്പാൻ ഇല്ലാതെയും, മൃഗീയമായി മർദ്ദിക്കപ്പെട്ടും, ഭവനരഹിതരായും ഇരിക്കുന്നു.

12സ്വന്തകയ്യാൽ വേലചെയ്തു, കഠിനമായി അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ട് ആശീർവ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു ക്ഷമയോടെ സഹിക്കുന്നു; ദുരാരോപണം കേട്ടിട്ട് നല്ലവാക്ക് പറയുന്നു.

13ഞങ്ങൾ ലോകത്തിലെ പാഴ്വസ്തുക്കളായിത്തീർന്നു, ഏറ്റവും മലിനപ്പെട്ട വസ്തുക്കളെ പോലെ ഇന്നുവരെയും പരിഗണിക്കപ്പെടുന്നു.

14ഞാൻ ഇത് എഴുതുന്നത് നിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയ മക്കൾ എന്ന നിലയിൽ നിങ്ങളെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ്.

15നിങ്ങൾക്ക് ക്രിസ്തുവിൽ പതിനായിരം അദ്ധ്യാപകർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്.

16ആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.

17ഇതുനിമിത്തമാകുന്നു കർത്താവിൽ എന്റെ പ്രിയ മകനും വിശ്വസ്തനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നത്. ഞാൻ എല്ലായിടത്തും ഏത് സഭയിലും പഠിപ്പിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ നിങ്ങളെ ഓർപ്പിക്കും.

18എങ്കിലും ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുവച്ച് ചിലർ അഹങ്കരിക്കുന്നു.

19എന്നാൽ കർത്താവിന് ഇഷ്ടം എങ്കിൽ ഞാൻ വേഗം നിങ്ങളുടെ അടുക്കൽ വരും. അപ്പോൾ ഞാൻ ഗർവ്വിച്ചിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നേ കണ്ടറിയും.

20ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.

21നിങ്ങൾക്ക് ഏതു വേണം? ഞാൻ വടിയോടുകൂടെയോ സ്നേഹത്തിലും സൗമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കൽ വരേണ്ടത്?


  Share Facebook  |  Share Twitter

 <<  1 Corinthians 4 >> 


Bible2india.com
© 2010-2025
Help
Dual Panel

Laporan Masalah/Saran