1അതെ, സഹോദരീസഹോദരന്മാരേ, നിങ്ങളോട് എനിക്ക് ആത്മികരോട് എന്നപോലെ അല്ല, ജഡികരോട് എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളോട് എന്നപോലെ, അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു.
2കട്ടിയായ ആഹാരമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്ക് തന്നത്; ഭക്ഷിപ്പാൻ നിങ്ങൾക്ക് കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികരല്ലോ.
3നിങ്ങളുടെ ഇടയിൽ അസൂയയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?
4ഒരാൾ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരാൾ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?
5അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? കർത്താവ് അവരെ ഏല്പിച്ച ശുശ്രൂഷ നിമിത്തം, നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന, ശുശ്രൂഷകരത്രേ.
6ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്.
7ആകയാൽ വളരുമാറാക്കുന്ന ദൈവത്തിനാണ് പ്രാധാന്യം; നടുന്നവനും നനയ്ക്കുന്നവനും ഏതുമില്ല.
8നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തർക്കും അവരുടെ അദ്ധ്വാനത്തിനുള്ള കൂലി കിട്ടും.
9ഞങ്ങൾ ദൈവത്തിനുവേണ്ടി അദ്ധ്വാനിക്കുന്ന കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷിത്തോട്ടം, ദൈവത്തിന്റെ ഗൃഹനിർമ്മാണം.
10ദൈവം എനിക്ക് നൽകിയ കൃപയ്ക്ക് ഒത്തവണ്ണം ഞാൻ പരിശീലനം സിദ്ധിച്ചോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരാൾ അതിന് മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.
11യേശുക്രിസ്തു എന്ന അടിസ്ഥാനമല്ലാതെ മറ്റൊരു അടിസ്ഥാനം ഇടുവാൻ ആർക്കും കഴികയില്ല.
12ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ രത്നങ്ങൾ, മരം, പുല്ല്, വൈക്കോൽ എന്നിവകൊണ്ട് പണിയുന്നു എങ്കിൽ അവരുടെ പ്രവൃത്തി വെളിപ്പെട്ടുവരും;
13ആ ദിവസം അതിനെ തെളിവാക്കും; അത് തീയിൽ വെളിപ്പെട്ടുവരും; ഓരോരുത്തരുടെയും പ്രവൃത്തി ഏത് വിധത്തിലുള്ളതെന്നു തീ തന്നേ ശോധന ചെയ്യും.
14ഒരാൾ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അയാൾക്ക് പ്രതിഫലം കിട്ടും.
15ഒരാളുടെ പ്രവൃത്തി വെന്തുപോയെങ്കിൽ അയാൾക്ക് പ്രതിഫലം നഷ്ടപ്പെടും; എന്നാൽ അയാൾ രക്ഷിക്കപ്പെടും; തീയിൽകൂടി എന്നപോലെ അത്രേ.
16നിങ്ങൾ ദൈവത്തിന്റെ മന്ദിരം ആണെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
17ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവരെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെതന്നെ.
18ആരും സ്വയം വഞ്ചിക്കരുത്; നിങ്ങളിൽ ആരെങ്കിലും ലോകപ്രകാരം ജ്ഞാനി എന്ന് സ്വയം കരുതുന്നുവെങ്കിൽ അവൻ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ.
19എന്തെന്നാൽ ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “ദൈവം ജ്ഞാനികളെ അവരുടെ കൗശലത്തിൽ കുടുക്കുന്നു” എന്നും
20“കർത്താവ് ജ്ഞാനികളുടെ വിവേകം വ്യർത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.
21ആകയാൽ ആരും മനുഷ്യരെക്കുറിച്ച് പ്രശംസിക്കരുത്; സകലവും നിങ്ങൾക്കുള്ളതല്ലോ.
22പൗലൊസും, അപ്പൊല്ലോസും, പത്രോസും, ലോകവും, ജീവനും, മരണവും, ഇപ്പോഴുള്ളതും, വരുവാനുള്ളതും സകലവും നിങ്ങൾക്കുള്ളത്.
23നിങ്ങളോ ക്രിസ്തുവിന്നുള്ളവർ; ക്രിസ്തു ദൈവത്തിന്നുള്ളവൻ.