Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  1 Corinthians 14 >> 

1സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ.

2അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ ദൈവീക രഹസ്യങ്ങൾ സംസാരിക്കുന്നു.

3പ്രവചിക്കുന്നവൻ ആത്മികവർദ്ധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോട് സംസാരിക്കുന്നു.

4അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതന്നെ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭയ്ക്ക് ആത്മികവർദ്ധന വരുത്തുന്നു.

5നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ആഗ്രഹിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭയ്ക്ക് ആത്മികവർദ്ധന ലഭിക്കേണ്ടതിന്, താൻ സംസാരിച്ചത് വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ.

6സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോട് സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ട് നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്ക് എന്ത് പ്രയോജനം?

7കുഴൽ, വീണ എന്നിങ്ങനെ ശബ്ദം ഉണ്ടാക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നേയും ശബ്ദവ്യത്യാസം കാണിക്കാതിരുന്നാൽ ഊതിയതോ മീട്ടിയതോ എതാണെന്ന് എങ്ങനെ അറിയും?

8കാഹളം ഊതുമ്പോൾ അതിന്റെ ശബ്ദം വ്യക്തമായി പുറപ്പെടുവിച്ചില്ലെങ്കിൽ യുദ്ധത്തിനു ആർ ഒരുങ്ങും?

9അതുപോലെ നിങ്ങളും നാവുകൊണ്ട് വ്യക്തമായ വാക്ക് ഉച്ചരിക്കാതിരുന്നാൽ സംസാരിക്കുന്നത് എന്തെന്ന് എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോട് സംസാരിക്കുന്നവരെ പോലെ ആകുമല്ലോ.

10ലോകത്തിൽ വിവിധ ഭാഷകൾ ഉണ്ട്; അവയിൽ ഒന്നും അർത്ഥമില്ലാത്തതല്ല.

11ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവനു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും.

12അതുപോലെ നിങ്ങളും ആത്മവരങ്ങളെക്കുറിച്ച് ആഗ്രഹമുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനയ്ക്കായി ഫലമുള്ളവർ ആകുവാൻ ശ്രമിപ്പിൻ.

13അതുകൊണ്ട് അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിനായി പ്രാർത്ഥിക്കട്ടെ.

14ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവ് പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിക്ക് മനസ്സിലാകുന്നതുമില്ല.

15അപ്പോൾ ഞാൻ എന്ത് ചെയ്യേണം? ഞാൻ ആത്മാവുകൊണ്ട് പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.

16അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നത് മനസ്സിലാകാത്തതുകൊണ്ട് നിന്റെ സ്തോത്രത്തിന് എങ്ങനെ ആമേൻ പറയും?

17നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; എങ്കിലും കേൾക്കുന്നവനു ആത്മികവർദ്ധന വരുന്നില്ലതാനും.

18നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ട് ഞാൻ ദൈവത്തെ സ്തുതിക്കുന്നു.

19എങ്കിലും സഭയിൽ പതിനായിരം വാക്ക് അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന് ബുദ്ധികൊണ്ട് അഞ്ചുവാക്ക് പറവാൻ ഞാൻ ഇച്ഛിക്കുന്നു.

20സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുത്; തിന്മയ്ക്ക് ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.

21“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോട് സംസാരിക്കും എങ്കിലും അവർ എന്റെ വാക്ക് കേൾക്കയില്ല എന്ന് കർത്താവ് അരുളിച്ചെയ്യുന്നു” എന്ന് ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.

22അതുകൊണ്ട് അന്യഭാഷകൾ അടയാളമായിരിക്കുന്നത് വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്ക് തന്നെ.

23സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്ത് വന്നാൽ നിങ്ങൾക്ക് ഭ്രാന്തുണ്ട് എന്ന് പറകയില്ലയോ?

24എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തുവന്നാൽ എല്ലാവരുടെ വാക്കിനാലും അവന് പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും.

25അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട് എന്ന് ഏറ്റുപറഞ്ഞ് ദൈവത്തെ നമസ്കരിക്കും.

26ആകയാൽ എന്ത്? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന് സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്, സകലവും ആത്മികവർദ്ധനയ്ക്കായി സഹായകമായി തീരട്ടെ.

27അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ.

28വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.

29പ്രവാചകന്മാർ രണ്ട് മൂന്ന് പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ.

30എന്നാൽ സഭയിൽ ഉള്ള മറ്റൊരുവന് വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ.

31എല്ലാവരും പഠിപ്പാനും എല്ലാവർക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്ക് എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ.

32പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്ക് കീഴടങ്ങിയിരിക്കുന്നു.

33ദൈവം കലക്കം സൃഷ്ടിക്കുന്ന ദൈവമല്ല മറിച്ച് സമാധാനത്തിന്റെ ദൈവമത്രേ.

34വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്ക് അനുവാദമില്ല.

35അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് അനുചിതമല്ലോ.

36ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങൾക്ക് മാത്രമോ വന്നത്?

37താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരാൾക്ക് തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്ക് എഴുതുന്നത് കർത്താവിന്റെ കല്പന ആകുന്നു എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ.

38ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ.

39അതുകൊണ്ട് സഹോദരന്മാരേ, പ്രവചനവരം ആഗ്രഹിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നത് വിലക്കുകയുമരുത്.

40സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.


  Share Facebook  |  Share Twitter

 <<  1 Corinthians 14 >> 


Bible2india.com
© 2010-2025
Help
Dual Panel

Laporan Masalah/Saran