Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  1 Corinthians 11 >> 

1ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങളും എന്നെ അനുകരിക്കുക.

2നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാൽ നിങ്ങളെ പുകഴ്ത്തുന്നു.

3എന്നാൽ ഏത് പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്ന് നിങ്ങൾ അറിയേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

4മൂടുപടം ഇട്ട് പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏത് പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.

5മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏത് സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അത് അവൾ ക്ഷൗരം ചെയ്യിച്ചത് പോലെയല്ലോ.

6സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി മുറിച്ചുകളയട്ടെ. മുറിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്ക് ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.

7പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.

8പുരുഷൻ സ്ത്രീയിൽ നിന്നല്ലല്ലോ സ്ത്രീ പുരുഷനിൽ നിന്നത്രേ ഉണ്ടായത്.

9പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷനായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്.

10അതുകൊണ്ട് ദൂതന്മാരെ ആദരിച്ച് വിധേയത്വത്തിന്റെ പ്രതീകമായ മൂടുപടം സ്ത്രീക്ക് ഉണ്ടായിരിക്കേണം.

11എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.

12സ്ത്രീ പുരുഷനിൽനിന്ന് ഉണ്ടായതുപോലെ പുരുഷനും സ്ത്രീ കാരണം ഉണ്ടാകുന്നു; എന്നാൽ സകലത്തിനും കാരണം ദൈവം ആകുന്നു.

13നിങ്ങൾ തന്നെ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോട് പ്രാർത്ഥിക്കുന്നത് യോഗ്യമോ?

14പുരുഷൻ മുടി നീട്ടിയാൽ അത് അവന് അപമാനം എന്നും

15സ്ത്രീ മുടി നീട്ടിയാലോ അത് മൂടുപടത്തിന് പകരം നല്കിയിരിക്കകൊണ്ട് അവൾക്ക് മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?

16ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്ന് ഓർക്കട്ടെ.

17ഇനിയും പറയുവാൻ പോകുന്ന കാര്യങ്ങളിൽ ഞാൻ നിങ്ങളെ പ്രശംസിക്കുന്നില്ല; കാരണം നിങ്ങൾ കൂടിവരുന്നതിനാൽ നന്മയല്ല തിന്മയാണ് ഉണ്ടാകുന്നതു.

18ഒന്നാമത് നിങ്ങൾ സഭകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്നു ഞാൻ കേൾക്കുന്നു; അത് ഭാഗികമായി ഞാൻ വിശ്വസിക്കയും ചെയ്യുന്നു.

19നിങ്ങളിൽ യോഗ്യരായവരെ തിരിച്ചറിയേണ്ടതിന് നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടാകേണ്ടത് ആവശ്യം.

20നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നത്.

21ഭക്ഷണം കഴിക്കയിൽ ഓരോരുത്തരും അവരവരുടെ അത്താഴം ആദ്യം കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു.

22തിന്നുവാനും കുടിപ്പാനും നിങ്ങൾക്ക് വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ നിന്ദിക്കുകയും, ഇല്ലാത്തവരെ ലജ്ജിപ്പിക്കുകയും ചെയ്യുന്നുവോ? നിങ്ങളോട് എന്ത് പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല.

23ഞാൻ കർത്താവിൽ നിന്ന് പ്രാപിക്കയും നിങ്ങൾക്ക് ഏല്പിക്കയും ചെയ്തത് എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്ത് സ്തോത്രം ചൊല്ലി നുറുക്കി:

24ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്‌വിൻ എന്ന് പറഞ്ഞു.

25അതുപോലെതന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇത് കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മയ്ക്കായി ചെയ്‌വിൻ എന്ന് പറഞ്ഞു.

26അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും ഈ പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.

27അതുകൊണ്ട് അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും.

28മനുഷ്യൻ തന്നെത്താൻ പരിശോധിച്ചിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്ന് കുടിക്കയും ചെയ്യുവാൻ.

29അതുകൊണ്ട്, കർത്താവിന്റെ ശരീരത്തെ ഗൗനിക്കാതെ അയോഗ്യരായി തിന്നുകയും കുടിക്കയും ചെയ്യുന്നവൻ താൻതന്നെ ശിക്ഷാവിധി ഭക്ഷിക്കയും കുടിക്കയും ചെയ്യുന്നു.

30അത് കാരണം നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.

31നാം നമ്മെത്തന്നെ ശോധന ചെയ്താൽ വിധിക്കപ്പെടുകയില്ല.

32എന്നാൽ നാം വിധിക്കപ്പെടുന്നു എങ്കിലോ ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന് കർത്താവ് നമുക്ക് ശിക്ഷണം നൽകുകയാകുന്നു.

33ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഭക്ഷണം കഴിപ്പാൻ കൂടുമ്പോൾ അന്യോന്യം കാത്തിരിപ്പിൻ.

34വല്ലവനും വിശക്കുന്നു എങ്കിൽ നിങ്ങൾ ഒരുമിച്ച് കൂടുന്നത് ന്യായവിധിക്ക് കാരണം ആകാതിരിക്കേണ്ടതിന് അവൻ വീട്ടിൽവച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാൻ വന്നിട്ട് ക്രമപ്പെടുത്തും.


  Share Facebook  |  Share Twitter

 <<  1 Corinthians 11 >> 


Bible2india.com
© 2010-2025
Help
Dual Panel

Laporan Masalah/Saran