Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  1 Corinthians 10 >> 

1സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു;

2എല്ലാവരും സമുദ്രത്തിലൂടെ കടന്ന് എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു

3മോശെയോടുകൂടെ ചേർന്നു എല്ലാവരും

4ഒരേ ആത്മികാഹാരം തിന്നുകയും ഒരേ ആത്മീകപാനീയം കുടിക്കുകയും ചെയ്തു –അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചത്; ആ പാറ ക്രിസ്തു ആയിരുന്നു–

5എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്ന് നിങ്ങൾ അറിയേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

6അവർ മോഹിച്ചതുപോലെ നാമും തിന്മ ആഗ്രഹിക്കുന്നവർ ആകാതിരിക്കേണ്ടതിന് ഇത് നമുക്ക് ഒരു പാഠമായി സംഭവിച്ചു;

7“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, ഉല്ലസിപ്പാൻ എഴുന്നേറ്റു” എന്ന് എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുത്.

8അവരിൽ ചിലർ വ്യഭിചാരം ചെയ്ത് ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ മരിച്ചുപോയതുപോലെ നാം വ്യഭിചാരം ചെയ്യരുത്.

9അവരിൽ ചിലർ കർത്താവിനെ പരീക്ഷിച്ച് സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാമും കർത്താവിനെ പരീക്ഷിക്കരുത്.

10അവരിൽ ചിലർ പിറുപിറുത്ത് സംഹാരദൂതനാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുത്.

11ഇത് ഒരു പാഠമാകാനായി അവർക്ക് സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമ്മുടെ ഗുണദോഷത്തിനായി എഴുതിയുമിരിക്കുന്നു.

12അതുകൊണ്ട് താൻ നില്ക്കുന്നു എന്ന് തോന്നുന്നവൻ വീഴാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളട്ടെ.

13മനുഷ്യർക്ക് സാധാരണമല്ലാത്ത പരീക്ഷ നിങ്ങൾക്ക് നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ ആകുന്നു; നിങ്ങളുടെ കഴിവിന് മീതെ പരീക്ഷ നേരിടുവാൻ അവൻ സമ്മതിക്കുകയില്ല. നിങ്ങൾക്ക് സഹിപ്പാൻ കഴിയേണ്ടതിന് പരീക്ഷയോടുകൂടെ അവൻ പരിഹാരവും ഉണ്ടാക്കും.

14അതുകൊണ്ട് പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ.

15നിങ്ങൾ വിവേകികൾ എന്നുവച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നത് വിവേചിപ്പിൻ.

16നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?

17അപ്പം ഒന്ന് ആകകൊണ്ട് പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ പങ്കാളികൾ ആകുന്നുവല്ലോ.

18ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭക്ഷിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ?

19വിഗ്രഹങ്ങൾക്ക് അർപ്പിച്ചതിന് പ്രാധാന്യം ഉണ്ടെന്നൊ അല്ലെങ്കിൽ വിഗ്രഹത്തിന് പ്രാധാന്യം വല്ലതും ഉണ്ടെന്നോ അല്ല ഞാൻ പറയുന്നത്?

20അല്ല, ജാതികൾ ബലി കഴിക്കുന്നത് ദൈവത്തിനല്ല ഭൂതങ്ങൾക്ക് കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്ക് മനസ്സില്ല.

21നിങ്ങൾക്ക് കർത്താവിന്റെ പാനപാത്രത്തിൽ നിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽ നിന്നും കുടിപ്പാൻ സാധിക്കില്ല; നിങ്ങൾക്ക് കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും പങ്കാളികൾ ആകുവാനും സാ‍ധിക്കുകയില്ല.

22അല്ല, നാം കർത്താവിന് കോപം ജ്വലിപ്പിക്കുവാൻ ശ്രമിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?

23സകലത്തിനും എനിക്കു കർത്തവ്യം ഉണ്ട്; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിനും എനിക്ക് കർത്തവ്യം ഉണ്ട്; എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല.

24ഓരോരുത്തൻ സ്വന്തം നന്മയല്ല, മറ്റുള്ളവന്റെ നന്മ അന്വേഷിക്കട്ടെ.

25കടയിൽ നിന്ന് വാങ്ങുന്നത് എല്ലാം മനസ്സാക്ഷി നിമിത്തം ഒരു സംശയവും കൂടാതെ നാം കഴിക്കുന്നു.

26ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിനുള്ളതല്ലോ.

27അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്ക് പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നത് എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ ഭക്ഷിക്കുവിൻ.

28എങ്കിലും ഒരുവൻ: ഇത് വിഗ്രഹാർപ്പിതം എന്നു നിങ്ങളോട് പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുത്.

29മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു നിങ്ങളുടേതല്ല. അതു വിഗ്രഹർപ്പിതം ആണെന്നു അറിയിച്ചവന്റെ മനസ്സാക്ഷിയാണ് കണക്കിലെടുക്കേണ്ടത്. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നത് എന്തിന്?

30നന്ദിയോടെ അനുഭവിച്ചു സ്തോത്രംചെയ്ത ഭക്ഷണം നിമിത്തം ഞാൻ ദുഷിക്കപ്പെടുന്നത് എന്തിന്?

31ആകയാൽ നിങ്ങൾ ഭക്ഷിച്ചാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യുവിൻ.

32യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭയ്ക്കും പിണക്കം ഇല്ലാത്തവരാകുവിൻ.

33ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന് അവരുടെ ഗുണംതന്നെ അന്വേഷിച്ചുകൊണ്ട് എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.


  Share Facebook  |  Share Twitter

 <<  1 Corinthians 10 >> 


Bible2india.com
© 2010-2025
Help
Dual Panel

Laporan Masalah/Saran