1അതിനുശേഷം ഞാൻ നോക്കിയപ്പോൾ സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു കണ്ടു; ആദ്യമായി ഞാൻ കേട്ടത് കാഹളനാദംപോലെ എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ഒരു ശബ്ദം ആയിരുന്നു. അത് എന്നോട് പറഞ്ഞത്: ഇവിടെ കയറിവരിക; ഇനിയും സംഭവിപ്പാനുള്ളതു എന്തെന്ന് ഞാൻ നിന്നെ കാണിക്കും.
2അപ്പോൾ തന്നെ ഞാൻ ആത്മവിവശതയിലായി, സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും അതിൽ ഒരുവൻ ഇരിക്കുന്നതും ഞാൻ കണ്ടു.
3അതിൽ ഇരിക്കുന്നവൻ കാഴ്ചെക്കു സൂര്യകാന്തത്തേയും പത്മരാഗത്തേയും പോലെ ഉള്ളവൻ; സിംഹാസനത്തിന്റെ ചുറ്റും കാഴ്ചെക്കു മരതകത്തോടു തുല്ല്യമായോരു പച്ചവില്ലു;
4സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തിനാലു ഇരിപ്പിടം; ഇരിപ്പിടങ്ങളിൽ വെള്ളവസ്ത്രം ധരിച്ചുംകൊണ്ടു ഇരുപത്തിനാലു മൂപ്പന്മാർ ഇരിന്നിരുന്നു.
5സിംഹാസനത്തിൽനിന്നു മിന്നലും, ഇടിമിഴക്കവും, ശബ്ദഘോഷവും പുറപ്പെട്ടിരുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴുവിളക്കുകൾ സിംഹാസനത്തിന്റെ മുമ്പിൽ കത്തികൊണ്ടിരുന്നു;
6സിംഹാസനത്തിന്റെ മുമ്പിൽ സ്ഫടിക തുല്യമായ കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ ചുറ്റിലും, മുമ്പിലും പുറകിലും കണ്ണുകൾ നിറഞ്ഞിരുന്ന നാലു ജീവികൾ.
7ഒന്നാം ജീവി സിംഹത്തെപ്പോലെ; രണ്ടാം ജീവി കാളയെപ്പോലെ മൂന്നാം ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്; നാലാം ജീവി പറക്കുന്ന കഴുകനു സമം.
8നാലു ജീവികൾക്കും ആറു ചിറകുകൾ വീതം, അവക്കുള്ളിൽ നിറയെ കണ്ണുകളും ഉണ്ടായിരുന്നു. ഇരുന്നവനും ഇരിക്കുന്നവനും വരുന്നവനുമായി സർവശക്തനായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ ഭേതം കൂടാതെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.
9എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന്നു ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും
10സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ ഇരുപത്തുനാലു മൂപ്പന്മാരും വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിക്കുകയും അവരുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇട്ടുകൊണ്ട്,
11ഞങ്ങളുടെ കർത്താവേ, മഹത്വവും, ബഹുമാനവും ശക്തിയും സ്വീകരിപ്പാൻ നീ യോഗ്യൻ. നിന്റെ സന്തോഷത്തിനായി അവ ഉളവാകുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു.
<< Revelation 4 >>