Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  2 Corinthians 3 >> 

1ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നെ പ്രശംസിപ്പാൻ തുടങ്ങുന്നുവോ? അല്ല ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്ക് ശുപാർശ കത്ത് കാണിപ്പാനാകട്ടെ വാങ്ങുവാനാകട്ടെ ഞങ്ങൾക്ക് ആവശ്യമോ?

2ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നെ.

3ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിന്റെ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അത് മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നെ എഴുതിയിരിക്കുന്നു.

4ഇപ്രകാരം ഉള്ള ഉറപ്പ് ഞങ്ങൾക്ക് ദൈവത്തിൽ ക്രിസ്തുവിലൂടെ ഉണ്ട്

5ഞങ്ങളിൽനിന്ന് തന്നെ വരുമ്പോലെ സ്വയമായി വല്ലതും അവകാശപ്പെടാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.

6അവൻ ഞങ്ങളെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകന്മാർ ആകുവാൻ യോഗ്യരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രെ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.

7എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണത്തിന്റെ ശുശ്രൂഷ, മങ്ങിപോകുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്ക് അവന്റെ മുഖത്ത് നോക്കിക്കൂടാതവണ്ണം

8തേജസ്സുള്ളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?

9ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കിൽ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും.

10അതേ, തേജസ്സോടുകൂടിയത് ഈ കാര്യത്തിൽ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി.

11നീക്കം വരുന്നത് തേജസ്സുള്ളതായിരുന്നെങ്കിൽ നിലനില്ക്കുന്നത് എത്ര അധികം തേജസ്സുള്ളതായിരിക്കും!

12ഇങ്ങനെയുള്ള ദൃഢവിശ്വാസം ഞങ്ങൾക്കുള്ളതുകൊണ്ട് വളരെ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു.

13നീങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേൽ മക്കൾ കാണാതവണ്ണം മോശെ തന്റെ മുഖത്ത് മൂടുപടം ഇട്ടതുപോലെ അല്ല.

14എന്നാൽ അവരുടെ മനസ്സ് കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അത് ക്രിസ്തുവിലൂടെ മാത്രം നീങ്ങിപ്പോകുന്നു.

15മോശെയുടെ പുസ്തകം വായിക്കുമ്പോൾഒക്കെയും മൂടുപടം ഇന്നയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു.

16കർത്താവിലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും.

17കർത്താവ് ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്.

18എന്നാൽ നാം എല്ലാവരും, മൂടുപടം നീങ്ങിയ മുഖത്ത് കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സ് പ്രാപിച്ച് കർത്താവിന്റെ അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.



 <<  2 Corinthians 3 >> 


Bible2india.com
© 2010-2025
Help
Single Panel

Laporan Masalah/Saran