Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  John 21 >> 

1അതിന്റെശേഷം യേശു പിന്നെയും തിബെര്യാസ് കടല്ക്കരയിൽവെച്ചു ശിഷ്യന്മാർക്കു പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു:

2ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും യേശുവിന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.

3ശിമോൻ പത്രൊസ് അവരോടു: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടകു കയറി പോയി; എന്നാൽ ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല.

4പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല.

5യേശു അവരോടു: കുഞ്ഞുങ്ങളേ, നിങ്ങൾക്ക് കഴിക്കുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു.

6പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്നു അവൻ അവരോടു പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അത് വലിപ്പാൻ കഴിഞ്ഞില്ല.

7യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോടു: അത് കർത്താവു ആകുന്നു എന്നു പറഞ്ഞു; കർത്താവു ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടപ്പോൾ, താൻ അല്പം വസ്ത്രം മാത്രം ധരിച്ചിരുന്നതുകൊണ്ട്; തന്റെ പുറംവസ്ത്രമെടുത്ത് അരയിൽ ചുറ്റി കടലിൽ ചാടി.

8മറ്റുള്ള ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു പടകിൽ വന്നു.

9കരെക്കു ഇറങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.

10യേശു അവരോടു: ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.

11ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീൻ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.

12യേശു അവരോടു: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; ഇതു കർത്താവാകുന്നു എന്നു അറിഞ്ഞിരുന്നതുകൊണ്ട് ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്നു അവനോടു ചോദിപ്പാൻ തുനിഞ്ഞില്ല.

13യേശു വന്നു അപ്പം എടുത്തു അവർക്കു കൊടുത്തു; മീനും അങ്ങനെതന്നെ.

14യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇതു മൂന്നാമത്തെ പ്രാവശ്യമായിരുന്നു തന്നത്താൻ ശിഷ്യന്മാർക്കു പ്രത്യക്ഷനായത്.

15അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: ഉവ്വ്, കർത്താവേ; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവൻ അവനോടു പറഞ്ഞു.

16രണ്ടാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്നു അവൻ അവനോടു പറഞ്ഞു.

17മൂന്നാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. എന്നെ സ്നേഹിക്കുന്നുവോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: എന്റെ ആടുകളെ മേയ്ക്ക.

18ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ യൌവനക്കാരൻ ആയിരുന്നപ്പോൾ നീ തന്നേ അര കെട്ടി നിനക്ക് ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അര കെട്ടി നിനക്കു ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.

19യേശു ഇതു പറഞ്ഞത്, ഏതു വിധത്തിലുള്ള മരണത്താൽ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. ഇതു പറഞ്ഞതിനുശേഷം: “എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു.

20പത്രോസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ അവരെ പിൻചെല്ലുന്നതു കണ്ടു; [അത്താഴത്തിൽ അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ടു: കർത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചതു ഇവൻ തന്നേ].

21അവനെ പത്രോസ് കണ്ടിട്ടു: കർത്താവേ, ഈ മനുഷ്യനു എന്തു ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു.

22യേശു അവനോടു: ഞാൻ വരുവോളം ഇവൻ കാത്തിരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു.

23ആകയാൽ ആ ശിഷ്യൻ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. യേശുവോ: അവൻ മരിക്കയില്ല എന്നല്ല, ഞാൻ വരുവോളം ഇവൻ കാത്തിരിക്കേണം എന്നു എനിക്കു ഇഷ്ടമുണ്ടെങ്കിൽ അത് നിനക്ക് എന്തു എന്നത്രേ അവനോടു പറഞ്ഞതു.

24ഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യമാകുന്നു എന്നു ഞങ്ങൾ അറിയുന്നു.

25യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അത് ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.


  Share Facebook  |  Share Twitter

 <<  John 21 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran