Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  John 16 >> 

1നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

2തീർച്ചയായും അവർ നിങ്ങളെ പള്ളിയിൽനിന്ന് പുറത്താക്കും; നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നുവേണ്ടി നല്ലപ്രവൃത്തി ചെയ്യുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.

3അവർ പിതാവിനെയോ എന്നെയോ അറിയാത്തതുകൊണ്ടു ഇങ്ങനെ ചെയ്യും.

4അതു സംഭവിക്കുന്ന നാഴിക വരുമ്പോൾ ഞാൻ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന്നു ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആരംഭത്തിൽ ഈ കാര്യങ്ങളെകുറിച്ച് നിങ്ങളോടു പറയാതിരുന്നതു ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടത്രേ.

5ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: എന്നിട്ടും നീ എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോടു ചോദിക്കുന്നില്ല.

6എങ്കിലും ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു പറഞ്ഞതുകൊണ്ടു നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു.

7എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു നല്ലത്; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാലോ അവനെ നിങ്ങളുടെ അടുക്കൽ അയയ്ക്കും.

8അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും;

9അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ട് പാപത്തെക്കുറിച്ചും

10ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ട് നീതിയെക്കുറിച്ചും

11ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധ്യം വരുത്തും.

12എനിക്ക് വളരെ കാര്യങ്ങൾ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ അവയെ നിങ്ങൾക്കു ഇപ്പോൾ മനസിലാക്കാൻ കഴിയില്ല.

13സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.

14അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.

15പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.

16കുറച്ചുസമയം കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറച്ചുസമയം കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും.

17അവന്റെ ശിഷ്യന്മാരിൽ ചിലർ: കുറച്ചുസമയം കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറച്ചുസമയം കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്റെ അടുക്കൽ പോകുന്നു എന്നും അവൻ നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മിൽ ചോദിച്ചു.

18‘കുറച്ചുസമയം കഴിഞ്ഞിട്ടു’ എന്നു ഈ പറയുന്നതു എന്താകുന്നു? അവൻ എന്തു സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവർ പറഞ്ഞു.

19അവർ തന്നോടു ചോദിപ്പാൻ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞു യേശു അവരോടു പറഞ്ഞതു: കുറച്ചുസമയം കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും കുറച്ചുസമയം കഴിഞ്ഞിട്ടു എന്നെ കാണും എന്നു ഞാൻ പറകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ ചോദിക്കുന്നുവോ?

20ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും; എന്നാൽ ലോകം സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.

21ഒരു സ്ത്രീക്കു പ്രസവവേദന വരുമ്പോൾ തന്റെ പ്രസവസമയം വന്നതുകൊണ്ടു അവൾക്കു ദുഃഖം ഉണ്ടു; എന്നാൽ കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു കുഞ്ഞ് ലോകത്തിലേക്കു പിറന്നതിന്റെ സന്തോഷംനിമിത്തം അവൾ തന്റെ വേദന പിന്നെ ഓർക്കുന്നില്ല.

22അങ്ങനെ നിങ്ങൾക്കും ഇപ്പോൾ ദുഃഖം ഉണ്ടു എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്നു എടുത്തുകളകയുമില്ല.

23അന്നു നിങ്ങൾ എന്നോടു ഒരു ചോദ്യവും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.

24ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങൾക്കു ലഭിക്കും അങ്ങനെ നിങ്ങളുടെ സന്തോഷം പൂർണ്ണമാകും.

25ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു.

26അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.

27നിങ്ങൾ എന്നെ സ്നേഹിച്ചു, ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവുതാനും നിങ്ങളെ സ്നേഹിക്കുന്നു.

28ഞാൻ പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.

29അതിന് അവന്റെ ശിഷ്യന്മാർ: ഇപ്പോൾ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.

30നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു.

31യേശു അവരോടു: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?

32നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ലതാനും.

33നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടങ്ങൾ ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.


  Share Facebook  |  Share Twitter

 <<  John 16 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran