Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Revelation 5 >> 

1പിന്നെ ഞാൻ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലംകൈയ്യിൽ അകത്തും പുറകിലും എഴുതിയിരിക്കുന്നതും ഏഴു മുദ്രയാൽ മുദ്രയിട്ടിരിക്കുന്നതുമായ ഒരു ചുരുൾ കണ്ടു.

2ആ ചുരുൾ തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആർ? എന്നു അത്യുച്ചത്തിൽ വിളംബരം ചെയ്യുന്ന ശക്തനായോരു ദൂതനെയും ഞാൻ കണ്ടു.

3ചുരുൾ തുറക്കുവാനോ അത് ഒന്ന് നോക്കുവാൻ പോലുമോ സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആർക്കും കഴിഞ്ഞില്ല.

4ചുരുൾ തുറക്കുവാനോ അത് വായിക്കുവാനോ നോക്കുവാനോ യോഗ്യതയുള്ള ആരെയും കണ്ടെത്തായ്കകൊണ്ടു ഞാൻ അതിദുഃഖത്തോടെ കരഞ്ഞു.

5എങ്കിലും മൂപ്പന്മാരിൽ ഒരുവൻ എന്നോടു പറഞ്ഞതു: കരയേണ്ട; നോക്കൂ, യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ ചുരുൾ തുറക്കുവാനും അതിന്റെ ഏഴുമുദ്രയും അഴിപ്പാനും തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു.

6സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു ഞാൻ കണ്ടു: അവനു ഏഴു കൊമ്പും ഭൂമിയിൽ എല്ലായിടത്തേക്കും അയച്ചിരിക്കുന്ന ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴു കണ്ണും ഉണ്ടു.

7അവൻ ചെന്ന് സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലംകൈയ്യിൽ നിന്നു ചുരുൾ വാങ്ങി.

8അവൻ ചുരുൾ വാങ്ങിയപ്പോൾ നാലുജീവികളും ഇരുപത്തിനാലു മൂപ്പന്മാരും കുഞ്ഞാടിന്റെ മുമ്പാകെ വീണു. ഓരോരുത്തനു വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന സുഗന്ധം നിറഞ്ഞ സ്വർണ്ണപാത്രവും ഉണ്ടായിരുന്നു.

9അവർ ഒരു പുതിയ പാട്ട് പാടി: ചുരുൾ വാങ്ങുവാനും അതിന്റെ മുദ്ര തുറക്കുവാനും നീ യോഗ്യൻ; “നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സകലഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ള ജനങ്ങളെ നീ ദൈവത്തിന്നായി വിലയ്ക്കു വാങ്ങി;

10ഞങ്ങളുടെ ദൈവത്തിന്നായി നീ ഞങ്ങളെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴും.”

11പിന്നെ ഞാൻ നോക്കിയപ്പോൾ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും അനേകം ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം ഇരട്ടി പതിനായിരവും ആയിരം ആയിരവും ആയിരുന്നു.

12അവർ അത്യുച്ചത്തിൽ പറഞ്ഞത്: “അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ.”

13സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും പറയുന്നതായി ഞാൻ കേട്ടത്: “സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും അധികാരവും എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ.”

14അപ്പോൾ നാലു ജീവികളും, “ആമ്മേൻ!”എന്നു പറഞ്ഞു; ഇരുപത്തിനാലു മൂപ്പന്മാരും എന്നെന്നേക്കും ഇരിക്കുന്നവനെ വീണു ആരാധിച്ചു.


  Share Facebook  |  Share Twitter

 <<  Revelation 5 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran