Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Romans 7 >> 

1സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നതു: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്റെമേൽ അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയുന്നില്ലയോ?

2വിവാഹിതയായ സ്ത്രീ, ഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം അവനോട് നിയമത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചാൽ അവൾ വിവാഹനിയമത്തിൽനിന്നു ഒഴിവുള്ളവളായി.

3ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ മറ്റൊരു പുരുഷനോടുകൂടെ ജീവിച്ചാൽ വ്യഭിചാരിണി എന്നു വിളിക്കപ്പെടും; ഭർത്താവു മരിച്ചു എങ്കിലോ അവൾ മറ്റൊരുപുരുഷനോടുകൂടെ ജീവിച്ചാൽ വ്യഭിചാരിണി എന്നു വരാതവണ്ണം അവൾ നിയമത്തിൽനിന്നു സ്വതന്ത്രയാകുന്നു.

4അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളും മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ മറ്റൊരുവനോട് ചേർന്ന് നാം ദൈവത്തിന്നു ഫലം പുറപ്പെടുവിക്കേണ്ടതിനു, ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു.

5നാം ജഡത്തിലായിരുന്നപ്പോൾ ന്യായപ്രമാണത്താൽ ഉളവായ പാപവികാരങ്ങൾ മരണത്തിന്നു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളിൽ പ്രവൃത്തിച്ചുപോന്നു.

6ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽത്തന്നെ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.

7ആകയാൽ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അല്ല. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; “നീ മോഹിക്കരുതു” എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു.

8പാപമോ കല്പനയിലൂടെ അവസരമെടുത്തിട്ട് എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാകുന്നു.

9ഞാൻ ഒരുകാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു.

10ഇങ്ങനെ ജീവൻ കൊണ്ടുവരേണ്ടിയിരുന്ന കല്പന മരണത്തിനായിത്തീർന്നു എന്നു ഞാൻ കണ്ടു.

11പാപത്തിന് കല്പനയിലൂടെ അവസരം ലഭിച്ചിട്ടു എന്നെ ചതിക്കയും, അത് കൽപ്പനയിലൂടെ എന്നെ കൊല്ലുകയും ചെയ്തു.

12ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ.

13എന്നാൽ നന്മയായുള്ളതു എനിക്കു മരണകാരണമായിത്തീർന്നു എന്നോ? ഒരുനാളും അല്ല, പാപമത്രേ മരണമായിത്തീർന്നത്; അതു നന്മയായുള്ളതിനെക്കൊണ്ട് എനിക്കു മരണം ഉളവാക്കുന്നതിനാൽ പാപം എന്നു തെളിയേണ്ടതിന്നും, കല്പനയാൽ അത്യന്തം പാപമായിത്തീരേണ്ടതിനും തന്നെ.

14ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡത്തിൽനിന്നുള്ളവൻ, പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ തന്നെ.

15ഞാൻ പ്രവർത്തിക്കുന്നതെന്തെന്ന് യഥാർത്ഥമായി എനിക്കു മനസിലാകുന്നില്ല; കാരണം ഞാൻ ഇച്ഛിക്കുന്നതിനെ അല്ല, വെറുക്കുന്നതിനെ അത്രെ ചെയ്യുന്നതു.

16ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു.

17ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.

18എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‌വാനുള്ള താല്പര്യം എനിക്കുണ്ടു; എന്നാൽ അതു പ്രവർത്തിക്കാൻ കഴിയുന്നില്ല.

19ഞാൻ ചെയ്യുവാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ല; ഇച്ഛിക്കാത്ത തിന്മയത്രെ പ്രവർത്തിക്കുന്നത്.

20ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമത്രെ.

21അങ്ങനെ നന്മ ചെയ്യുവാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.

22ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു.

23എങ്കിലും എന്റെ മനസിന്റെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.

24അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?

25എന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു സ്തോത്രം. ഇങ്ങനെ ഒരുവശത്ത് ഞാൻ എന്റെ മനസ്സുകൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും മറുവശത്ത് ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.


  Share Facebook  |  Share Twitter

 <<  Romans 7 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran