Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Romans 12 >> 

1സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധിയും ദൈവത്തിന്നു സ്വീകാര്യവുമായ ജീവനുള്ള യാഗമായി സമർപ്പിപ്പിൻ; ഇതല്ലോ നിങ്ങളുടെ ആത്മീക ആരാധന.

2ഈ ലോകത്തിന്നു അനുരൂപമാകാതെ നല്ലതും സ്വീകാര്യവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.

3ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.

4ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും;

5അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.

6ആകയാൽ നമുക്കു നൽകപ്പെട്ടിട്ടുള്ള കൃപക്കനുസരിച്ച് വ്യത്യസ്തമായ വരങ്ങളും നമുക്കുണ്ട്. ഒരുവന് പ്രവചനവരമാണെങ്കിൽ അത് അവന്റെ വിശ്വാസത്തിന്നു ഒത്തവണ്ണം ചെയ്യട്ടെ,

7ശുശ്രൂഷിപ്പാനുള്ള വരമാണെങ്കിൽ അവൻ ശുശ്രൂഷിക്കട്ടെ, ഉപദേശിപ്പാനുള്ള വരമാണെങ്കിൽ അവൻ ഉപദേശിക്കട്ടെ,

8പ്രോത്സാഹിപ്പിക്കാനുള്ള വരമാണെങ്കിൽ അവൻ പ്രോത്സാഹിപ്പിക്കട്ടെ; കൊടുപ്പാനുള്ള വരമാണെങ്കിൽ അവൻ അത് ഉദാരമായും, നയിക്കുവാനുള്ള വരമാണെങ്കിൽ അതു കരുതലോടെയും, കരുണകാണിക്കുവാനുള്ള വരമാണെങ്കിൽ അത് പ്രസന്നതയോടെയും ചെയ്യട്ടെ.

9സ്നേഹം കപടമില്ലാത്തതായിരിക്കട്ടെ; തിന്മയായതിനെ വെറുത്തു നല്ലതിനെ മുറുകെപ്പിടിക്കുവിൻ.

10സഹോദരസ്നേഹത്തെകുറിച്ച്; അന്യോന്യം വാത്സല്യത്തോടെയും, ബഹുമാനിക്കുന്നതിൽ; അന്യോന്യം ആദരിക്കുകയും ചെയ്‌വിൻ.

11ഉത്സാഹത്തിൽ മടുപ്പില്ലാതെ; ആത്മാവിൽ എരിവുള്ളവരായി; കർത്താവിനെ സേവിപ്പിൻ;

12ആശയിൽ സന്തോഷിപ്പിൻ;

13കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്‌വിൻ.

14നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ.

15സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‌വിൻ.

16തമ്മിൽ ഐകമത്യമുള്ളവരായിരിപ്പിൻ. വലിപ്പം ഭാവിക്കാതെ എളിയവരെ കൈകൊള്ളുവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു.

17ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ നന്മ പ്രവൃത്തിപ്പിൻ.

18കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.

19പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു. എന്നാൽ

20“നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കൂനകൂട്ടും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

21തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.


  Share Facebook  |  Share Twitter

 <<  Romans 12 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran