Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Romans 11 >> 

1എന്നാൽ ദൈവം തന്റെ ജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും ഒരു യിസ്രായേല്യനല്ലോ; അബ്രഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.

2ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിനെ കുറിച്ച് തിരുവെഴുത്തു പറയുന്നതു നിങ്ങൾ അറിയുന്നില്ലയോ?

3അവൻ യിസ്രായേലിന്നു വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”

4എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന് അരുളപ്പാട് ഉണ്ടായത് എന്ത്? “ബാലിന്നു മുട്ടുമടക്കാത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.

5അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു.

6കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ ഒരിക്കലും കൃപയാകുകയില്ല.

7ആകയാൽ എന്തു? യിസ്രായേൽ അന്വേഷിച്ചതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.

8“ദൈവം അവർക്കു ഇന്നുവരെ ഉദാസീനതയുടെ ആത്മാവും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നതുപോലെതന്നെ.

9“അവരുടെ മേശ അവർക്കു കണിയും കുടുക്കും ഇടർച്ചകല്ലും പ്രതികാരവുമായിത്തീരട്ടെ;

10അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.

11എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്ക് എരിവു വരുത്തുവാൻ, അവരുടെ പരാജയം നിമിത്തം ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു.

12എന്നാൽ അവരുടെ പരാജയം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ പൂർത്തികരണം എത്ര അധികമായിരിക്കും?

13എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ ശുശ്രൂഷയിൽ പ്രശംസിക്കുന്നു;

14അതു ഒരുപക്ഷെ ഞാൻ എന്റെ സ്വജാതിയിലുള്ളവരിൽ എരിവ് ഉളവാക്കി, അവരിൽ ചിലരെയെങ്കിലും രക്ഷിക്കാൻ ഇടയാകുമല്ലോ.

15അവരുടെ തിരസ്കരണം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും?

16കുഴച്ചമാവിൽനിന്ന് ആദ്യഫലം വിശുദ്ധം എങ്കിൽ അതു മുഴുവനും അങ്ങനെതന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെതന്നെ.

17കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു എങ്കിലോ,

18കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കിൽ, നീ വേരിനെ അല്ല താങ്ങുന്നത് വേർ നിന്നെയത്രേ താങ്ങുന്നത്.

19എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.

20ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; നിന്റെ വിശ്വാസത്താൽ നീ നില്ക്കുന്നു; അഹങ്കരിക്കാതെ ഭയപ്പെടുക.

21സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.

22ആകയാൽ ദൈവത്തിന്റെ ദയയും കാഠിന്യവും കാൺക; ഒരുവശത്ത് വീണുപ്പോയ യഹൂദരിൽ ദൈവത്തിന്റെ കാഠിന്യവും; മറുവശത്ത് നീ ദൈവത്തിന്റെ ദയയിൽ നിലനിന്നാൽ നിന്നിൽ അവന്റെ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.

23എങ്കിലും അവർ അവരുടെ അവിശ്വാസത്തിൽതന്നെ തുടരാതിരുന്നാൽ അവരെയുംകൂടെ തിരികെ ഒട്ടിച്ചുചേർക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ.

24സ്വഭാവത്താൽ കാട്ടൊലിവായ മരത്തിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായ ഈ യഹൂദരെ അവരുടെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി തിരികെ ഒട്ടിക്കും.

25സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു: അതായത് യിസ്രായേലിൽ ഒരു ഭാഗംമാത്രമേ കാഠിന്യമായിരിക്കുന്നുള്ളു. അതും ജാതികൾ പൂർണ്ണമായി ചേരുന്നതുവരെമാത്രം

26അങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.

27“വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ എടുത്തു നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന ഉടമ്പടി” എന്നു എഴുതിയിരിക്കുന്നതുപ്പോലെതന്നെ.

28ഒരു വശത്ത് സുവിശേഷം സംബന്ധിച്ച് അവർ നിങ്ങൾ നിമിത്തം വെറുക്കപ്പെട്ടു; എന്നാൽ മറുവശത്ത് ദൈവത്തിന്റെ തിരഞ്ഞെടുപ്പു സംബന്ധിച്ച് പിതാക്കന്മാർനിമിത്തം അവർ പ്രിയപ്പെട്ടവർ.

29എന്തെന്നാൽ ദൈവത്തിന്റെ കൃപാവരങ്ങളും വിളിയും മാറ്റമില്ലാത്തവയല്ലോ.

30നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ,

31നിങ്ങൾക്കു ലഭിച്ച കരുണയാൽ ഈ യഹൂദർക്കു കരുണ ലഭിക്കേണ്ടതിന്നു, അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു.

32ദൈവം എല്ലാവരോടും കരുണ കാണിക്കേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടച്ചുകളഞ്ഞു.

33ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.

34കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ? അവന്നു മന്ത്രിയായിരുന്നവൻ ആർ?

35അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ?

36സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം. ആമേൻ.


  Share Facebook  |  Share Twitter

 <<  Romans 11 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran