Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Romans 1 >> 

1ദൈവത്തിന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ദൈവത്തിന്റെ സുവിശേഷം,

2തന്റെ പ്രവാചകന്മാർ മുഖാന്തരം എഴുതപ്പെട്ട വിശുദ്ധരേഖകളിൽ മുമ്പുകൂട്ടി വാഗ്ദത്തം ചെയ്തിട്ടുള്ളതാണ്.

3ഈ സുവിശേഷം പ്രസംഗിക്കുന്നതിനായി വേർതിരിച്ച് വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലോസ് റോമയിൽ ദൈവത്തിനു പ്രീയമുള്ളവരും വിശുദ്ധന്മാരായി വിളിക്കപ്പെട്ട എല്ലാവർക്കും എഴുതുന്നത്.

4നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

5മനുഷ്യനെന്ന നിലയിൽ ദാവീദിന്റെ വംശാവലിയിൽ ജനിക്കുകയും മരിച്ചിട്ട് ഉയർത്തെഴുന്നേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവിനാൽ ദൈവപുത്രൻ എന്ന് ശക്തിയോടെ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ

6അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു.

7അവരിൽ യേശുക്രിസ്തുവിനുള്ളവരായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.

8നിങ്ങളുടെ വിശ്വാസം ലോകം മുഴുവനും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നെ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്റെ ദൈവത്തിനു യേശുക്രിസ്തുമുഖാന്തരം സ്തോത്രം ചെയ്യുന്നു.

9ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ടു ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന്നു എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു

10എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ സേവിക്കുന്ന ദൈവം എനിക്കു സാക്ഷി.

11നിങ്ങളെ ഉറപ്പിക്കേണ്ടതിനായി ചില ആത്മികവരം നിങ്ങൾക്കു നല്കേണ്ടതിന്നു,

12അതായത് നിങ്ങൾക്കും എനിക്കുമുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ഒരുമിച്ച് പ്രോത്സാഹനം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണുവാൻ വാഞ്ഛിക്കുന്നു.

13എന്നാൽ സഹോദരന്മാരേ, എനിക്കു മറ്റുള്ള ജാതികളുടെയിടയിൽ ഉള്ളതുപോലെ നിങ്ങളുടെയിടയിലും ചില ഫലം ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.

14പരിഷ്കൃതർക്കും അപരിഷ്കൃതർക്കും, ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.

15അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.

16സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും, ആദ്യം യെഹൂദന്നും പിന്നെ യവനനും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.

17അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

18അനീതികൊണ്ടു സത്യത്തെ തടഞ്ഞുവെക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും എതിരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.

19എന്തുകൊണ്ടെന്നാൽ ദൈവത്തെക്കുറിച്ചു അറിയുവാൻ കഴിയുന്നിടത്തോളം അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിപ്പെടുത്തിയല്ലോ.

20ദൈവത്തിന്റെ നിത്യശക്തിയും ദിവ്യസ്വഭാവവും പ്രപഞ്ചസൃഷ്ടിമുതൽ സൃഷ്ടികളിൽക്കൂടി വെളിപ്പെട്ടിരിക്കുന്നു; അതുകൊണ്ട് അവർക്കു ഒഴിവുകഴിവൊന്നും പറയാനാകില്ല.

21അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമായി മഹത്വപ്പെടുത്തുകയോ നന്ദി കരേറ്റുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ മൂഢരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.

22ജ്ഞാനികൾ എന്നു അവകാശപ്പെട്ടുകൊണ്ടു അവർ മൂഢരായിപ്പോയി;

23അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യങ്ങളായി മാറ്റിക്കളഞ്ഞു.

24അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അപമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു.

25ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടാവിനു പകരം സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്നാൽ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.

26അതുകൊണ്ട് ദൈവം അവരെ അപമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ തങ്ങളുടെ സ്വാഭാവികഭോഗത്തെ പ്രകൃതിവിരുദ്ധമാക്കി മാറ്റിക്കളഞ്ഞു.

27അതുപോലെതന്നെ പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർക്ക് തങ്ങളുടെ വക്രതയ്ക്കു യോഗ്യമായ ശിക്ഷ തങ്ങളിൽ തന്നേ ലഭിച്ചു.

28ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ അംഗീകരിക്കാത്തതുകൊണ്ട്; അവൻ അവരെ ക്രമമല്ലാത്തതു ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.

29അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, വഞ്ചന, ദുശ്ശീലം എന്നിവയിൽ മുഴുകിയവർ,

30അപവാദികൾ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,

31ബുദ്ധിഹീനർ, അവിശ്വസ്തർ, വാത്സല്യമില്ലാത്തവർ, കരുണയില്ലാത്തവർ.

32ഇത്തരം കാര്യങ്ങൾ പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവ പ്രവർത്തിക്കുക മാത്രമല്ല അവയെ പ്രവർത്തിക്കുന്നവരെ അംഗീകരിക്കുകയുംകൂടെ ചെയ്യുന്നു.


  Share Facebook  |  Share Twitter

 <<  Romans 1 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran