Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Mark 9 >> 

1പിന്നെ യേശു അവരോടു: “ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

2ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.

3ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിപ്പാൻ കഴിയാതവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി.

4അപ്പോൾ ഏലീയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.

5പത്രൊസ് യേശുവിനോടു: “റബ്ബീ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിനും” എന്നു പറഞ്ഞു.

6താൻ എന്തു പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; ആ ശിഷ്യന്മാരെല്ലാവരും ഭയപരവശരായിരുന്നു.

7പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവന്നു ചെവികൊടുപ്പിൻ” എന്നു മേഘത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.

8പെട്ടെന്നു അവർ ചുറ്റും നോക്കിയപ്പോൾ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.

9അവർ മലയിൽ നിന്നു ഇറങ്ങുമ്പോൾ: “മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു ഉയിർത്തിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു” എന്നു അവൻ അവരോടു കല്പിച്ചു.

10‘മരിച്ചവരിൽനിന്നു ഉയിർക്കുക്’ എന്നത് എന്ത് എന്നു അവർ തമ്മിൽ ചർച്ചചെയ്തുംകൊണ്ടു ആ വാക്കു ഉള്ളിൽ സംഗ്രഹിച്ചു.

11“ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു?” എന്നു അവർ ചോദിച്ചു.

12അതിനു യേശു: “ഏലീയാവു മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ചു: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നതു എങ്ങനെ?

13എന്നാൽ ഏലീയാവു വന്നു; അവനെക്കുറിച്ചു തിരുവെഴുത്തിൽ എഴുതിതുയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു ഉത്തരം പറഞ്ഞു.

14അവർ മറ്റു ശിഷ്യന്മാരുടെ അടുക്കെ മടങ്ങിവന്നപ്പോൾ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു.

15പുരുഷാരം യേശുവിനെ കണ്ട ഉടനെ ഭ്രമിച്ചു; ഓടിവന്നു അവനെ വന്ദിച്ചു.

16അവൻ അവരോടു: “നിങ്ങൾ എന്തിനെക്കുറിച്ചാണ് അവരുമായി തർക്കിക്കുന്നത്?” എന്നു ചോദിച്ചു.

17അതിനു പുരുഷാരത്തിൽ ഒരുത്തൻ: “ഗുരോ, എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു; അവനെ ഊമനായ ഒരു ആത്മാവു ബാധിച്ചിരിക്കുന്നു.

18അത് അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവർക്കു കഴിഞ്ഞില്ല” എന്നു ഉത്തരം പറഞ്ഞു.

19അവൻ അവരോടു: “അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെയിരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു ഉത്തരം പറഞ്ഞു.

20അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു, വായിൽനിന്ന് നുരെച്ചുവന്നു.

21“ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി?” എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവൻ: “ചെറുപ്പംമുതൽ തന്നേ,

22അത് അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ” എന്നു പറഞ്ഞു.

23യേശു അവനോടു: “നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന്നു സകലവും കഴിയും” എന്നു പറഞ്ഞു.

24ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തെ പരിഹരിക്കണമേ” എന്നു പറഞ്ഞു.

25പുരുഷാരം ഓടിക്കൂടുന്നതു കണ്ടിട്ടു യേശു അശുദ്ധാത്മാവിനെ ശാസിച്ചു: “ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു” എന്നു പറഞ്ഞു.

26അപ്പോൾ അതു നിലവിളിച്ച് അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. ‘മരിച്ചുപോയി’ എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.

27യേശു അവനെ കൈക്കു പിടിച്ചു നിവുർത്തി, അവൻ എഴുന്നേറ്റു നിന്നു.

28യേശു വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോടു: “ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞതു എന്തു?” എന്നു ചോദിച്ചു.

29“പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല” എന്നു അവൻ പറഞ്ഞു.

30അവർ അവിടെ നിന്നു പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അവർ എവിടെയാണെന്ന് ആരും അറിയരുതെന്നു അവൻ ഇച്ഛിച്ചു.

31കാരണം അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവൻ അവരോടു: “മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നു പറഞ്ഞു.

32ആ വാക്കുകൾ അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു.

33അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: “നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതെന്ത്?” എന്നു ശിഷ്യന്മാരോടു ചോദിച്ചു.

34അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചിരുന്നതുകൊണ്ടു മിണ്ടാതിരുന്നു.

35അവൻ ഇരുന്നിട്ട് പന്തിരുവരെയും ഒരുമിച്ചുവിളിച്ചു: “ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം” എന്നു പറഞ്ഞു.

36അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിറുത്തി. ആ ശിശുവിനെ തന്റെ കരങ്ങളിൽ എടുത്തുംകൊണ്ടു അവരോടു:

37“ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ സ്വീകരിക്കുന്നു” എന്നു പറഞ്ഞു.

38യോഹന്നാൻ അവനോടു: “ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു” എന്നു പറഞ്ഞു.

39അതിനു യേശു പറഞ്ഞതു: “അവനെ വിരോധിക്കരുതു; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.

40നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കുള്ളവനല്ലോ.

41നിങ്ങൾ ക്രിസ്തുവിന്നുള്ളവരാകകൊണ്ട് ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

42എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലത്.

43നിന്റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:

44അംഗവൈകല്യമുള്ളവനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലത്.

45നിന്റെ കാല് നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:

46മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി നരകത്തിൽ എറിയപ്പെടുതിനെക്കാൾ നിനക്കു നല്ലത്.

47നിന്റെ കണ്ണു നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂഴ്ന്നുകളയുക;

48രണ്ടുകണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു നിനക്കു നല്ലത്.

49എല്ലാവരേയും തീകൊണ്ടു ഉപ്പിടും.

50ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിനു വീണ്ടും രസം വരുത്തും? നിങ്ങളിൽ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.”


  Share Facebook  |  Share Twitter

 <<  Mark 9 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran