Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Mark 6 >> 

1അവൻ അവിടെ നിന്നു പുറപ്പെട്ടു, തന്റെ സ്വദേശത്തിൽ വന്നു; അവന്റെ ശിഷ്യന്മാർ അവനെ അനുഗമിച്ചു.

2ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ വെച്ച് ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: “ഇവന്നു ഈ ഉപദേശങ്ങൾ എവിടെനിന്ന്? ഇവനു കിട്ടിയ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?

3ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ” എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

4യേശു അവരോടു: ഒരു പ്രവാചകൻ തന്റെ ജന്മദേശത്തും ബന്ധുക്കളുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.

5ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‌വാൻ അവനു കഴിഞ്ഞില്ല.

6അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.

7അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.

8അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും യാത്രാസഞ്ചിയും അരപ്പട്ടയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;

9രണ്ടു വസ്ത്രം ധരിക്കരുതു എന്നിങ്ങനെ അവരോടു കല്പിച്ചു.

10“നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ താമസിക്കുവിൻ.

11ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കെതിരെയുള്ള സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ” എന്നും അവരോടു പറഞ്ഞു.

12അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;

13വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണ തേച്ചു സൌഖ്യം വരുത്തുകയും ചെയ്തു.

14ഇങ്ങനെ യേശുവിന്റെ പേര് വളരെ പ്രസിദ്ധമായി, അത് ഹെരോദാരാജാവു കേട്ടു. യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു ചിലർ പറഞ്ഞു.

15അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ ആദ്യകാല പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.

16അതു ഹെരോദാവു കേട്ടപ്പോൾ “ഞാൻ ശിരച്ചേദം ചെയ്ത യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു.

17ഹെരോദാ തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.

18“സഹോദരന്റെ ഭാര്യയെ സ്വന്തമാക്കുന്നതു നിനക്കു വിഹിതമല്ല” എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു.

19ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.

20യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ സംരക്ഷിക്കുകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.

21എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഹെരോദ്യക്ക് ഒരു അവസരം ലഭിച്ചു.

22ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: “മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം” എന്നു രാജാവു ബാലയോടു പറഞ്ഞു.

23എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.

24അവൾ പുറത്തിറങ്ങി അമ്മയോട്: “ഞാൻ എന്തു ചോദിക്കേണം” എന്നു ചോദിച്ചതിന്നു: “യോഹന്നാൻ സ്നാപകന്റെ തല” എന്നു അവൾ പറഞ്ഞു.

25ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: “ഇപ്പോൾ തന്നേ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികയിൽ തരേണം” എന്നു പറഞ്ഞു.

26രാജാവു അതിദുഃഖിതനായി എങ്കിലും തന്റെ ശപഥത്തെയും തന്റെ വിരുന്നുകാരെയും വിചാരിച്ചു അവനു അവളോടു നിഷേധിപ്പാൻ കഴിഞ്ഞില്ല.

27ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.

28അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മയ്ക്കു കൊടുത്തു.

29അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു അവന്റെ മൃതശരീരം എടുത്തു ഒരു കല്ലറയിൽ വെച്ചു.

30അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ ഒരുമിച്ചുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.

31വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു വിശ്രമിപ്പാൻ സമയം ലഭിച്ചിരുന്നില്ല, ഭക്ഷിപ്പാൻ പോലും സമയം ഇല്ലായ്കകൊണ്ടു അവൻ അവരോടു: “നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.

32അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി.

33അവർ പോകുന്നതു പലരും കണ്ടു, അറിഞ്ഞു, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്കു ഓടി, അവർക്കു മുമ്പെ അവിടെ എത്തി.

34അവൻ പടകിൽ നിന്നു കരയ്ക്കിറങ്ങിയപ്പോൾ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.

35പിന്നെ നേരം നന്നേ വൈകിയപ്പോൾ, ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; “ഇതു നിർജ്ജനപ്രദേശം അല്ലോ;

36നേരവും നന്നേ വൈകി; അവർ ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും വാങ്ങേണ്ടതിന്നു അവരെ പറഞ്ഞയക്കേണം” എന്നു പറഞ്ഞു.

37എന്നാൽ അവൻ അവരോടു: “നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്നു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടവന്നു അവർക്കു തിന്മാൻ കൊടുക്കയോ?” എന്നു അവനോടു പറഞ്ഞു.

38അവൻ അവരോടു: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? ചെന്നു നോക്കുവിൻ” എന്നു പറഞ്ഞു; അവർ നോക്കിയിട്ടു: “അഞ്ച് അപ്പവും രണ്ടു മീനും ഉണ്ട്” എന്നു പറഞ്ഞു.

39പിന്നെ അവൻ എല്ലാവരോടും പച്ചപ്പുല്ലിന്മേൽ പന്തിപന്തിയായി ഇരിക്കുവാൻ കല്പിച്ചു.

40അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു.

41അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു.

42അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു.

43അവർ അപ്പക്കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

44അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.

45താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി തനിക്കുമുമ്പേ അക്കരെ ബേത്ത്സയിദെക്കു നേരെ പോകുവാൻ നിർബന്ധിച്ചു.

46അവരെ പറഞ്ഞയച്ചശേഷം താൻ പ്രാർത്ഥിപ്പാൻ മലയിലേക്ക് പോയി.

47വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.

48കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു.

49അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.

50എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: “ധൈര്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.

51പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു നിന്നു; അവർ ഉള്ളിൽ അത്യന്തം ആശ്ചര്യപ്പെട്ടു.

52അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നതുകൊണ്ടു അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചില്ല.

53അവർ അക്കരെ ഗെന്നേസരത്ത് എത്തി പടകു കരയ്ക്കടുപ്പിച്ചു.

54അവർ പടകിൽനിന്നു ഇറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു.

55ആ ജനങ്ങൾ നാട്ടിൽ ഒക്കെയും ഓടിനടന്ന്, അവൻ വരുന്നു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടു അവന്റെ അടുക്കൽ വന്നു തുടങ്ങി.

56ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നേടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവർക്കു ഒക്കെയും സൌഖ്യം വരികയും ചെയ്തു.


  Share Facebook  |  Share Twitter

 <<  Mark 6 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran