Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Mark 16 >> 

1ശബ്ബത്തുനാൾ കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു യേശുവിന്റെ ശരീരം അഭിഷേകം ചെയ്യേണ്ടതിന് സുഗന്ധവർഗ്ഗം വാങ്ങി.

2ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്ത് സൂര്യൻ ഉദിച്ചപ്പോൾ തന്നേ അവർ കല്ലറെക്കൽ ചെന്നു:

3കല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കു വേണ്ടി ആർ കല്ലു ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു.

4അവർ നോക്കിയപ്പോൾ കല്ലു ഉരുട്ടിമാറ്റിയിരിക്കുന്നതായി കണ്ടു; അത് ഏറ്റവും വലുതായിരുന്നു.

5അവർ കല്ലറയ്ക്കു കത്തു കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.

6അവൻ അവരോടു: “ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല, നോക്കൂ അവനെ വെച്ച സ്ഥലം ഇതാ.

7എന്നാൽ നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെവെച്ചു നിങ്ങൾ അവനെ കാണും എന്നു പറവിൻ” എന്നു പറഞ്ഞു.

8അവർക്കു വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ വളരെ ഭയപ്പെട്ടിരുന്നതുകൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല.

9[അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റതിനുശേഷം താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയക്കു ആദ്യം പ്രത്യക്ഷനായി.

10അവൾ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു.

11അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടപ്പോൾ വിശ്വസിച്ചില്ല.

12പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി.

13അവർ പോയി ശേഷമുള്ള ശിഷ്യന്മാരോടു അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല.

14പിന്നീട് ആ പതിനൊന്നുപേർ ഭക്ഷണത്തിന്നിരിക്കുമ്പോൾ യേശു അവർക്കു പ്രത്യക്ഷനായി, ഉയിർത്തെഴുന്നേറ്റതിനുശേഷം തന്നെ കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.

15പിന്നെ അവൻ അവരോടു: “നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.

16വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

17വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും, അവർ പുതുഭാഷകളിൽ സംസാരിക്കും,

18അവരുടെ കൈകളാൽ അവർ സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; അവർ രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൗഖ്യം വരും” എന്നു പറഞ്ഞു.

19ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു, ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.

20അവർ പുറപ്പെട്ടു എല്ലായിടത്തും പ്രസംഗിച്ചു; കർത്താവു അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അത്ഭുതകരമായ അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.]


  Share Facebook  |  Share Twitter

 <<  Mark 16 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran