Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Mark 15 >> 

1അതികാലത്തു മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു. പിന്നെ അവർ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു.

2പീലാത്തൊസ് അവനോടു: “നീ യെഹൂദന്മാരുടെ രാജാവോ?” എന്നു ചോദിച്ചതിന്നു: “നീ അങ്ങനെ പറയുന്നു” എന്നു പറഞ്ഞു.

3മുഖ്യപുരോഹിതന്മാർ അവനെതിരെ അനേകം കുറ്റങ്ങൾ ആരോപിച്ചു.

4പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: “നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിനക്കെതിരെ എന്തെല്ലാം കുറ്റങ്ങൾ ആരോപിക്കുന്നു” എന്നു പറഞ്ഞു.

5യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചര്യപ്പെട്ടു.

6അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്ക പതിവായിരുന്നു.

7എന്നാൽ ഒരു വിപ്ലവത്തിൽ കൊല ചെയ്തവരായ വിപ്ലവക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ തടവിൽ ഉണ്ടായിരുന്നു.

8പുരുഷാരം പീലാത്തൊസിന്റെ അടുക്കൽവന്നു, പതിവുപോലെ ചെയ്യേണം എന്നു അവനോടു അപേക്ഷിച്ചുതുടങ്ങി.

9മുഖ്യപുരോഹിതന്മാർ അസൂയകൊണ്ടാണ് യേശുവിനെ ഏല്പിച്ചത് എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ടു അവരോടു:

10“യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്കു വിട്ടുതരേണം എന്നു ഇച്ഛിക്കുന്നുവോ?” എന്നു ചോദിച്ചു.

11എന്നാൽ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന്നു ചോദിപ്പാൻ മുഖ്യപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

12പീലാത്തൊസ് പിന്നെയും അവരോടു: “എന്നാൽ യെഹൂദന്മാരുടെ രാജാവ്” എന്ന് നിങ്ങൾ വിളിക്കുന്നവനെ ഞാൻ എന്തു ചെയ്യേണം?” എന്നു ചോദിച്ചു.

13“അവനെ ക്രൂശിക്ക” എന്നു അവർ വീണ്ടും നിലവിളിച്ചു.

14പീലാത്തൊസ് അവരോടു: “അവൻ എന്തു ദോഷം ചെയ്തു?” എന്നു പറഞ്ഞപ്പോൾ, “അവനെ ക്രൂശിക്ക” എന്നു അവർ അധികമായി നിലവിളിച്ചു.

15പീലാത്തൊസ് പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു.

16പടയാളികൾ അവനെ അവരുടെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.

17അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു:

18“യെഹൂദന്മാരുടെ രാജാവേ, ജയജയ” എന്നു പറഞ്ഞു വന്ദിച്ചു;

19കോൽകൊണ്ട് അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.

20അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ചു അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.

21അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായ കുറേനക്കാരൻ ശിമോൻ നാട്ടിൻപുറത്തുനിന്നു വന്നു അതുവഴി പോവുകയായിരുന്നു. യേശുവിന്റെ ക്രൂശ് ചുമപ്പാൻ അവർ അവനെ നിർബന്ധിച്ചു.

22തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവർ യേശുവിനെ കൊണ്ടുപോയി;

23കുന്തിരിക്കം കലർത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവൻ അതു കുടിച്ചില്ല.

24അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രങ്ങൾ ഓരോരുത്തരും വിഭാഗിച്ച് എടുക്കേണ്ടതിനു അവർ ചീട്ടിട്ടു.

25അവനെ ക്രൂശിച്ചപ്പോൾ മൂന്നാം മണി നേരമായിരുന്നു.

26‘യെഹൂദന്മാരുടെ രാജാവു’ എന്നിങ്ങനെ അവന്റെമേൽ ചുമത്തിയ കുറ്റം മീതെ എഴുതിവെച്ചിരുന്നു.

27അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.

28[അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.]

29അതുവഴി കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ടു: “ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ,

30നിന്നെത്തന്നേ രക്ഷിച്ചു ക്രൂശിൽ നിന്നു ഇറങ്ങിവാ” എന്നു പറഞ്ഞു അവനെ ദുഷിച്ചു.

31അങ്ങനെതന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ തന്നെത്താൻ രക്ഷിപ്പാൻ ഇവനു കഴിയുന്നില്ല” എന്നു പരസ്പരം പറഞ്ഞു.

32“നമ്മൾ കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ” എന്നു പറഞ്ഞു. അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.

33ആറാം മണിനേരം മുതൽ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലായിടത്തും ഇരുട്ടു ഉണ്ടായി.

34ഒമ്പതാം മണിനേരത്തു യേശു: “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്ത്?” എന്നു അർത്ഥമുള്ള “എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ” എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.

35അരികെ നിന്നവരിൽ ചിലർ കേട്ടിട്ടു: “നോക്കൂ അവൻ ഏലീയാവെ വിളിക്കുന്നു” എന്നു പറഞ്ഞു.

36ഒരുത്തൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: “ഏലീയാവു അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം” എന്നു പറഞ്ഞു അവന്നു കുടിപ്പാൻ കൊടുത്തു.

37അപ്പോൾ യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.

38ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി.

39അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നു പറഞ്ഞു.

40സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ഇളയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.

41അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.

42വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലേദിവസമായ ഒരുക്കനാൾ ആകകൊണ്ടു

43ആലോചനസമിതിയിലെ ബഹുമാന്യനായ ഒരംഗവും, ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസേഫ് ധൈര്യത്തോടെ പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു.

44അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: യേശു മരിച്ചുവോ എന്നു അന്വേഷിച്ചു.

45ശതാധിപനിൽനിന്നു വസ്തുത അറിഞ്ഞശേഷം അവൻ യേശുവിന്റെ ശരീരം യോസേഫിന്നു വിട്ടുകൊടുത്തു.

46അവൻ ഒരു ശീല വാങ്ങി അവനെ കുരിശിൽനിന്ന് താഴെയിറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടീട്ടുള്ള ഒരു കല്ലറയിൽ വെച്ചു, കല്ലറവാതില്ക്കൽ ഒരു കല്ലു ഉരുട്ടിവെച്ചു;

47അവനെ സംസ്കരിച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.


  Share Facebook  |  Share Twitter

 <<  Mark 15 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran