Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Matthew 5 >> 

1യേശു പുരുഷാരത്തെ കണ്ടപ്പോൾ മലയിൽ കയറി; അവിടെ അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.

2അവൻ തിരുവായ്മൊഴിഞ്ഞു അവരെ ഉപദേശിച്ചതുടങ്ങിയത്:

3ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്.

4ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും.

5സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.

6നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർ സംതൃപ്തർ ആകും.

7കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.

8ഹൃദയനിർമ്മലതയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.

9സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.

10നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.

11എന്റെ നിമിത്തം നിങ്ങളെ അപമാനിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.

12സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം മഹത്തരമാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെ ജീവിച്ചിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.

13നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു സ്വാദ് ഇല്ലതെപോയാൽ അതിന് എങ്ങനെ സ്വാദ് വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാനല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.

14നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ സ്ഥാപിച്ചിരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.

15വിളക്കു കത്തിച്ചു കൂടയക്ക് കീഴിലല്ല, പ്രത്യുതാ തണ്ടിന്മേലത്രെ വെക്കുന്നത്; അപ്പോൾ വിളക്ക് വീട്ടിലുള്ള എല്ലാവർക്കും പ്രകാശം കൊടുക്കുന്നു.

16അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

17ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നശിപ്പിക്കേണ്ടതിന്നു വന്നു എന്നു ചിന്തിക്കരുതു; നശിപ്പിക്കുവാനല്ല പൂർത്തിയാക്കുവാനത്രെ ഞാൻ വന്നതു.

18സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും പൂർത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.

19ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു വ്യത്യാസപ്പെടുത്തുകയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ അനുസരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.

20നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

21കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വപിതാക്കൻമാരോട് ആ കാലങ്ങളിൽ അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.

22ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു വിലയില്ലാത്തവൻ എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.

23അതുകൊണ്ട് നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിനക്ക് എതിരായി വല്ലവിരോധവും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ

24നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചിട്ട്, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.

25നിന്റെ പ്രതിയോഗിയോടുകൂടെ ന്യായസ്ഥലത്തേക്കുള്ള വഴിയിൽ ആയിരിക്കുമ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ നിന്നെ കാവൽക്കാരന്റെ പക്കലും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.

26ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.

27വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.

28ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.

29എന്നാൽ വലങ്കണ്ണു നിനക്കു വീഴ്ചവരുത്തുന്നു എങ്കിൽ അതിനെ ചൂഴ്ന്നെടുത്ത് എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.

30വലങ്കൈ നിനക്കു വീഴ്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.

31ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ.

32ഞാനോ നിങ്ങളോടു പറയുന്നതു: വ്യഭിചാരം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെ വ്യഭിചാരിണിയാക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.

33കള്ളസത്യം ചെയ്യരുത് എന്നും സത്യം ചെയ്തതു കർത്താവിന്നു നിവർത്തിക്കേണം എന്നും പൂർവ്വന്മാരോടു ആ കാലങ്ങളിൽ അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.

34ഞാനോ നിങ്ങളോടു പറയുന്നതു: ഒരിക്കലും സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;

35ഭൂമിയെക്കൊണ്ടു അരുതു, അത് അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം

36നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.

37നിങ്ങളുടെ വാക്കു അതെ അതെ, എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.

38കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.

39ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ കരണത്തു അടിക്കുന്നവനു മറ്റേകരണവും തിരിച്ചുകാണിക്ക.

40നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ മേൽകുപ്പായവും വിട്ടുകൊടുക്ക.

41ഒരുത്തൻ നിന്നെ ഒരു മൈൽ ദൂരം പോകുവാൻ നിബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.

42നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.

43അയൽക്കാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.

44ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;

45സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ.

46നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ?

47സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെതന്നെ ചെയ്യുന്നില്ലയോ?

48ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരായിരിക്കേണം.


  Share Facebook  |  Share Twitter

 <<  Matthew 5 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran