Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Matthew 3 >> 

1ആ കാലങ്ങളിൽ യോഹന്നാൻ സ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു:

2സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.

3“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കുകൾ: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.

4യോഹന്നാന്നു ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും തോലുകൊണ്ടുള്ള അരപ്പട്ടയും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.

5അന്ന് യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു

6തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.

7സ്നാനമേൽക്കുന്നതിന്നായി പരീശരിലും സദൂക്യരിലും ഉള്ള പലരും തന്റെ അരികിൽ വരുന്നതു കണ്ടപ്പോൾ യോഹന്നാൻ അവരോടു പറഞ്ഞതു: സർപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതു ആർ?

8മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പീൻ.

9അബ്രഹാം ഞങ്ങൾക്കു പിതാവായുണ്ട് എന്നു നിങ്ങളുടെ ഇടയിൽ പറയുവാൻ ചിന്തിക്കരുതു; ഈ കല്ലുകളിൽ നിന്നു അബ്രഹാമിനു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

10ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.

11ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവ് കൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.

12പാറ്റുവാൻ ഉപയോഗിക്കുന്ന വീശൂമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ മെതിക്കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ ഒരിക്കലും കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.

13അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻനദിയിൽ അവന്റെ അടുക്കൽ വന്നു.

14യോഹന്നാൻ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.

15യേശു പ്രത്യുത്തരമായി യോഹന്നാൻ സ്നാപകനോട്: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നു പറഞ്ഞു; ഉടനെ യോഹന്നാൻ യേശുവിനെ അനുവദിച്ചു.

16യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം അവനായി തുറന്നു ദൈവാത്മാവു പ്രാവെന്നതുപോലെ ഇറങ്ങുന്നതും തന്റെ മേൽ പ്രകടമാകുന്നതും അവൻ കണ്ടു;

17ശ്രദ്ധിക്കുക, ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.


  Share Facebook  |  Share Twitter

 <<  Matthew 3 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran