Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Matthew 28 >> 

1ശബ്ബത്തിനു ശേഷം ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം പ്രഭാതം ആകുന്ന സമയം മഗ്ദലക്കാരത്തി മറിയയും അതെ പേരുള്ള മറ്റൊരു മറിയയും യേശുവിനെ അടക്കം ചെയ്ത കല്ലറ കാണ്മാൻ വന്നു.

2പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കിയതിനുശേഷം അതിന്മേൽ ഇരുന്നിരുന്നു.

3അവന്റെ രൂപം മിന്നലിന്നു സമവും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു.

4കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.

5ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;

6യേശു ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ

7അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നതു പോലെ അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും;

8അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും, കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു:

9നിങ്ങൾക്കു വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്ന് അവന്റെ കാൽപിടിച്ച് അവനെ നമസ്കരിച്ചു.

10യേശു അവരോടു: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.

11അവർ പോകുമ്പോൾ കാവൽക്കാരിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു.

12അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു;

13അവന്റെ ശിഷ്യന്മാർ രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ വന്നു യേശുവിന്റെ ശരീരം മോഷ്ടിച്ചു കൊണ്ടുപോയി എന്നു പറയുവീൻ.

14വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ചു നിങ്ങളെ എല്ലാ ആകുലങ്ങളിൽ നിന്നും വിടുവിച്ചു കൊള്ളാം എന്നു പറഞ്ഞു.

15അവർ പണം വാങ്ങി അവരുടെ നിർദ്ദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.

16എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു നിർദ്ദേശിച്ചിരുന്ന മലയിലേക്കു പോയി.

17അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.

18യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകിയിരിക്കുന്നു.

19അതുകൊണ്ട് നിങ്ങൾ പോയി, സകലജാതികളെയും ശിഷ്യരാക്കുകയും, അവരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനംകഴിപ്പിക്കുകയും ചെയ്യുവിൻ.

20ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും അനുസരിക്കേണ്ടതിനായി ഉപദേശിക്കുകയും ചെയ്യുവിൻ; നോക്കു, ഞാൻ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.


  Share Facebook  |  Share Twitter

 <<  Matthew 28 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran