Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Matthew 23 >> 

1അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:

2ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ സ്ഥാനത്ത് ഇരിക്കുന്നു.

3ആകയാൽ അവർ നിങ്ങളോടു കല്പിക്കുന്ന ഇവ ഒക്കെയും അനുസരിക്കുകയും നിരീക്ഷിക്കുകയും ചെയ്‌വിൻ; അവരുടെ പ്രവർത്തികളെ അനുകരിക്കരുതുതാനും. അവർ കാര്യങ്ങൾ പറയുന്നതല്ലാതെ അവയെ ചെയ്യുന്നില്ലല്ലോ.

4അതെ അവർ ചുമക്കുവാൻ വഹിയാത്ത ഘനമുള്ള ഭാരങ്ങളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; എങ്കിലും ഒരു വിരൽ കൊണ്ടുപോലും അവയെ വഹിക്കുവാൻ അവർക്കു മനസ്സില്ല.

5അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ നെറ്റിപട്ടവീതിയാക്കി വസ്ത്രത്തിന്റെ അരികുകൾ വലുതാക്കുന്നു.

6വിരുന്നു സൽക്കാരങ്ങളിൽ പ്രധാനസ്ഥലവും പള്ളിയിൽ പ്രധാന ഇരിപ്പിടങ്ങളും

7അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു.

8നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.

9ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായവൻ തന്നേ.

10നിങ്ങൾ ഗുരു എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരുനാഥൻ, ക്രിസ്തു തന്നെ.

11നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.

12തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.

13കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരെ, നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾതന്നെ കടക്കുന്നതുമില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. [കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും.]

14കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ നിങ്ങളുടെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു;

15നിങ്ങളുടെ മതത്തിൽ ചേർന്നശേഷം അവനെ നിങ്ങളേക്കാൾ ഇരട്ടി നരകയോഗ്യൻ ആക്കിത്തീർക്കുന്നു.

16കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം; ആരെങ്കിലും മന്ദിരത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെക്കൊണ്ട് സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിന് ബാധ്യസ്ഥൻ എന്നും പറയുന്നു.

17കുരുടരായ മൂഢന്മാരേ, ഏതു വലിയത്? സ്വർണ്ണമോ സ്വർണ്ണത്തെ വിശുദ്ധീകരിച്ച മന്ദിരമോ?

18യാഗപീഠത്തെകൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല; അതിന്മേലുള്ള വഴിപാടിനാൽ സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിനു ബാധ്യസ്ഥൻ എന്നു നിങ്ങൾ പറയുന്നു.

19കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ?

20ആകയാൽ യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലവഴിപാടിനാലും സത്യം ചെയ്യുന്നു.

21മന്ദിരത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ഓർത്ത് സത്യം ചെയ്യുന്നു.

22സ്വർഗ്ഗത്തെക്കൊണ്ട് സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനേയും ഓർത്ത് സത്യം ചെയ്യുന്നു.

23കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കർപ്പൂരതുളസി, അയമോദകം, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കയും ന്യായം, കരുണ, വിശ്വാസം ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. ഇവ ചെയ്കയും അവ ത്യജിക്കാതിരിക്കയും വേണം.

24കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.

25കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പാനപാത്ര താലങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകമേയോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.

26കുരുടനായ പരീശനേ, മുമ്പെ പാനപാത്രതാലങ്ങളുടെ അകംവെടിപ്പാക്കുക; അതിനാൽ അവയുടെ പുറവും വെടിപ്പായിക്കൊള്ളും.

27ശാസ്ത്രിമാരും പരീശന്മാരും കപടഭക്തിക്കാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ള തേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ മനോഹരമായി കാണുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.

28അങ്ങനെതന്നെ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമേയോ കപടഭക്തിയും അതിക്രമവും നിറഞ്ഞവരത്രേ.

29കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു:

30ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരുടെ രക്തം ചൊരിയിക്കുന്നതിൽ അവരോടു കൂടെ പങ്കാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.

31അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.

32പിതാക്കന്മാരുടെ പാപത്തിന്റെ അളവു നിങ്ങൾ പൂരിപ്പിച്ചു കൊൾവിൻ.

33സർപ്പങ്ങളെ, അണലിസന്തതികളേ, നിങ്ങൾ നരകന്യായവിധി എങ്ങനെ ഒഴിഞ്ഞുപോകും?

34അതുകൊണ്ട് ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചാട്ടവാറു കൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേയ്ക്ക് ഓടിക്കയും ചെയ്യും.

35ഇതിന്റെ ഫലമോ നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരും.

36ഇതൊക്കെയും ഈ തലമുറമേൽ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

37യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ ഞാൻ എത്രവട്ടം ആഗ്രഹിച്ചു; നിങ്ങൾക്കോ സമ്മതമായില്ല.

38കാണ്മീൻ, നിങ്ങളുടെ ഭവനം നിങ്ങളെ ഉപേക്ഷിച്ച് ശൂന്യമായിത്തീരും.

39കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.


  Share Facebook  |  Share Twitter

 <<  Matthew 23 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran