Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Matthew 22 >> 

1യേശു പിന്നെയും ഉപമകളിലൂടെ അവരോടു പ്രസ്താവിച്ചതെന്തെന്നാൽ:

2സ്വർഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ ഒരുക്കിയ ഒരു രാജാവിനോടു സദൃശം.

3അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല.

4പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ വിരുന്ന് ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണവിരുന്നിനു വരുവിൻ എന്നു ക്ഷണിച്ചവരോടു പറയിച്ചു.

5എന്നാൽ അവർ അവന്റെ ക്ഷണം ഗൗരവമായി കൂട്ടാക്കിയില്ല ചിലർ തങ്ങളുടെ നിലങ്ങളിലേയ്ക്കും മറ്റുചിലർ തങ്ങളുടെ വ്യാപാരസ്ഥലങ്ങളിലേയ്ക്കും പൊയ്ക്കളഞ്ഞു.

6ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു.

7രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.

8പിന്നെ അവൻ ദാസന്മാരോടു: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.

9ആകയാൽ പെരുവഴികൾചേരുന്ന ഇടങ്ങളിൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിനു വിളിപ്പിൻ എന്നു പറഞ്ഞു.

10ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.

11വിരുന്നുകാരെ നോക്കുവാൻ രാജാവു അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു:

12സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന്നു ഉത്തരം മുട്ടിപ്പോയി.

13രാജാവു തന്റെ ദാസന്മാരോട്: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.

14വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.

15അനന്തരം പരീശന്മാർ ചെന്നു യേശുവിനെ അവന്റെ തന്നെ വാക്കിൽ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു

16അവരുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കൽ അയച്ചു. “ഗുരോ, നീ സത്യവാനും, ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും, മനുഷ്യരുടെ മുഖം നോക്കാത്തവനും, ആരുടെയും അഭിപ്രായത്തിനു വിധേയനാകാത്തവനും, ആണ് എന്നു ഞങ്ങൾ അറിയുന്നു.

17നിനക്കു എന്തു തോന്നുന്നു? കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ” എന്നു പറഞ്ഞുതരേണം.

18യേശു അവരുടെ ദുഷ്ടത അറിഞ്ഞിട്ട്: കപടഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?

19കരത്തിന്നുള്ള നാണയം കാണിപ്പിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശു കൊണ്ടുവന്നു.

20അവൻ അവരോടു: ഇതിലുള്ള പ്രതിശ്ചായയും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിനു കൈസരുടേതു എന്നു അവർ പറഞ്ഞു.

21എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു.

22അവർ ഇത് കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.

23ആ ദിവസം പുനരുത്ഥാനം ഇല്ല എന്നു പറയുന്ന ചില സദൂക്യരും അവന്റെ അടുക്കൽ വന്നു:

24ഗുരോ, ഒരുത്തൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ വിധവയായ സഹോദരഭാര്യയെ വിവാഹം കഴിച്ചു തന്റെ സഹോദരന്നു വേണ്ടി സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.

25എന്നാൽ ഒരിടത്ത് ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യ സഹോദരന്റേതായിത്തീർന്നു.

26രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നെ ചെയ്തു.

27എല്ലാവരും കഴിഞ്ഞിട്ടു ഒടുവിൽ സ്ത്രീയും മരിച്ചു.

28എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും അവൾ ഭാര്യ ആയിരുന്നുവല്ലോ എന്നു ചോദിച്ചു.

29അതിനു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയാത്തതുകൊണ്ടു തെറ്റിപ്പോകുന്നു.

30പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നത്.

31മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ?

32ഞാൻ അബ്രഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, മറിച്ച് ജീവനുള്ളവരുടെ ദൈവമത്രേ.

33പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.

34സദൂക്യരെ അവൻ നിശബ്ദരാക്കിഎന്നു കേട്ടിട്ടു പരീശന്മാർ ഒന്നിച്ചു കൂടി,

35അവരിൽ നിയമപണ്ഡിതനായ ഒരുവൻ:

36ഗുരോ, ന്യായപ്രമാണത്തിൽ ഏറ്റവും മഹത്തരമായ കല്പന ഏത് എന്നു യേശുവിനെ പരീക്ഷിച്ചു ചോദിച്ചു.

37യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം.

38ഇത് മഹത്തരവും, ഒന്നാമത്തേതുമായ കല്പന

39രണ്ടാമത്തേതും അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.

40ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

41പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോടു:

42ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു.

43അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവു എന്നു വിളിക്കുന്നതു എങ്ങനെ?

44“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ.

45ദാവീദ് അവനെ കർത്താവ് എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു.

46അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോടു ഒന്നും ചോദിപ്പാൻ ധൈര്യപ്പെട്ടില്ല.


  Share Facebook  |  Share Twitter

 <<  Matthew 22 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran