Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Matthew 17 >> 

1ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനോടും കൂടെ ഒരു ഉയർന്ന മലയിലേക്കു പോയി,

2അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ തിളങ്ങുന്നതായി തീർന്നു.

3ഇതാ മോശെയും ഏലീയാവും പ്രത്യക്ഷമായി അവനോടു സംസാരിക്കുന്നതും അവർ കണ്ടു.

4അപ്പോൾ പത്രൊസ് യേശുവിനോടു: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.

5അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു, ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവനെ ശ്രദ്ധിപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.

6ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.

7യേശു അടുത്തുചെന്ന് അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.

8അവർ തലപൊക്കിനോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല.

9അവർ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു എന്നു കല്പിച്ചു.

10ശിഷ്യന്മാർ അവനോടു: എന്നാൽ ഏലീയാവാത്രെ മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു.

11അതിന് അവൻ: ഏലീയാവു നിശ്ചയമായും വന്നു സകലവും യഥാസ്ഥാനത്താക്കും.

12എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ തിരിച്ചറിയാതെ തങ്ങൾക്കു ബോധിച്ചതുപൊലെ എല്ലാം അവനോടു ചെയ്തു. അപ്രകാരം മനുഷ്യപുത്രന്നും അവരുടെ കരങ്ങളാൽ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു.

13അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.

14അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി:

15കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ അപസ്മാരരോഗം ബാധിച്ചതു കൊണ്ട് പലപ്പോഴും തീയിലും വെള്ളത്തിലും വീണു കഠിനമായ കഷ്ടത്തിലായ്പോകുന്നു.

16ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൌഖ്യമാക്കുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.

17അതിനു യേശു മറുപടി പറഞ്ഞത് അവിശ്വാസവും ദുഷിച്ചതുമായ തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.

18യേശു ഭൂതത്തെ ശാസിച്ചു, അത് അവനെ വിട്ടുപോയി, ബാലന്നു ആ സമയം മുതൽ സൌഖ്യംവന്നു.

19പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കാൻ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.

20അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;

21നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: നീ ഇവിടെ നിന്നു അവിടേക്കു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

22അവർ ഗലീലയിൽ പാർക്കുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുകയും.

23അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.

24അവർ കഫർന്നഹൂമിൽ എത്തിയാറെ കരം പിരിക്കുന്നവർ പത്രൊസിന്റെ അടുക്കൽ വന്നു: നിങ്ങളുടെ ഗുരു കരം (ദ്വിദ്രഹ്മപ്പണം) കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉണ്ട് എന്നു അവൻ പറഞ്ഞു.

25പത്രോസ് വീട്ടിൽ വന്നപ്പോൾ യേശു ആദ്യം അവനോട്: ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ കരമോ പ്രതിഫലമോ ആരോടു വാങ്ങുന്നു? രാജ്യത്തിലെ അംഗങ്ങളോടോ അതോ പുറത്തുള്ളവരോടോ എന്നു ചോദിച്ചതിന്നു: പുറത്തുള്ളവരോടു എന്നു പത്രോസ് പറഞ്ഞു.

26യേശു അവനോടു: എന്നാൽ രാജ്യത്തിലെ അംഗങ്ങൾ ഒഴിവുള്ളവരല്ലോ.

27എങ്കിലും നാം കരം പിരിക്കുന്നവർക്ക് ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ട ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അത് എടുത്ത് എനിക്കും പത്രോസിനും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.


  Share Facebook  |  Share Twitter

 <<  Matthew 17 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran