Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Matthew 15 >> 

1അതിനുശേഷം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു:

2നിന്റെ ശിഷ്യന്മാർ പൂർവ്വീകരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്ത്? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു

3അവൻ അവരോടു ഉത്തരം പറഞ്ഞതു: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?

4അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.

5എന്നാൽ നിങ്ങൾ പറയുന്നു ആരെങ്കിലും അപ്പനോടോ, അമ്മയോടോ: നിനക്കു എന്നിൽ നിന്നും ലഭിക്കേണ്ടിയിരുന്ന സഹായം എല്ലം ദൈവത്തിനു വഴിപാടായി അർപ്പിച്ചു എന്നു പറഞ്ഞാൽ

6അവൻ അപ്പനെ ബഹുമാനിക്കേണ്ടതായ ആവശ്യമില്ലായെന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായം നിമിത്തം ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു.

7കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:

8“ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.

9മാനുഷകല്പനകളെ അവരുടെ ഉപദേശങ്ങളായി പഠിപ്പിക്കുന്നതുകൊണ്ടു അവർ എന്നെ വ്യർത്ഥമായി ആരാധിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചിരുക്കുന്നത് ഒത്തിരിക്കുന്നു.

10പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: കേട്ടു ഗ്രഹിച്ചു കൊൾവിൻ.

11വായിക്കകത്തു പ്രവേശിക്കുന്നത് മനുഷ്യനെഅശുദ്ധനാക്കുന്നില്ല, മറിച്ച് വായിൽ നിന്നു പുറപ്പെടുന്നതത്രേ; മനുഷ്യനെ അശുദ്ധനാക്കുന്നത്.

12അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ പ്രസ്താവന കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.

13അതിന് അവൻ: സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.

14അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.

15പത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു വിശദീകരിച്ചുതരേണം എന്നു പറഞ്ഞു.

16അതിന് അവൻ പറഞ്ഞതു: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?

17വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?

18വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.

19എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.

20മനുഷ്യനെ അശുദ്ധമാക്കുന്നതു ഈ കാര്യങ്ങളത്രെ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.

21യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു പിൻവാങ്ങിപ്പോയി.

22ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കർത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു ഉറക്കെ നിലവിളിച്ചു പറഞ്ഞു.

23അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ ഉറക്കെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.

24അതിന് അവൻ: യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു.

25എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.

26അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു എറിഞ്ഞുകൊടുക്കുന്നതു നന്നല്ല എന്നു ഉത്തരം പറഞ്ഞു.

27അതിന് അവൾ: അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന ചില നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.

28യേശു അവളോടു: സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികയിൽതന്നെ അവളുടെ മകൾക്കു സൌഖ്യം വന്നു.

29യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു.

30വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നു; അവർ മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായവരെയും മറ്റു പലരോഗികളേയും അവന്റെ അടുക്കൽ, അവന്റെ പാദപീഡത്തിൽതന്നെ കൊണ്ടുവന്നു; അവൻ അവരെ സൌഖ്യമാക്കി.

31ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.

32എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു; ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളുകളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു.

33ശിഷ്യന്മാർ അവനോടു: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ ആവശ്യമായ അപ്പം ഈ വിജനമായ സ്ഥലത്ത് നമുക്കു എവിടെ നിന്നു എന്നു ചോദിച്ചു.

34യേശു അവരോടു നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു ചോദിച്ചതിനു, ഏഴു അപ്പവും, കുറെ ചെറുമീനുകളും ഉണ്ടു എന്നു അവർ പറഞ്ഞു.

35അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു,

36ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.

37എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ അവർ ഏഴു കൊട്ട നിറച്ചെടുത്തു.

38തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.

39പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പടകിൽ കയറി മഗദാ ദേശത്തു എത്തി.


  Share Facebook  |  Share Twitter

 <<  Matthew 15 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran