Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Matthew 13 >> 

1ആ ദിവസം യേശു വീട്ടിൽനിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു.

2വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടുകകൊണ്ടു അവൻ പടകിൽ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയിൽ നിന്നു.

3അവൻ അവരോടു പലതും ഉപമകളിലൂടെ പ്രസ്താവിച്ചതെന്തന്നാൽ: ഇതാ വിതെയ്കുന്ന ഒരുവൻ വിതെപ്പാൻ പുറപ്പെട്ടു.

4വിതെയ്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നുകളഞ്ഞു.

5ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു.

6എന്നാൽ സൂര്യൻ ഉദിച്ചപ്പോൾ ചൂടുതട്ടി, വേര് ഇല്ലായ്കയാൽ അത് ഉണങ്ങിപ്പോയി.

7മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടി മുളെച്ചു വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു.

8മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളവ് നൽകി.

9കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

10പിന്നെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്ന്: പുരുഷാരത്തോടു ഉപമകളായി സംസാരിക്കുന്നതു എന്തുകൊണ്ട് എന്നു ചോദിച്ചു.

11അവൻ അവരോടു ഉത്തരം പറഞ്ഞത്: സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിയുവാനുള്ള പദവി നിങ്ങൾക്കു ലഭിച്ചിരിക്കുന്നു; ഇവർക്കോ ലഭിച്ചിട്ടില്ല.

12ആകയാൽ ഉള്ളവന്നു അധികം കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവന്നുള്ളതും കൂടെ എടുത്തുകളയും.

13അതുകൊണ്ട് അവർ കാണുന്നു എങ്കിലും ഉള്ളതുപോലെ കാണാതെയും കേൾക്കുന്നു എങ്കിലും ഉള്ളതുപോലെ കേൾക്കാതെയും ഉള്ളതുപൊലെ ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു.

14“നിങ്ങൾ കേട്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരു വിധത്തിലും ഗ്രഹിക്കയില്ലതാനും; കണ്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരു വിധത്തിലും മനസ്സിലാക്കുകയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം മങ്ങിപ്പോയിരിക്കുന്നു; അവരുടെ ചെവി കേൾവിനിമിത്തം ഭാരമായിരിക്കുന്നു; അവരുടെ കണ്ണ് അവർ അടച്ചിരിക്കുന്നു; അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും ഞാൻ അവരെ രൂപാന്തരപ്പെടുത്താതെയും സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ”

15എന്നിങ്ങനെ യെശയ്യാവു പറഞ്ഞ പ്രവചനത്തിന്നു അവരിൽ നിവൃത്തിവരുന്നു.

16എന്നാൽ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.

17ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നതു കാണ്മാൻ ആഗ്രഹിച്ചിട്ടു കണ്ടില്ല; നിങ്ങൾ കേൾക്കുന്നതു കേൾപ്പാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

18എന്നാൽ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ.

19ഒരുവൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു മനസ്സിലാക്കാതെ ഇരുന്നാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതെക്കപ്പെട്ടതു റാഞ്ചികൊണ്ടുപോകുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു.

20പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുവൻ വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നു എങ്കിലും തന്നിൽ തന്നെ വേരില്ലാതിരിക്കയാൽ അവന്റെ നിലനില്പ് ക്ഷണികമത്രേ.

21വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു.

22മുൾച്ചെടികൾക്കിടയിൽ വിതെക്കപ്പെട്ടതോ, ഒരുവൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു ഫലമില്ലാത്തവനായി തീരുന്നതാകുന്നു.

23നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുവൻ വചനം കേട്ടു മനസ്സിലാക്കുന്നതു ആകുന്നു; അവൻ വാസ്തവമായി ഫലം നൽകുന്നവനും വർധിപ്പിക്കുന്നവനും ആകുന്നു; ചിലർ നൂറുമേനിയും അതിലധികവും, മറ്റുചിലർ അറുപതും മുപ്പതും മേനിയും വിളയിപ്പിക്കുന്നു.

24അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ കൃഷിസ്ഥലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.

25മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, ഗോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു.

26ഞാറു വളർന്നു കതിരായപ്പോൾ കളയും ദൃശ്യമായ് വന്നു.

27അപ്പോൾ ഭൂവുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, അങ്ങ് വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.

28ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകളയുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു.

29അതിന് ഭൂവുടമ അരുത്, ഒരു പക്ഷേ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും.

30രണ്ടുംകൂടെ കൊയ്ത്തുവരെ വളരട്ടെ; കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും ഗോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.

31മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ വിതച്ച കടുകുമണിയോടു സദൃശം;

32ഈ വിത്ത് അത് എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നപ്പോൾ സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ കൂടു കൂട്ടുവാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.

33അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞത്; “സ്വർഗ്ഗരാജ്യം ഒരു സ്ത്രീ മൂന്നുപറ മാവ് എടുത്ത് എല്ലാം പുളിച്ചുവരുവോളം ചേർത്തുവെക്കുന്ന അൽപ്പംപുളിച്ച മാവിനോടു സദൃശം”

34ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല

35“ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു.

36അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: വയലിലെ കളയുടെ ഉപമ വിവരിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞതു:

37നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ;

38വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ;

39കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ.

40അതുകൊണ്ട് കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും.

41മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു പാപത്തെ ഉളവാക്കുന്ന സകലത്തേയും അധർമ്മം പ്രവർത്തിക്കുന്ന എല്ലാവരെയും കൂട്ടിച്ചേർത്തു

42തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

43അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

44സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.

45പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.

46അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.

47പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക ജീവികളേയും പിടിക്കുന്നതുമായോരു വലയോടു സദൃശം.

48അതു നിറഞ്ഞപ്പോൾ മീൻ പിടുത്തക്കാർ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്തയായവ എറിഞ്ഞുകളഞ്ഞു.

49ഇങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിക്കും.

50അവർ അവരെ തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

51ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന്നു ശിഷ്യന്മാർ അതെ എന്നു പറഞ്ഞു.

52പിന്നെ യേശു അവരോടു: അതുകൊണ്ടു സ്വർഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീർന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽ നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു.

53യേശു ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം അവിടെ നിന്നും പുറപ്പെട്ടു.

54അതിനുശേഷം തന്റെ സ്വന്ത പ്രദേശങ്ങളിൽ പ്രവേശിച്ചു അവിടെയുള്ള ജനങ്ങളെ അവരുടെ പള്ളിയിൽ ഉപദേശിച്ചു. അപ്പോൾ അവർ യേശുവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു: ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു ലഭിച്ചു?

55ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ അല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?

56ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നുലഭിച്ചു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

57യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.

58അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ വളരെ വീര്യപ്രവർത്തികളെ ചെയ്തില്ല.


  Share Facebook  |  Share Twitter

 <<  Matthew 13 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran