Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Matthew 1 >> 

1അബ്രഹാമിന്റെയും ദാവീദിന്റെയും പുത്രനായി ജനിച്ച യേശുക്രിസ്തുവിന്റെ വംശാവലി:

2അബ്രഹാം യിസ്ഹാക്കിന്റെ പിതാവായിരുന്നു; യിസ്ഹാക്ക് യാക്കോബിന്റെ പിതാവായിരുന്നു; യാക്കോബ് യെഹൂദയുടേയും അവന്റെ സഹോദരന്മാരുടെയും പിതാവായിരുന്നു;

3യെഹൂദാ പാരെസിനെയും സാരഹിനേയും താമാറിൽ ജനിപ്പിച്ചു; പാരെസ് ഹെസ്രോന്റെ പിതാവായിരുന്നു; ഹെസ്രോൻ ആരാമിന്റെ പിതാവായിരുന്നു;

4ആരാം അമ്മീനാദാബിന്റെ പിതാവായിരുന്നു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു;

5ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയുടെ പിതാവായിരുന്നു;

6യിശ്ശായി ദാവീദ്‌രാജാവിന്റെ പിതാവായിരുന്നു; ദാവീദ് ഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു;

7ശലോമോൻ രെഹബ്യാമിന്റെ പിതാവായിരുന്നു; രെഹബ്യാം അബീയാവിന്റെ പിതാവായിരുന്നു; അബീയാവ് ആസയുടെ പിതാവായിരുന്നു;

8ആസാ യെഹോശാഫാത്തിന്റെ പിതാവായിരുന്നു; യെഹോശാഫാത്ത് യോരാമിന്റെ പിതാവായിരുന്നു; യോരാം ഉസ്സിയാവിന്റെ പിതാവായിരുന്നു;

9ഉസ്സിയാവു യോഥാമിന്റെപിതാവായിരുന്നു; യോഥാം ആഹാസിന്റെ പിതാവായിരുന്നു; ആഹാസ് ഹിസ്കീയാവിന്റെ പിതാവായിരുന്നു;

10ഹിസ്കീയാവു മനശ്ശെയുടെ പിതാവായിരുന്നു; മനശ്ശെ ആമോസിന്റെ പിതാവായിരുന്നു; ആമോസ് യോശിയാവിന്റെ പിതാവായിരുന്നു;

11യോശീയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.

12ബാബേൽപ്രവാസത്തിനുശേഷം യെഖൊന്യാവു ശെയല്തീയേലിന്റെ പിതാവായിരുന്നു; ശെയല്തീയേൽ സെരുബ്ബാബേലിന്റെ പിതാവായിരുന്നു;

13സെരുബ്ബാബേൽ അബീഹൂദിന്റെ പിതാവായിരുന്നു; അബീഹൂദ് എല്യാക്കീമിന്റെ പിതാവായിരുന്നു; എല്യാക്കീം ആസോരിന്റെ പിതാവായിരുന്നു.

14ആസോർ സാദോക്കിന്റെ പിതാവായിരുന്നു; സാദോക്ക് ആഖീമിന്റെ പിതാവായിരുന്നു; ആഖീം എലീഹൂദിന്റെ പിതാവായിരുന്നു;

15എലീഹൂദ് എലീയാസരിന്റെ പിതാവായിരുന്നു; എലീയാസർ മത്ഥാന്റെ പിതാവായിരുന്നു; മത്ഥാൻ യാക്കോബിന്റെ പിതാവായിരുന്നു.

16യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിന്റെ പിതാവായിരുന്നു. മറിയയിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.

17ഇങ്ങനെ തലമുറകൾ ആകെ അബ്രഹാം മുതൽ ദാവീദ്‌വരെ പതിന്നാലും ദാവീദ്‌മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.

18എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടി യോജിക്കുംമുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു എന്നു മനസ്സിലാക്കി.

19അവളുടെ ഭർത്താവായ യോസേഫ് നീതിമാനായിരുന്നതുകൊണ്ടും അവളെ പരസ്യമായി കളങ്കപ്പെടുത്തുവാൻ അവന്നു മനസ്സില്ലാത്തതു കൊണ്ടും അവളുമായുള്ള വിവഹനിശ്ചയം രഹസ്യമായി അവസാനിപ്പിക്കുവാൻ തീരുമാനിച്ചു.

20ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: “ദാവീദിന്റെ മകനായ യോസേഫേ, മറിയയെ ഭാര്യയായി സ്വീകരിക്കുന്നകാര്യത്തിൽ നീ ഭയപ്പെടേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.

21അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനായി വന്നിരിക്കകൊണ്ടു നീ അവന്റെ പേര് യേശു എന്നു വിളിക്കേണം എന്നു പറഞ്ഞു.”

22“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും”

23കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത കാര്യങ്ങൾ ഇപ്രകാരം നിവർത്തിയായി.

24യോസേഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, തന്റെ ഭാര്യയായി അവളെ സ്വീകരിച്ചു.

25എന്നിരുന്നാലും, മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല. മകന് അവൻ യേശു എന്നു പേർ വിളിച്ചു.


  Share Facebook  |  Share Twitter

 <<  Matthew 1 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran