Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Hebrews 8 >> 

1നാം ഈ പറയുന്നതിന്റെ ഉദ്ദേശം എന്തെന്നാൽ: സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നവനായി,

2വിശുദ്ധസ്ഥലത്തിന്റെയും ദൈവം സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ടു. താൻ കേവലം നശ്വരനായ മനുഷ്യനല്ല.

3ഏതു മഹാപുരോഹിതനും വഴിപാടും യാഗവും അർപ്പിപ്പാനായി നിയമിക്കപ്പെടുന്നു; ആകയാൽ അർപ്പിപ്പാൻ അവശ്യമായും വല്ലതും വേണം.

4എന്നാൽ ക്രിസ്തു ഭൂമിയിൽ ആയിരുന്നെങ്കിൽ ഒരിക്കലും പുരോഹിതൻ ആകയില്ലായിരുന്നു; കാരണം ന്യായപ്രമാണപ്രകാരം വഴിപാട് അർപ്പിക്കുന്ന പുരോഹിതർ ഭൂമിയിൽ ഉണ്ടല്ലോ.

5അവർ സ്വർഗ്ഗീയമായതിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു, “പർവ്വതത്തിൽ നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്‌വാൻ നോക്കുക” എന്നു അരുളിച്ചെയ്തതിനനുസാരമായി മോശെ കൂടാരം തീർപ്പാൻ ആരംഭിച്ചു.

6എന്നാൽ ക്രിസ്തുവോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട മികച്ച ഉടമ്പടിയുടെ മദ്ധ്യസ്ഥനാകയാൽ, അതിന്റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.

7ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമതൊന്നിനു വേണ്ടി ഇടം അന്വേഷിക്കയില്ലായിരുന്നു.

8എന്നാൽ അവൻ അവരുടെ കുറവുകളെ കണ്ട് അരുളിച്ചെയ്യുന്നതു: “ഞാൻ യിസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു കർത്താവിന്റെ അരുളപ്പാട്.

9ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെ അല്ല; അവർ എന്റെ നിയമത്തിൽ നിലനിന്നില്ല; ഞാൻ അവരെ ആദരിച്ചതുമില്ല എന്ന് കർത്താവിന്റെ അരുളപ്പാട്.

10ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.

11ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും ദൈവത്തെ അറിക എന്നു പറഞ്ഞു പഠിപ്പിക്കേണ്ടതില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.

12ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല എന്ന് കർത്താവിന്റെ അരുളപ്പാട്.”

13പുതിയതു എന്നു പറയുന്നതിനാൽ ആദ്യ ഉടമ്പടിയെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം താമസിയാകാതെ ഇല്ലാതെയാകും.


  Share Facebook  |  Share Twitter

 <<  Hebrews 8 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran