Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Hebrews 11 >> 

1എന്നാൽ വിശ്വാസം എന്നതോ, ധൈര്യത്തോടെ ചിലത് പ്രതീക്ഷിക്കുന്ന ഒരുവന്റെ ഉറപ്പാണ്. അത് കാണാൻ കഴിയാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.

2ഇപ്രകാരമല്ലോ പൂർവ്വപിതാക്കന്മാർക്കു തങ്ങളുടെ വിശ്വാസം നിമിത്തം ദൈവത്തിന്റെ അംഗീകാരം ലഭിച്ചത്.

3ഈ പ്രപഞ്ചം ദൈവത്തിന്റെ കൽപ്പനയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നും, നാം കാണുന്ന ഈ ലോകത്തിന്നു, ദൃശ്യമായതല്ല കാരണം, പ്രത്യുതാ പ്രപഞ്ചം ദൈവത്തിന്റെ വചനത്താൽ സൃഷ്ടിക്കപ്പെട്ടു എന്നും നാം വിശ്വാസത്താൽ മനസ്സിലാക്കുന്നു.

4വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു. ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.

5വിശ്വാസത്താൽ ഹനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.

6എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം തന്നെ; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം വാഴുന്നു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടത് ആവശ്യമാകുന്നു.

7വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു മുന്നറിയിപ്പുണ്ടായിട്ട് ദൈവീക ഭയത്തോടെ തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീർത്തു; അങ്ങനെ ആ അനുസരണത്തിന്റെ പ്രവർത്തി നിമിത്തം അവൻ ലോകത്തെ കുറ്റം വിധിക്കയും വിശ്വാസത്താലുള്ള നീതിക്കു അവകാശിയായി തീരുകയും ചെയ്തു.

8വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു പോകുവാനുള്ള വിളികേട്ടപ്പോൾ, അനുസരണത്തോടെ എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.

9വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു പരദേശി എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തു.

10ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി താൻ ദർശനത്തോടെ കാത്തിരുന്നു.

11വിശ്വാസത്താൽ അബ്രഹാമും, സാറയും തങ്ങൾക്ക് ഒരു മകനെ നൽകും എന്നു വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.

12അതുകൊണ്ട് മൃതപ്രായനായവനായ ഈ ഒരുവനിൽനിന്നു തന്നെയാണ്, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതികൾ ജനിച്ചത്.

13ഇവർ എല്ലാവരും വാഗ്ദത്ത നിവൃത്തി പ്രാപിച്ചില്ലെങ്കിലും ദൂരത്തുനിന്നു അത് കണ്ട് സ്വാഗതം ചെയ്തും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞും കൊണ്ടു വിശ്വാസത്തിൽ മരിച്ചു.

14ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അവർക്കായി അന്വേഷിക്കുന്നു എന്നു വ്യക്തമാക്കുന്നു.

15വാസ്തവമായും അവർ വിട്ടുപോന്ന ദേശത്തെ ഓർത്തിരുന്നു എങ്കിൽ മടങ്ങിപ്പോകുവാൻ അവസരം ഉണ്ടായിരുന്നുവല്ലോ.

16പക്ഷെ അവരോ അധികം നല്ല ദേശത്തെ തന്നെ, അതായത് സ്വർഗ്ഗീയമായതിനെ തന്നേ പ്രതീക്ഷിച്ചിരുന്നു; അതുകൊണ്ട് ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.

17വിശ്വാസത്താൽ അബ്രഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. അതെ, വാഗ്ദത്തങ്ങളെ സന്തോഷത്തോടെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ യാഗം അർപ്പിച്ചു;

18മുന്നമേ യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്ന അരുളപ്പാട് അവനു ലഭിച്ചിരുന്നു

19യിസ്ഹാക്കിനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്ന് അബ്രഹാം വിശ്വസിക്കുകയും, മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.

20വിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു.

21വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.

22വിശ്വാസത്താൽ യോസേഫ് താൻ മരിപ്പാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാര്യം ഓർമിപ്പിച്ചു, തന്റെ അസ്ഥികൾ അവരോടൊപ്പം എടുക്കണം എന്ന് കല്പനകൊടുത്തു.

23മോശ ജനിച്ചപ്പോൾ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടിട്ട്, വിശ്വാസത്താൽ രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.

24വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും,

25പകരം പാപത്തിന്റെ അൽപകാലത്തെ സന്തോഷത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു നല്ലതെന്ന് കണ്ട് അത് തിരഞ്ഞെടുക്കുകയും ചെയ്തു.

26ഭാവിയിൽ ലഭിക്കുവാനുള്ള പ്രതിഫലം നോക്കിയതുകൊണ്ടു മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തു നിമിത്തമുള്ള നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.

27വിശ്വാസത്താൽ മോശെ മിസ്രയീം വിട്ടുപോന്നു. അവൻ കാണാനാകാത്ത ദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപത്തെ ഭയപ്പെട്ടില്ല.

28വിശ്വാസത്താൽ അവൻ തങ്ങളുടെ കടിഞ്ഞൂലുകളെ സംഹാരകൻ തൊടാതിരിപ്പാൻ പെസഹ ആചരിക്കുകയും വാതിലുകളിൽ രക്തംതളിക്കുകയും ചെയ്തു.

29വിശ്വാസത്താൽ അവർ ഉണങ്ങിയ നിലത്തു കൂടെ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; അത് മിസ്രയീമ്യർ ചെയ്‌വാൻ നോക്കിയപ്പോൾ ചെങ്കടൽ അവരെ വിഴുങ്ങികളഞ്ഞു.

30വിശ്വാസത്താൽ അവർ ഏഴു ദിവസം യെരീഹോ മതിലിനു ചുറ്റും നടന്നപ്പോൾ മതിൽ ഇടിഞ്ഞുവീണു.

31വിശ്വാസത്താൽ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടതിനാൽ അനുസരണം കെട്ടവരോടു കൂടെ നശിക്കാതിരുന്നു.

32ഇനി ഞാൻ എന്തു പറയേണ്ടു? ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാൻ സമയം പോരാ.

33വിശ്വാസത്താൽ അവർ രാജ്യങ്ങളെ കീഴടക്കി, നീതി പ്രവർത്തിച്ചു, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടച്ചു,

34തീയുടെ ബലം കെടുത്തി, വാൾമുനയിൽ നിന്നും രക്ഷപ്രാപിച്ചു, രോഗത്തിൽ സൗഖ്യം പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായ്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു.

35സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേറ്റതിനാൽ തിരികെ ലഭിച്ചു; മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു മോചനം സ്വീകരിക്കാതെ പീഡനം ഏറ്റു.

36വേറെ ചിലർ പരിഹാസം, ചാട്ടവാർ, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.

37കല്ലേറു ഏറ്റു, ഈർച്ചവാളാൽ രണ്ടായി അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു.

38കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല.

39അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.

40അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.


  Share Facebook  |  Share Twitter

 <<  Hebrews 11 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran