Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Philippians 4 >> 

1അതുകൊണ്ട് എന്റെ പ്രിയരും ഞാൻ കാൺമാൻ ആഗ്രഹിക്കുന്നവരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കർത്താവിൽ ഉറച്ചുനിൽപ്പിൻ, പ്രിയമുള്ളവരേ.

2കർത്താവിൽ ഒരേ മനസ്സോടെയിരിപ്പാൻ ഞാൻ യുവൊദ്യയെയോടും സുന്തുകയെയോടും അഭ്യർത്ഥിക്കുന്നു.

3സാക്ഷാൽ എന്റെ സത്യസന്ധരായ കൂട്ടുവേലക്കാരേ, ആ സ്ത്രീകളെ സഹായിക്കേണം എന്ന് ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി അവർ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ അദ്ധ്വാനിച്ചിരിക്കുന്നു.

4കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു.

5നിങ്ങളുടെ സൗമ്യത സകലമനുഷ്യരും അറിയട്ടെ; കർത്താവ് വരുവാൻ അടുത്തിരിക്കുന്നു.

6ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; പ്രത്യുത എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്.

7എന്നാൽ സകലബുദ്ധിയെയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.

8ഒടുവിൽ, സഹോദരന്മാരേ, സത്യമായത് ഒക്കെയും മാന്യമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും പ്രസാദകരമായത് ഒക്കെയും സല്ക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊൾവിൻ.

9എന്നിൽ പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ള കാര്യങ്ങൾ പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.

10നിങ്ങൾ പിന്നെയും എനിക്ക് വേണ്ടി വിചാരിപ്പാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നേ നിങ്ങൾക്ക് വിചാരമുണ്ടായിരുന്നു. എങ്കിലും സഹായിപ്പാൻ അവസരം കിട്ടിയില്ല.

11ബുദ്ധിമുട്ട് നിമിത്തമല്ല ഞാൻ പറയുന്നത്; എല്ലാ സാഹചര്യത്തിലും സംതൃപ്തിയോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ട്.

12ബുദ്ധിമുട്ടിന്റെ സമയത്ത് എങ്ങനെ ജീവിക്കണം എന്നും സമൃദ്ധിയുടെ സമയത്ത് എങ്ങനെ ജീവിക്കണമെന്നും എനിക്ക് അറിയാം; തൃപ്തനായിരിക്കുന്നതും വിശന്നിരിക്കുന്നതും സമൃദ്ധിയിൽ ഇരിക്കുന്നതും ബുദ്ധിമുട്ട് അനുഭവിക്കുന്നതും എങ്ങനെയെന്ന് ഒരോരോ സാഹചര്യങ്ങളിൽ ഞാൻ മനസിലാക്കിയിരിക്കുന്നു.

13എന്നെ ശക്തനാക്കുന്നവൻമുഖാന്തരം എനിക്ക് എല്ലാം ചെയ്യുവാൻ കഴിയും.

14എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചത് നന്നായി.

15ഫിലിപ്പ്യരേ, സുവിശേഷദൗത്യത്തിന്റെ ആരംഭത്തിൽ ഞാൻ മക്കെദൊന്യയിൽനിന്ന് പുറപ്പെട്ടപ്പോൾ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചെലവുകാര്യത്തിൽ എന്നോട് കൂട്ടായ്മ കാണിച്ചില്ല എന്ന് നിങ്ങളും അറിയുന്നു.

16ഞാൻ തെസ്സലൊനീക്ക്യയിൽ ആയിരുന്നപ്പോൾ പോലും എന്റെ ബുദ്ധിമുട്ട് തീർപ്പാൻ നിങ്ങൾ ഒന്നിലധികം തവണ അയച്ചുതന്നുവല്ലോ.

17ഞാൻ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന പ്രതിഫലം അത്രേ ആഗ്രഹിക്കുന്നത്.

18എനിക്ക് വേണ്ടുന്നതിൽ കവിഞ്ഞ് എല്ലാം ഉണ്ട്; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നത് സൗരഭ്യവാസനയായി ദൈവത്തിന് പ്രസാദമായ ഒരു സ്വീകാര്യയാഗമായി എപ്പഫ്രൊദിത്തൊസിൽനിന്ന് ഞാൻ സ്വീകരിച്ചിരിക്കുന്നു.

19എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ട് ഒക്കെയും തന്റെ മഹത്വത്തിന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ നൽകിത്തരും.

20ഇപ്പോൾ നമ്മുടെ ദൈവവും പിതാവുമായവന് എന്നെന്നേക്കും മഹത്വം. ആമേൻ.

21ക്രിസ്തുയേശുവിലുള്ള ഓരോരുത്തർക്കും വന്ദനം ചെയ്‌വിൻ. എന്നോടുകൂടെയുള്ള സഹോദരന്മാർ നിങ്ങളെ വന്ദനം ചെയ്യുന്നു.

22ക്രിസ്തുവിന്റെ വിശുദ്ധന്മാർ എല്ലാവരും വിശേഷാൽ കൈസരുടെ കൊട്ടാരത്തിലുള്ളവരും നിങ്ങളെ വന്ദനം ചെയ്യുന്നു.

23കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.


  Share Facebook  |  Share Twitter

 <<  Philippians 4 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran