Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Philippians 3 >> 

1ഒടുവിൽ എന്റെ സഹോദരന്മാരേ, കർത്താവിൽ സന്തോഷിപ്പിൻ. അതേ കാര്യം നിങ്ങൾക്ക് പിന്നെയും എഴുതുന്നതിൽ എനിക്ക് മടുപ്പില്ല; അത് നിങ്ങൾക്ക് രക്ഷ നൽകുമല്ലൊ

2നായ്ക്കളെ സൂക്ഷിപ്പിൻ; വഞ്ചകരായ വേലക്കാരെ സൂക്ഷിപ്പിൻ; അംഗച്ഛേദക്കാരെ സൂക്ഷിപ്പിൻ.

3നാമല്ലോ സത്യപരിച്ഛേദനക്കാർ; ദൈവാത്മാവിൽ ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.

4പക്ഷേ എനിക്ക് ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ട്; മറ്റാർക്കെങ്കിലും ജഡത്തിൽ ആശ്രയിക്കാം എന്ന് തോന്നിയാൽ എനിക്കു അധികം;

5എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ച് പരീശൻ;

6ശുഷ്കാന്തി സംബന്ധിച്ച് സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് അനിന്ദ്യൻ.

7എങ്കിലും എനിക്ക് ലാഭമായിരുന്നത് ഒക്കെയും ഞാൻ ക്രിസ്തുനിമിത്തം വിലയില്ലാത്തത് എന്ന് എണ്ണിയിരിക്കുന്നു.

8അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം നഷ്ടങ്ങൾ എന്ന് എണ്ണുന്നു. അവന് വേണ്ടി ഞാൻ എല്ലാം നഷ്ടപ്പെടുത്തി. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന് അവയെ ചവറായി കണക്കാക്കുന്നു.

9ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്തനീതിയല്ല, പ്രത്യുത, ക്രിസ്തുവിലുള്ള വിശ്വാസംമൂലം ദൈവത്തിൽനിന്നുള്ള നീതി തന്നേ ലഭിച്ച്

10എപ്പോഴും അവനിൽ ഇരിക്കേണ്ടതിനും ക്രിസ്തുവിനാലുള്ള രൂപാന്തരത്താൽ അവന്റെ മരണത്തിനോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും

11അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അറിയേണ്ടതിനും അങ്ങനെ എനിക്ക് വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണ്ടതിന് തന്നെ.

12ഈ കാര്യങ്ങൾ ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അത് പിടിക്കാമോ എന്നുവെച്ച് പിന്തുടരുന്നതേയുള്ളു.

13സഹോദരന്മാരേ, ഞാൻ അത് അവകാശമാക്കി എന്ന് നിരൂപിക്കുന്നില്ല.

14എന്നാൽ ഒന്ന് ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ട് ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ പ്രതിഫലത്തിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു.

15നമ്മിൽ തികഞ്ഞവർ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറെ വിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്ക് വെളിപ്പെടുത്തിത്തരും.

16സാഹചര്യം എന്തുതന്നെയായാലും നമ്മൾ ഈ അവസ്ഥയിലേക്ക് വന്നു ചേർന്നതുകൊണ്ട് നമ്മൾ പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചുനടക്കുക.

17സഹോദരന്മാരേ, എന്നോട് ചേർന്ന് എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്ക് കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും സൂക്ഷ്മമായി ശ്രദ്ധിച്ചുക്കൊൾവിൻ.

18ഞാൻ പലപ്പോഴും നിങ്ങളോട് പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന് ശത്രുക്കളായി ജീവിക്കുന്നു എന്ന് ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു.

19അവരുടെ ദൈവം വയറായതുകൊണ്ടും ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്നതു കൊണ്ടും അവരുടെ അവസാനം നാശം; അവർ ഭൂമിയിലുള്ളത് ചിന്തിക്കുന്നു.

20നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെനിന്ന് കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്ന് നാം കാത്തിരിക്കുന്നു.

21അവൻ സകലവും തനിക്ക് കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ട് നമ്മുടെ ബലഹീനമായ ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും.


  Share Facebook  |  Share Twitter

 <<  Philippians 3 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran